29 February Saturday

മനുഷ്യമഹാശൃംഖലയിലെ അഭൂതപൂർവമായ ജനപങ്കാളിത്തം അഭിമാനകരം: എ വിജയരാഘവൻ

●സ്വന്തം ലേഖകൻUpdated: Monday Jan 27, 2020

തിരുവനന്തപുരം> പൗരത്വ നിയമ ഭേദഗതിക്കെതിരെ എൽ ഡി എഫ്‌ ആഹ്വാനം ചെയ്‌ത മനുഷ്യ മഹാശൃംഖലയിലെ അഭൂതപൂർവമായ ജനപങ്കാളിത്തം അഭിമാനകരമാണെന്ന്‌ എൽ ഡി എഫ്‌ കൺവീനർ എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.മതപരമായി ജനതയെ ഭിന്നിപ്പിക്കുന്ന അനീതിക്കെതിരായി രാജ്യത്താകെ നടക്കുന്ന പോരാട്ടത്തിന്‌ കേരളത്തിന്റെ തെരുവീഥിയിൽ അണിനിരന്ന ദശലക്ഷങ്ങൾ വലിയ കരുത്തും ആവേശവുമാണ്‌ പകർന്നത്‌.

ഏതെങ്കിലും ഒരുവിഭാഗം മാത്രമല്ല, മതനിരപേക്ഷതയും ഭരണഘടനയും സംരക്ഷിക്കണമെന്ന്‌ ആഗ്രഹിക്കുന്ന ജനങ്ങളെല്ലാം പൂർണ മനസ്സോടെ ശൃംഖലയിൽ അണിചേരാൻ ഒഴുകി എത്തുകയായിരുന്നു. ഭൂരിഭാഗം സ്ഥലങ്ങളിലും ശൃംഖല വൻമതിലായി രൂപപ്പെട്ടു. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം ജനസഹ്രസങ്ങളാണ്‌ കണ്ണിചേർന്നത്‌. രാജ്യത്തിന്‌ വേണ്ടിയുള്ള ഈ ചെറുത്ത്‌ നിൽപ്പ്‌ സാർവദേശീയ തലത്തിൽ ശ്രദ്ധിയ്‌ക്കപ്പെട്ടു.

പൗരത്വ വിഷയത്തിൽ കേരളം ഏറ്റെടുത്ത മുൻകൈയുടെ ഏറ്റവും മികവാർന്ന ഒരു ഏടായി മനുഷ്യമഹാശൃംഖലയെ മാറ്റാൻ സഹായിച്ച എല്ലാവരെയും ശൃംഖലയിൽ അണിചേർന്ന ജനലക്ഷങ്ങളെയും എൽ ഡി എഫ്‌  അഭിവാദ്യം ചെയ്യുന്നു. പൗരത്വ നിയമഭേദഗതി പിൻവലിക്കുംവരെ ഈ പോരാട്ടം തുടരാൻ എൽ ഡി എഫ്‌ ജാഗ്രതയോടെ നിലയുറപ്പിക്കും.

രാഷ്ട്രീയ ഭേദമന്യേ അണിനിരന്ന ജനങ്ങൾ നൽകുന്ന സന്ദേശം ഉൾക്കൊള്ളാൻ യു ഡി എഫ്‌ നേതൃത്വം ഇനിയെങ്കിലും തയ്യാറാകണം. യു ഡി എഫ്‌ നേതാക്കളുടെ ആഹ്വാനം തള്ളി അവരുടെ അണികളുടെ വൻ പങ്കാളിത്തം മനുഷ്യമഹാശൃംഖലയിൽ ദൃശ്യമായി. ഈ പങ്കാളിത്തം നൽകുന്ന തിരിച്ചറിവ്‌ കോൺഗ്രസ്‌ മുസ്ലീംലീഗ്‌ നേതൃത്വത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന്‌ ഉറപ്പാണ്‌. മനുഷ്യമഹാശൃംഖല വൻവിജയമാക്കാൻ പ്രയത്‌നിച്ച എല്ലാ പ്രവർത്തകരേയും എൽ ഡി എഫ്‌ അഭിവാദ്യം ചെയ്യുന്നു–- എ വിജയരാഘവൻ പ്രസ്‌താവനയിൽ പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top