04 August Tuesday

ഒരു പ്രളയത്തിനും തൊടാനാകില്ല; സര്‍ക്കാര്‍ നല്‍കിയ ഈ വ്യത്യസ്ത ഭവനങ്ങളില്‍ ഇവര്‍ സുരക്ഷിതര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 12, 2019

ചെറുതന പാണ്ടി ചെറുവള്ളി തറയില്‍ ഗോപാലകൃഷ്ണന് കെയര്‍ ഹോം പദ്ധതിയില്‍ നിര്‍മിച്ചു നല്‍കിയ വീട്

ഹരിപ്പാട്>  ശക്തമായ മഴയില്‍ പമ്പ ആര്‍ത്തലച്ചൊഴുകിയപ്പോഴും തീരത്തെ പുതിയവീട്ടില്‍ ഗോപാലകൃഷ്ണനും കുടുംബവും സുരക്ഷിതര്‍. കഴിഞ്ഞ പ്രളയത്തില്‍ വീടുതകര്‍ന്ന ഗോപാലകൃഷ്ണന് കെയര്‍ഹോം പദ്ധതിയിലാണ് വ്യത്യസ്തമായ ഭവനം സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയത്. വെള്ളപ്പൊക്കത്തെ അതിജീവിക്കാനാകും വിധമാണ് വീടിന്റെ നിര്‍മാണം.
 
 കിഴക്ക് പമ്പയാറും പടിഞ്ഞാറ് ലീഡിങ് ചാനലും അതിരിടുന്ന മുടക്കുഴി ദീപിലാണ്  ഗോപാലകൃഷ്ണന്റെ വീട്. ആറ് മീറ്ററുള്ള 12 പില്ലറുകളിലാണ് വീട്. തറനിരപ്പില്‍നിന്ന് എട്ട് അടി ഉയരത്തിലാണ് ഫൗണ്ടേഷന്‍. പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടും രണ്ടുപടിവരെയെ വെള്ളം എത്തിയുള്ളൂ.വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഇനം ഇഷ്ടിക ആന്ധ്രയില്‍നിന്ന് എത്തിച്ചാണ് വീട് നിര്‍മിച്ചത്. മേല്‍ക്കൂര ഒറാലിയം ഷീറ്റുകൊണ്ട് മേഞ്ഞു.

കുട്ടനാട്ടില്‍ കെയര്‍ഹോം പദ്ധതി  പ്രകാരം നിര്‍മിക്കുന്ന വീട്‌

കുട്ടനാട്ടില്‍ കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീട്‌


ചിങ്ങോലി സര്‍വീസ് സഹകരണബാങ്കിന്റെ കെയര്‍ഹോം പദ്ധതിയിലായിരുന്നു വീട്. സംസ്ഥാന ദുരന്തനിവാരണസമിതി അംഗംകൂടിയായ തിരുവനന്തപുരം ഗവ. എന്‍ജിനിയറിങ് കോളജ് പ്രൊഫസര്‍ ഡോ. മനോജാണ് രൂപകല്‍പ്പന. അഞ്ചുലക്ഷം രൂപ സര്‍ക്കാര്‍ നല്‍കി. ബാങ്ക് 3.25 ലക്ഷം രൂപകൂടി അനുവദിച്ചു.

  തൂണിന്‍മേല്‍ ഉയര്‍ന്നു നീല്‍ക്കുന്ന വീടുകള്‍ക്ക് ഒരുവിധപ്പെട്ട വെള്ളക്കെട്ടുകളെയൊക്കെ അതിജീവിക്കാന്‍ കഴിയുമെന്നിപ്പോള്‍ തെളിയുകയാണ്.വെള്ളം പൊങ്ങുമ്പോള്‍ തന്നെ വീട് വിട്ടോടണം എന്ന അരക്ഷിതാവസ്ഥ ഇതോടെ ഒഴിവായി. സ്വകാര്യ വ്യക്തികള്‍ പണിയുന്ന വീടുകളും സുരക്ഷ മുന്‍നിര്‍ത്തി  ഇത്തരത്തിലേക്ക് മാറുകയാണ്

ഇനിയൊരു പ്രളയമോ വെള്ളപ്പൊക്കമോ ഉണ്ടായാല്‍ അതിനെ അതിജീവിക്കാന്‍ കഴിയുന്ന തരത്തില്‍ ഉള്ളതാകണം കേരളത്തിന്റെ പുനര്‍നിര്‍മാണം എന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ്  താഴ്ന്ന പ്രദേശങ്ങളില്‍ വീടുകള്‍ ഉയര്‍ത്തി നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.

പത്തനംതിട്ട- ആലപ്പുഴ ജില്ലകളില്‍ നിരവധി വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്.കെയര്‍ ഹോം പദ്ധതി പ്രകാരം സഹകരണ വകുപ്പ് നിര്‍മിച്ചു നല്‍കുന്ന 2040 വീടുകളില്‍ 1800ഓളം വീടുകള്‍ ഇതുവരെ നിര്‍മാണം പൂര്‍ത്തിയാക്കി ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്. കെയര്‍ ഹോം രണ്ടാം ഘട്ടമായി, കഴിഞ്ഞ പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്കായി 2000 ഫ്‌ളാറ്റുകള്‍ നിര്‍മിച്ചു നല്‍കുവാനുള്ള പദ്ധതിയും സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു വരികയാണ്.

കേരളത്തിന്റെ പുനര്‍നിര്‍മാണം വെറുതെ നടത്തുകയല്ല കേരള സര്‍ക്കാര്‍.ഇനി ഒരു ദുരന്തത്തെ കൂടി നേരിടാന്‍ പ്രാപ്തമാക്കിക്കൊണ്ടാണ് പുനര്‍നിര്‍മാണം നടത്തുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top