27 September Monday
കേരളവും മുൻനിര ഐടി ഹബ്ബ്‌

ഐബിഎമ്മിന്റെ പുതിയ ഡെവലപ്മെന്റ് സെന്റർ കൊച്ചിയിൽ; സംസ്ഥാനത്തിൻ്റെ ഐ.ടി മേഖലയ്‌ക്ക്‌ കുതിപ്പു നൽകും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 4, 2021


കൊച്ചി
ലോകത്തെ പ്രധാന ഐടി കമ്പനികളിലൊന്നായ ഐബിഎം അതിന്റെ സുപ്രധാന സോഫ്‌റ്റ്‌വെയർ ലാബുകളിലൊന്ന്‌ കൊച്ചിയിൽ സ്ഥാപിക്കുന്നു. ഇതോടെ കേരളവും  മുൻനിര ഐടി ഹബ്ബാകും.

ഹൈബ്രിഡ് ക്ലൗഡ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്‌ സാങ്കേതികവിദ്യകളിൽ ഗവേഷണത്തിനും സൈബർ സെക്യൂരിറ്റി സോഫ്‌റ്റ്‌വെയർ ടൂളുകളുടെ വികസനത്തിനുമുള്ള ഡെവലപ്‌മെന്റ്‌ സെന്ററാണ്‌ കൊച്ചിയിൽ സ്ഥാപിക്കുന്നത്‌. ആധുനിക സാങ്കേതികവിദ്യകളുപയോഗിച്ച് ക്ലൗഡ്‌ കംപ്യൂട്ടിങ്‌, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (നിർമിത ബുദ്ധി), സെക്യൂരിറ്റി ടൂൾ, അജൈൽ മെത്തഡളോജിസ്‌, ഓട്ടോമേഷൻ, ഡാറ്റ തുടങ്ങിയ മേഖലകളിൽ നൂതന സോഫ്‌റ്റ്‌വെയർ  നിർമിക്കുകയാകും  സെന്ററിന്റെ  പ്രധാന പ്രവർത്തനം.ന്യൂയോർക്ക്‌ ആസ്ഥാനമായ ബഹുരാഷ്‌ട്ര ഐടി ഭീമൻ വിപുലമായ പ്രവർത്തനങ്ങൾ കേരളത്തിൽ ആരംഭിക്കുന്നത് സംസ്ഥാനത്തിന്റെ വിവരസാങ്കേതികവിദ്യാ രംഗത്ത്‌ വലിയ കുതിപ്പാകും. നിലവിൽ ബംഗളൂരു, ഹൈദരാബാദ്‌, പുണെ, ചെന്നൈ എന്നിവിടങ്ങളിലാണ്‌ ഐബിഎം സോഫ്‌റ്റ്‌വെയർ  ലാബുകളുള്ളത്‌. ഒരുമാസത്തിനകം കൊച്ചിയിൽ സെന്ററിന്‌ സ്ഥലം കണ്ടെത്തും.

വർധിക്കും തൊഴിലും  
ഗവേഷണ നേട്ടങ്ങളും
തൊഴിലവസരം വർധിക്കുമെന്നു മാത്രമല്ല  ഗവേഷണ നേട്ടങ്ങൾ  സർക്കാരിനും സ്വകാര്യ സംരംഭങ്ങൾക്കും പ്രയോജനപ്പെടുത്താനുമാകും. കൂടാതെ ഇൻഫൊപാർക്കിന്റെ സാമീപ്യവും  ഐടി സ്‌റ്റാർട്ടപ് വികസനത്തിന്‌  പുതിയവേഗം നൽകും. ഐടി സ്‌റ്റാർട്ടപ് സംരംഭങ്ങളുടെ ദക്ഷിണേന്ത്യയിലെ ആസ്ഥാനമായി മാറുന്ന  കൊച്ചിയിലെ സ്‌റ്റാർട്ടപ് ഹബ്ബ്‌ കളമശേരിയിൽ വികസനത്തിന്റെ രണ്ടാംഘട്ടത്തിലാണ്‌.  സാങ്കേതിക സർവകലാശാലയ്‌ക്കും നിർദിഷ്‌ട ഡിജിറ്റൽ സർവകലാശാലയ്‌ക്കും  സൊഫ്‌റ്റ്‌വെയർ ലാബുമായി സഹകരിക്കാനും സാധിക്കും.  കൂടുതൽ മികച്ച പ്രൊഫഷണലുകളെ  വാർത്തെടുക്കാനും സഹായിക്കും. സോഫ്‌റ്റ്‌വെയർ ലാബ്‌ വരുന്നതോടെ  ലോകനിലവാരത്തിലുള്ള പ്രൊഫഷണൽ മികവ്‌ ഇവിടെ   സൃഷ്‌ടിക്കാനാകുമെന്നും ഇത്‌ കൂടുതൽ തൊഴിലവസരമുണ്ടാക്കുമെന്നും ഐബിഎം ഇന്ത്യ മാനേജിങ്‌ ഡയറക്ടർ സന്ദിപ്‌ പട്ടേൽ പറഞ്ഞു.  കേരളത്തിലെ ഐടി വികസനത്തിനും  ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top