19 January Tuesday

വിജിലൻസും അന്നേപറഞ്ഞു; കുഞ്ഞ്‌ ആളൊരു ‘ഭീകരനെന്ന്‌ ’

റഷീദ‌് ആനപ്പുറംUpdated: Friday Nov 20, 2020

തിരുവനന്തപുരം> വി കെ ഇബ്രാഹിം കുഞ്ഞിന്റെ നേതൃത്വത്തിൽ പൊതുമരാമത്തുവകുപ്പിൽ നടന്നത്‌ തീവെട്ടിക്കൊള്ളയാണെന്ന്‌ വിജിലൻസ്‌ അന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു. മന്ത്രിക്കും പൊതുമരാമത്ത്‌ സെക്രട്ടറിക്കും നൽകാൻ വകുപ്പിൽനിന്ന്‌ ക്വോട്ട നിശ്ചയിച്ച്‌ കോടികൾ പിരിച്ചെന്നാണ്‌ വിജിലൻസ്‌ ഡയറക്ടറായിരുന്ന വിൻസൻ എം പോൾ യുഡിഎഫ്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകിയത്‌. ഒപ്പം ഒമ്പത്‌ ഇനം അഴിമതിയും റിപ്പോർട്ടിൽ അക്കമിട്ട്‌ നിരത്തി. എന്നാൽ, അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഈ റിപ്പോർട്ട്‌ പൂഴ്‌ത്തി. മന്ത്രിക്കും പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജിനുംവേണ്ടി വിവിധ ഡിവിഷനുകളിൽനിന്ന്‌ ചീഫ്‌ എൻജിനിയർ, സൂപ്രണ്ടിങ്‌ എൻജിനിയർ എന്നിവർ ചേർന്ന്‌ പണപ്പിരവ്‌ നടത്തി. ബിൽ തയ്യാറാക്കുമ്പോഴേ കൈക്കൂലിയും നിശ്ചയിച്ച്‌ പൂർത്തിയാക്കാത്ത പണികൾക്കുവരെ തുക പാസാക്കി.

പുതുക്കിയതും പെരുപ്പിച്ചതുമായ എസ്റ്റിമേറ്റ്‌ അനുവദിച്ചു. ടാർ ഉൾപ്പെടെയുള്ളവ മറിച്ചുവിറ്റ്‌ അഴിമതി നടത്തി. പണം വാങ്ങി ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും നിയമനവും നടത്തി. ടെലികോം ആവശ്യങ്ങൾക്ക്‌ റോഡ്‌ കട്ട്‌ ചെയ്യുന്നതിലും മണ്ണിട്ട്‌ നികത്തുന്നതിലും ക്രമക്കേട്‌ നടത്തി എന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. പിരിവിൽ പൊറുതിമുട്ടിയ കരാറുകാർ വിജിലൻസിന്‌ നൽകിയ പരാതിയിലാണ്‌ അന്വേഷണം നടന്നത്‌. ആദ്യം രഹസ്യപരിശോധനയും പിന്നീട്‌ പ്രാഥമിക അന്വേഷണത്തിനും ഉത്തരവിട്ടു. തുടർന്നാണ്‌ കേസെടുത്ത്‌ അന്വേഷിക്കണമെന്ന്‌ ഡിവൈഎസ്‌പി വിജിലൻസ്‌ ഡയറക്ടർക്ക്‌ റിപ്പോർട്ട്‌ നൽകിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top