07 September Saturday

ഇടുക്കി ജലനിരപ്പ്‌ 
55 ശതമാനത്തിലേക്ക്‌ ; മുല്ലപ്പെരിയാറിൽ ഒരടിയോളം 
ഉയർന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


ഇടുക്കി
അതിശക്തമായ മഴ പെയ്‌തതിനെ തുടർന്ന്‌ ഇടുക്കിയിൽ സംഭരണ ശേഷിയുടെ 55 ശതമാനമായി. ഇടുക്കിയിൽ ഒരുദിവസംമാത്രം രണ്ടരയടി വെള്ളമാണ്‌ ഉയർന്നത്‌. നിലവിൽ 2360.56 അടിയായി. പരമാവധിശേഷി 2403 അടിയാണ്‌. മൂലമറ്റത്ത്‌ വൈദ്യുതോൽപാദനം ഉയർത്തി.

ഇടുക്കി പദ്ധതി മേഖലയിൽ 124.4 മില്ലി മീറ്റർ മഴയാണ്‌ ഒരുദിവസം പെയ്‌തത്‌. ഒരുദിവസം സംഭരണിയിലേക്ക്‌ 370.31 ലക്ഷം ഘനമീറ്റർ ഒഴുകിയെത്തുമ്പോൾ ഉൽപാദനശേഷം 77 ലക്ഷം ഘനമീറ്റർ ഒഴുകിപോകുന്നു. ചൊവ്വാഴ്‌ച 11.064 ദശലക്ഷം യൂണിറ്റാണ്‌ വൈദ്യുതോൽപാദനം.  കനത്ത മഴയെ തുടർന്ന്‌ ചെറുകിട സംഭരണികളായ  മാട്ടുപ്പെട്ടി, മൂന്നാർ ഹെഡ് വർക്സ്, കല്ലാർകുട്ടി, ലോവർപെരിയാർ തുടങ്ങിയവ തുറന്നു. പൊന്മുടിയിൽ ഒരു ഷട്ടർ 20 സെന്റീമീറ്ററും കല്ലാർകുട്ടിയിൽ രണ്ട്‌ ഷട്ടറുകളും ഉയർത്തി. ജലനിരപ്പ്‌ ഉയരുന്നതിനാൽ കല്ലാർ, ഇരട്ടയാർ, മലങ്കര സംഭരണികൾ തുറന്നേക്കും. പ്രദേശത്ത് ശക്തമായ മഴ പെയ്‌തതിനാൽ മാട്ടുപ്പെട്ടിയിൽ മൂന്നും മൂന്നാർ ഹെഡ് വർക്‌സ്‌ അണക്കെട്ടിന്റെ മൂന്നും ഷട്ടറുകൾ തുറന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്‌, രാജമല, മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, ഹൈഡൽ പാർക്ക്  എന്നിവ അടച്ചു.

മുല്ലപ്പെരിയാറിൽ ഒരടിയോളം 
ഉയർന്നു
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പ്രദേശങ്ങളിൽ തുടരുന്ന ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഒരടിയോളം വർധിച്ച് ചൊവ്വ രാവിലെ ആറിന് 128.90 അടി എത്തി.
തലേദിവസം ജലനിരപ്പ് 128.15 അടി ആയിരുന്നു. ചൊവ്വ രാവിലെ ആറു വരെയുള്ള 24 മണിക്കൂറിൽ ഓരോ സെക്കൻഡിലും അണക്കെട്ടിലേക്ക് 3216 ഘനയടി വീതം വെള്ളം ഒഴുകിയെത്തിയപ്പോൾ തമിഴ്നാട് 1341 ഘനയടി വീതം കൊണ്ടുപോയി. 24 മണിക്കൂറിനുള്ളിൽ  അണക്കെട്ട് പ്രദേശത്ത് 78.4 മില്ലിമീറ്ററും തേക്കടിയിൽ 44.6 മില്ലിമീറ്ററും കുമളിയിൽ 49 മില്ലിമീറ്ററും മഴപെയ്തു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top