28 January Tuesday

‘സർക്കാരിനും ജിസിഡിഎക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല’; പി ആൻഡ്‌ ടി കോളനി നിവാസികൾക്ക്‌ ഭവനസമുച്ചയം ഒരുങ്ങുന്നു

സ്വന്തം ലേഖികUpdated: Thursday Jul 18, 2019

കൊച്ചി > ‘‘നാലരപ്പതിറ്റാണ്ടുനീണ്ട ഞങ്ങളുടെ ദുരിതത്തിന‌് പരിഹാരമാവുകയാണ‌്‌. 2020ലെ ഓണം പുതിയ വീട്ടിലായിരിക്കും ആഘോഷിക്കുക. സർക്കാരിനും ജിസിഡിഎക്കും കൗൺസിലർക്കും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല’’ –-കടവന്ത്ര പി ആൻഡ‌് ടി കോളനിനിവാസി വിജിത പറഞ്ഞു. വിജിതയ‌്ക്ക‌് മാത്രമല്ല ഓമനയ‌്ക്കും ലളിതയ‌്ക്കും സന്തോഷം ഒളിപ്പിക്കാനായില്ല. നിറഞ്ഞ ചിരിയോടെ മറ്റു കോളനി നിവാസികളും കുട്ടികളും അവരോടൊപ്പം ചേർന്നു.

45 വർഷമായി പേരണ്ടൂർ കനാലിന്റെ തീരത്ത‌് പ്രതികൂല സാഹചര്യങ്ങളോട‌് പോരാടി ജീവിക്കുന്ന 85 കുടുംബങ്ങളെ ജിസിഡിഎയാണ‌് ഫോർട്ട‌്കൊച്ചി രാമേശ്വരത്ത‌് നിർമിക്കുന്ന ഭവനസമുച്ചയത്തിൽ പുനരധിവസിപ്പിക്കുന്നത‌്. കോളനിക്കാരുടെതന്നെ ഭാഷ കടമെടുത്താൽ  ‘കട്ടിലിന‌് മുകളിലും താഴെയുമായി തിങ്ങിനിറഞ്ഞാണ‌് ഓരോ കുടുംബത്തിലും ആളുകൾ കഴിയുന്നത‌്’.

സർക്കാരിന്റെ ലൈഫ‌് മിഷൻ പദ്ധതിയുമായി സഹകരിച്ച‌് ഫോർട്ട‌്കൊച്ചി രാമേശ്വരത്തെ ജിസിഡിഎയുടെ 70 സെന്റിലാണ‌് ഫ്ലാറ്റ‌് സമുച്ചയം ഒരുങ്ങുന്നത‌്. കഴിഞ്ഞദിവസം പദ്ധതിക്ക‌് സർക്കാർ ഭരണാനുമതി നൽകി. 10 മാസംകൊണ്ട‌് പണി പൂർത്തിയാക്കാനാണ‌് തീരുമാനമെന്ന‌് ജിസിഡി‌എ ചെയർമാൻ വി സലിം പറഞ്ഞു. 15.84 കോടി രൂപയ‌്ക്കാണ‌് ഭരണാനുമതി. ഇതിൽ 10.56 കോടി രൂപ സർക്കാർ നൽകും. 5.28 കോടി ജിസിഡിഎ കണ്ടെത്തണം. സിഎസ‌്ആർ ഫണ്ട‌് ഉപയോഗിച്ച‌് ഈ തുക കണ്ടെത്താനാണ‌് തീരുമാനം. എഫ‌്എസിടിക്കു കീഴിലെ എഫ‌്ആർബിഎല്ലിനായിരിക്കും നിർമാണ ചുമതല. പ്രീഫാബ‌് രീതിയിലാണ‌് നിർമാണം നടത്തുന്നത‌്. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കാൻ ചെന്നൈ ഐഐടിയോട‌് ആവശ്യപ്പെട്ടു കഴിഞ്ഞു.

ഒരാഴ‌്ചയ‌്ക്കകം രൂപരേഖ ലഭിക്കും. ലഭിച്ചാലുടൻ പൈലിങ‌് ആരംഭിക്കും. ഭൂമിയുടെ ഉടമസ്ഥത ജിസിഡിഎയിൽ നിലനിർത്തിയാണ‌് ഭവനപദ്ധതി യാഥാർഥ്യമാക്കുന്നത‌്. ആറുമാസംമുമ്പ‌് മണ്ണ‌ുപരിശോധന പൂർത്തിയാക്കിയിരുന്നു. തിരുവനന്തപുരം ഗവൺമെന്റ‌് എൻജിനിയറിങ് കോളേജാണ‌് മണ്ണ‌് പരിശോധിച്ചത‌്. 42 മീറ്റർ ആഴത്തിൽ പൈലിങ‌് നടത്താനാണ‌് തീരുമാനം.

37,000 ചതുരശ്ര അടിയാണ‌് മൊത്തം വിസ‌്തീർണം. രണ്ടുകിടപ്പുമുറികളും അടുക്കളയും ഒരു ഹാളും പൊതുവായ ഒരു ടോയ‌്‌ലറ്റും അടങ്ങുന്ന  ഒരു യൂണിറ്റിന‌് 375 ചതുരശ്ര അടിയാണ‌് വിസ‌്തീർണം. ഇതിന‌് 12 ലക്ഷം രൂപയാണ‌് ചെലവ‌് പ്രതീക്ഷിക്കുന്നത‌്. നാലു നിലകളുള്ള രണ്ടു ബ്ലോക്കുകൾ ഭവനസമുച്ചയത്തിൽ ഉണ്ടാകും.
സംസ്ഥാന ശുചിത്വമിഷൻ 2017ൽ നടത്തിയ പരിശോധനയിൽ  കോളനിയിൽ ബയോടോയ‌്‌ലറ്റ‌് പോലും സ്ഥാപിക്കാൻ സാധിക്കില്ലെന്ന‌് കണ്ടെത്തിയിരുന്നു. വെളിയിട വിസർജന വിമുക്ത നഗരമായി കൊച്ചിയെ പ്രഖ്യാപിക്കാൻ ഡിവിഷൻ കൗൺസിലർ ഡോ. പൂർണിമ നാരായൺ വിസമ്മതം പ്രകടിപ്പിച്ചതും  പി ആൻഡ‌് ടി കോളനിയിൽ ടോയ‌്‌ലറ്റ‌് ഇല്ലാത്തതിനാലായിരുന്നു. 2018 ജൂലൈ 31ന‌് സി എൻ മോഹനൻ ജിസിഡിഎ ചെയർമാൻ ആയിരിക്കെ  മുഖ്യമന്ത്രി പിണറായി വിജയനാ‌ണ‌് ഭവനസമുച്ചയത്തിന‌് തറക്കല്ലിട്ടത‌്.


പ്രധാന വാർത്തകൾ
 Top