29 February Saturday

ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചത് മനുഷ്യമഹാശ്യംഖലയില്‍; മാതൃകകാട്ടി റിയാസും ഫാത്തിമയും

വെബ് ഡെസ്‌ക്‌Updated: Monday Jan 27, 2020

നിക്കാഖ് കഴിഞ്ഞയുടന്‍ നവദമ്പതികളായ റിയാസും ഫാത്തിമയും ചെറുതുരുത്തിയില്‍ മനുഷ്യമഹാൃശംഖലയില്‍ കണ്ണികളായപ്പോള്‍

ചെറുതുരുത്തി> നിക്കാഹ് കഴിഞ്ഞ് പുതുമാപ്പിളയും മൊഞ്ചത്തിയും  ഹൃദയങ്ങള്‍ ചേര്‍ത്തുവച്ചത്  മനുഷ്യമഹാശ്യംഖലയില്‍ കണ്ണികളായി. നാടിനെ വിണ്ടുകീറാനുള്ള ഛിദ്ര ശക്തികള്‍ക്കെതിരായ പോരാട്ടമാണ് യഥാര്‍ഥ ജീവിതമെന്ന് കൈകള്‍ കോര്‍ത്ത് പിടിച്ചവര്‍ പ്രതിജ്ഞയെടുത്തു.ദേശമംഗലം പടിഞ്ഞാറേതില്‍ മുഹമദിന്റെ മകന്‍ റിയാസ്, ചേലക്കര അന്ത്രോട്ടില്‍ മുഹമദിന്റെ  മകള്‍ ഫാത്തിമ എന്നിവരാണ് ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ കണ്ണികളായത് .

ഞായറാഴ്ച മേപ്പാടം ജുമാ മസ്ജിദിലായിരുന്നു ഇവരുടെ നിക്കാഹ്. നിഖാഹ് കഴിഞ്ഞയുടന്‍ മറ്റുചടങ്ങുകള്‍ ഒഴിവാക്കി എല്‍ഡിഎഫ് സംഘടിപ്പിച്ച മനുഷ്യ മഹാ ശൃംഖലയില്‍ കണ്ണികളാവാന്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കൊപ്പം വരികയായിരുന്നു. ചെറുതുരുത്തിയിലാണ് ഇരുവരും കണ്ണികളായത്. പൗരത്വ ഭേദഗതി നിയമം രാജ്യത്തെ രണ്ടാക്കാന്‍ ഉള്ളതാണ് .ഇതിനെതിരെ മരണംവരെ പോരാടുമെന്ന് റിയാസ് പറഞ്ഞു. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മുസ്ലിം തീവ്രവാദ സംഘടനയായ എന്‍ഡിഎഫും ഇതേ നീക്കമാണ് നടത്തുന്നത്.

  തങ്ങളെപ്പോലുള്ള കൂലിപ്പണിക്കാര്‍ക്ക് വിശപ്പാണ് മുഖ്യപ്രശ്നം.വര്‍ഗീയതക്കെതിരെ പോരടിക്കുന്ന ഇടതുപക്ഷമാണ് നാടിന്റെ ശരി .ഈ തിരിച്ചറിവാണ് ശൃംഖലയില്‍ കണ്ണികളാകാന്‍ എത്തിയതെന്നും റിയാസ്  പറഞ്ഞു. നാടിനു വേണ്ടി പോരാട്ടം തുടരുമെന്നും ഫാത്തിമയും പറഞ്ഞു.

ഫാത്തിമയുടെ സഹോദരിയുടെ മക്കളായ റിസാനി , റിസാന്‍ എന്നിവരും ഇവരോടൊപ്പം കണ്ണികളാകാന്‍ എത്തിയിരുന്നു. ഇരുവരും പ്ലസ് വണ്‍ വിദ്വാര്‍ഥികളാണ്. പൗരത്വത്തിന്‍ പേര് പറഞ്ഞു ഒരു വിഭാഗം ജനതയെ കരുതല്‍ തടങ്കല്‍ അടക്കാനാണ് ഭരണാധികാരികളുടെ നീക്കമെന്ന് റിസാനി പറഞ്ഞു. എന്നാല്‍ 'വിടില്ല ഞങ്ങള്‍ '.  പോരാട്ടങ്ങളില്‍ പങ്കാളികളാവും. മതേതര ശക്തികള്‍ ഒന്നിക്കുന്ന പോരാട്ടത്തില്‍ വിജയം ഉറപ്പാണെന്ന് റിസാനും പറഞ്ഞു.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top