19 June Wednesday

ഇടുക്കിയെ മിടുക്കിയാക്കാൻ 5000 കോടി ; പ്രളയസെസ‌് വൈകും

വെബ് ഡെസ്‌ക്‌Updated: Thursday Feb 7, 2019


തിരുവനന്തപുരം
ഇടുക്കി ജില്ലയ‌്ക്ക‌് 5000 കോടി രൂപയുടെ സമഗ്ര പാക്കേജ‌്. തേയില, ചക്ക, പച്ചക്കറി, സുഗന്ധവിളകളായ കുരുമുളക്, ഏലം തുടങ്ങിയവയുടെ  ഉൽപ്പാദനവും  മൂല്യവും  ഉയർത്തുന്നതാണ‌് പദ്ധതി.  മൂന്ന‌ു വർഷംകൊണ്ട‌്   പാക്കേജ‌് നടപ്പാക്കുമെന്ന‌് ധനമന്ത്രി  ടി എം തോമസ‌് ഐസക‌്   നിയമസഭയിൽ പറഞ്ഞു. ഇതിന്റെ ഭാഗമായി  2019–-20 സാമ്പത്തിക വർഷം  1500 കോടിയുടെ പദ്ധതികൾ നടപ്പാക്കും.  മന്ത്രി എം എം മണിയുടെ പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ‌്  സമഗ്രപാക്കേജെന്ന‌്  ധനമന്ത്രി വിശദീകരിച്ചു.

തേയില ബ്രാൻഡ‌് ചെയ്യാനും സ്പൈസസ് പാർക്ക‌് വിപുലീകരിക്കാനും ചക്ക തുടങ്ങിയവയുടെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക് കേന്ദ്രീകൃത വിപണന സംവിധാനമൊരുക്കാനും  ലക്ഷ്യമിടുന്നു. ക്ഷീരസാഗരം മാതൃകയിൽ കന്നുകാലി വളർത്താൻ സമഗ്ര പദ്ധതിയും ബ്രഹ്മഗിരി മാതൃകയിൽ ഇറച്ചി സംസ‌്കരണ യൂണിറ്റും ഇനി ഇടുക്കിക്ക‌് സ്വന്തമാകും.

സംസ്ഥാന ആവിഷ‌്കൃത, കേന്ദ്രാവിഷ്കൃത, തദ്ദേശഭരണ, റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്, കിഫ്ബി എന്നീ സ്രോതസ്സുകളുടെ പദ്ധതികൾ സംയോജിപ്പിച്ചാകും പാക്കേജിന് രൂപംനൽകുക. 2019-–-20ൽ 550 കോടി  സംസ്ഥാന പ്ലാനിൽനിന്നും 100 കോടി കേന്ദ്രാവിഷ്കൃത പദ്ധതികളിൽനിന്നും 350 കോടി തദ്ദേശസ്ഥാപനങ്ങളിൽനിന്നും 250 കോടി കിഫ്ബിയിൽനിന്നും 250 കോടി റീ ബിൽഡ് കേരള തുടങ്ങിയ സ്രോതസ്സുകളിൽനിന്നും അധികമായും ലഭിക്കും. ജില്ലാ പദ്ധതിയെ ഇതിൽ ചേർക്കും.

പരിസ്ഥിതി പരിഗണിച്ചുകൊണ്ടും ജനജീവിതത്തെയും കൃഷിയെയും ഏകോപിപ്പിച്ചുകൊണ്ടുമുള്ള സമീപനമായിരിക്കും  പാക്കേജിനെന്ന‌് ധനമന്ത്രി  പറഞ്ഞു. മണ്ണുപരിശോധന നടത്തി എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് നൽകും. ആവശ്യമായ ജൈവവളം, ജീവാണുവളം, കുമ്മായം, ഡോളോമേറ്റ് തുടങ്ങിയവ കാലവർഷം എത്തുന്നതിനുമുമ്പ‌് ജില്ലയിലെ എല്ലാ കർഷകർക്കും ലഭ്യമാക്കും. പഞ്ചായത്തുകളിൽ കുടുംബശ്രീ, ഹരിതകർമസേന എന്നിവയുടെ പങ്കാളിത്തത്തോടെ ജൈവവളനിർമാണ യൂണിറ്റുകൾ ആരംഭിക്കും. ബ്ലോക്ക് തലത്തിൽ നിലവിലുള്ള വിള ആരോഗ്യകേന്ദ്രങ്ങളിൽ ജീവാണുവള നിർമാണം ആരംഭിക്കും. . നീർത്തടാടിസ്ഥാനത്തിലുള്ള സമഗ്ര ഭൂവിനിമയ ആസൂത്രണം ജനപങ്കാളിത്തത്തോടെ നടപ്പാക്കും. 

