തിരുവനന്തപുരം
ആരോഗ്യപ്രവർത്തകരെ ദേഹോപദ്രവം ഏൽപ്പിക്കുന്നവർക്ക് ഏഴുവർഷംവരെ തടവുശിക്ഷ ഉറപ്പാക്കുന്ന ആശുപത്രി സംരക്ഷണനിയമ ഭേദഗതി ഓർഡിനൻസിന് മന്ത്രിസഭയുടെ അംഗീകാരം.
ഇതുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന വിവിധ ഭേദഗതികൾ ഉൾപ്പെടുത്തിയ, 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമഭേദഗതി ഓർഡിനൻസിനാണ് ബുധനാഴ്ച മന്ത്രിസഭായോഗം അംഗീകാരം നൽകിയത്.
അക്രമത്തിനു പ്രേരിപ്പിക്കുകയോ പ്രചോദനം നൽകുകയോ ചെയ്താൽ ആറുമാസംമുതൽ അഞ്ചുവർഷംവരെ തടവും അരലക്ഷംമുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ലഭിക്കും. ദേഹോപദ്രവം ഏൽപ്പിക്കുന്നവർക്ക് ഒരുവർഷംമുതൽ ഏഴുവർഷംവരെ തടവും ഒരുലക്ഷംമുതൽ അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കും. നേരത്തേ പരമാവധി മൂന്നുവർഷം തടവും 50,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
നിയമപരിധിയിൽ പാരാമെഡിക്കൽ വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ, സുരക്ഷാ ജീവനക്കാർ, മാനേജീരിയൽ സ്റ്റാഫുകൾ, ആംബുലൻസ് ഡ്രൈവർമാർ, ഹെൽപ്പർമാർ എന്നിവരെ ഉൾപ്പെടുത്തിയതും പ്രധാന മാറ്റമാണ്. കാലാകാലങ്ങളിൽ സർക്കാർ ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്ന ആരോഗ്യപ്രവർത്തകരും ഭാഗമാകും. ആരോഗ്യ സ്ഥാപനങ്ങളിലെ രജിസ്റ്റർ ചെയ്ത (താൽക്കാലിക രജിസ്‌ട്രേഷൻ ഉൾപ്പെടെയുള്ള) മെഡിക്കൽ പ്രാക്ടീഷണർമാർ, രജിസ്റ്റർ ചെയ്ത നഴ്‌സുമാർ, മെഡിക്കൽ വിദ്യാർഥികൾ, നഴ്‌സിങ് വിദ്യാർഥികൾ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരാണ് നേരത്തേ നിയമത്തിൽ ഉൾപ്പെട്ടിരുന്നത്.
ഇൻസ്‌പെക്ടർ അന്വേഷിക്കും
കേസുകൾ ഇൻസ്‌പെക്ടർ റാങ്കിൽ കുറയാത്ത പൊലീസ് ഓഫീസർ അന്വേഷിക്കും. 60 ദിവസത്തിനകം അന്വേഷണവും സമയബന്ധിതമായി വിചാരണാ നടപടികളും പൂർത്തിയാക്കും. വിചാരണയ്ക്ക് ഓരോ ജില്ലയിലും ഒരു പ്രത്യേക കോടതിയെ നിയോഗിക്കും. പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതും പരിഗണനയിലുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..