12 August Wednesday

ആലുവയിൽ രഹസ്യഗ്രൂപ്പ് യോഗം: മകനെ നീക്കില്ലെന്ന് ഉറപ്പുകിട്ടിയതായി ഇബ്രാഹിംകുഞ്ഞ്

സ്വന്തം ലേഖകൻUpdated: Sunday Jul 5, 2020

കൊച്ചി
മുസ്ലിംലീഗ് എറണാകുളം ജില്ലാ കമ്മിറ്റി നൽകിയ പരാതിയിൽ ഉന്നതാധികാര സമിതി നിയോഗിച്ച അന്വേഷണ കമീഷന്റെ ശുപാർശകൾ നടപ്പാക്കില്ലെന്ന് വി കെ ഇബ്രാഹിംകുഞ്ഞ് എംഎൽഎ. എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വി ഇ അബ്ദുൾ ഗഫൂറിനെ മാറ്റില്ലെന്നും ഉന്നതനേതൃത്വം ഉറപ്പു നൽകിയതായും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ലീഗിന്റെ സമുന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയശേഷം ആലുവയിൽ വിളിച്ചുചേർത്ത രഹസ്യഗ്രൂപ്പ് യോഗത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. ശനിയാഴ്ച വൈകിട്ട് ഇബ്രാഹിംകുഞ്ഞിന്റെ ആലുവയിലെ വസതിയിലായിരുന്നു യോഗം.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, സാദിഖലി തങ്ങൾ എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. ഡോ. എം കെ മുനീർ, അബ്ദുൾ റഹിമാൻ രണ്ടത്താണി എന്നിവർ അംഗങ്ങളായ അന്വേഷണ സമിതി കഴിഞ്ഞദിവസം സമർപ്പിച്ച റിപ്പോർട്ടായിരുന്നു വിഷയം. ഇബ്രാഹിംകുഞ്ഞിന്റെ മകനാണ് വി ഇ അബ്ദുൾ ഗഫൂർ. ഇദ്ദേഹത്തെ നീക്കണമെന്നതായിരുന്നു ജില്ലയിലെ വിമത വിഭാഗം സംസ്ഥാന നേതൃത്വത്തിന് നൽകിയ പരാതിയിലെ ആവശ്യം. ഇക്കാര്യം അന്വേഷണ സമിതി റിപ്പോർട്ടിലും ശുപാർശ ചെയ്തിട്ടുണ്ട്. എന്നാൽ, ഗഫൂറിനെ മാറ്റുന്ന പ്രശ്നമില്ലെന്ന് തനിക്ക് ഉറപ്പു ലഭിച്ചതായാണ് ഇബ്രാഹിംകുഞ്ഞ് ഗ്രൂപ്പ്‌ നേതാക്കളുടെ യോഗത്തിൽ പറഞ്ഞത്. സംസ്ഥാന നേതൃത്വം ഒപ്പമുണ്ട്. വിമത വിഭാഗത്തിന്റെ ആവശ്യങ്ങളൊന്നും അവർ അനുവദിക്കില്ലെന്നും തന്നെ പിന്തുണയ്ക്കുന്ന ജില്ലാ നേതാക്കളെ ഇബ്രാഹിംകുഞ്ഞ് ബോധ്യപ്പെടുത്തി.

വി ഇ അബ്ദുൾ ഗഫൂർ, ജില്ലാ ട്രഷറർ എൻ കെ നാസർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ എം ഇബ്രാഹിം, അമീറലി, പി എം എ കരീം, ഷറഫ് മൂപ്പൻ എന്നിവരും മണ്ഡലം കമ്മിറ്റിയിലെ ഇബ്രാഹിംകുഞ്ഞ് അനുകൂലികളും രഹസ്യയോഗത്തിൽ പങ്കെടുത്തു.
ജില്ലാ കമ്മിറ്റിയിൽ ന്യൂനപക്ഷമാണ് ഇബ്രാഹിംകുഞ്ഞ് വിഭാഗം. വ്യാജരേഖ വന്നതോടെ പിന്തുണ വീണ്ടും ഇടിഞ്ഞു. മകനെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയാൽ ജില്ലയിൽ ഗ്രൂപ്പ് ഇല്ലാതാകും. ഈ സാഹചര്യത്തിലാണ് ഗ്രൂപ്പിൽ ആത്മവിശ്വാസം പകരാൻ രഹസ്യയോഗം വിളിച്ചത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top