ഫാം ടൂറിസത്തിന‌്  ഊന്നൽ നൽകും. മൂന്നാറിലെ ബൊട്ടാണിക്കൽ ഗാർഡന്റെ രണ്ടാം ഘട്ടം, ഇടുക്കി ഡാമിനോട് അനുബന്ധിച്ച് ടൂറിസംവകുപ്പിന്റെ കൈവശമുള്ള ടൂറിസംകേന്ദ്രം, ഹൈഡൽ ടൂറിസം എന്നിവയാണ‌് പ്രധാന പ്രവർത്തനങ്ങൾ.

പ്രളയസെസ‌് വൈകും
തിരുവനന്തപുരം
വിജ്ഞാപനം ചെയ്യുന്ന തീയതി മുതലേ പ്രളയ സെസ‌് പ്രാബല്യത്തിൽ വരികയുള്ളൂവെന്നും അതിനായി  കേരള ചരക്കുസേവന നികുതി നിയമത്തിൽ മാറ്റംവരുത്തുമെന്നും ധനമന്ത്രി നിയമസഭയിൽ അറിയിച്ചു.അഷ്ടമുടിക്കായലിന്റെയും ശാസ്താംകോട്ട കായലിന്റെയും പാരിസ്ഥിതിക പുനഃസ്ഥാപനം റീ ബിൽഡ് കേരളയിൽ പരിഗണിക്കും. ശാസ്താംകോട്ട കായലിന്റെ പുനരുദ്ധാരണത്തിന്  അധിക തുക അനുവദിക്കും. വനിതാ സംവിധായകരുടെ ബജറ്റ‌് സിനിമകൾക്ക് പ്രത്യേക ധനസഹായം നൽകാൻ  മൂന്നു കോടി അനുവദിച്ചു.  

പ്രേംനസീർ, പുനത്തിൽ കുഞ്ഞബ്ദുള്ള തുടങ്ങിയവരുടെ സ‌്മാരകം നിർമിക്കാൻ സ്‌മാരക ഫണ്ടിൽ നിന്ന്‌ പണം കണ്ടെത്തും. എറണാകുളത്ത് പണ്ഡിറ്റ് കെ പി കറുപ്പന്റെ സ്മാരകത്തിനായി 25 ലക്ഷം പ്രത്യേകമായി  ഉൾപ്പെടുത്തി. വെങ്ങാനൂരിൽ അയ്യൻകാളി സ്ഥാപിച്ച സ്കൂൾ സർക്കാർ ഏറ്റെടുത്ത് അയ്യൻകാളി മെമ്മോറിയൽ മോഡൽ റെസിഡൻഷ്യൽ സ്കൂളായി മാറ്റും.

പരിവർത്തിത ക്രൈസ്തവ കോർപറേഷനുള്ള വകയിരുത്തൽ 10 കോടിയിൽ 20 കോടിയാക്കി. ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനത്തിന്റെ  നികുതി നിരക്ക് 28.75 ശതമാനത്തിൽനിന്ന്  അഞ്ച‌ു ശതമാനമായി കുറച്ചു. ഇതുവഴി  നൂറുകോടിരൂപയുടെ നികുതി നഷ്ടം വരുമെന്ന‌് കണക്കാക്കുന്നു.   വൻകിട പദ്ധതികൾ നടപ്പാക്കുന്നതിലൂടെ ഒരു ലക്ഷം കോടിയോളം രൂപ  പൊതുനിക്ഷേപമായി  ലഭിക്കുമെന്ന‌് മന്ത്രി പറഞ്ഞു.

റെയിൽപാതയ‌്ക്ക് 55,000 കോടിയും ജില്ലാ റോഡുകൾ വരെയുള്ളത് ബിഎംബിസി നിലവാരത്തിൽ നവീകരിക്കാൻ 50,000 കോടിയും ആവശ്യമാണ്. മൂലധന നിക്ഷേപത്തിലും പശ്ചാത്തല വികസനത്തിലും വൻകുതിപ്പാണ് ബജറ്റ് ലക്ഷ്യം വയ്ക്കുന്നതെന്നും മൂലധനച്ചെലവിന് ഏറ്റവും കൂടുതൽ വിഹിതം നീക്കിവച്ച ബജറ്റാണിതെന്നും മന്ത്രി   പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top