Deshabhimani

മഴ ശക്തമാകുന്നു: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 16, 2024, 06:08 PM | 0 min read

കോഴിക്കോട് > സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി പ്രഖ്യാപിച്ചത്. കോഴിക്കോട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളാിലായി തീവ്രമഴയുള്ളതിനാലും നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാലും ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധൻ അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. ജില്ലയിലെ അങ്കണവാടികൾക്കും അവധി ബാധകമാണ്. എന്നാൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല.

വയനാട്ടിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചതായി കളക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്സി പരീക്ഷകൾക്കും അവധി ബാധകമല്ല. മോഡൽ റസിഡൻഷ്യൽ (MRS), നവോദയ സ്കൂളുകൾക്കും അവധി ബാധകമായിരിക്കില്ലെന്ന് കളക്ടർ അറിയിച്ചു.

പാലക്കാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ കേന്ദ്രങ്ങൾ, മദ്രസകൾ, കിൻഡർ ഗാർട്ടനുകൾ എന്നിവ  ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. മേഖല, ജില്ലാതലങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ച പാഠ്യ, പാഠ്യേതര പരിപാടികൾ നടത്തുന്നുണ്ടെങ്കിൽ സംഘാടകർ ഔദ്യോഗികാനുമതി വാങ്ങേണ്ടതും വിദ്യാർത്ഥികളുടെ പൂർണ്ണ സുരക്ഷിതത്വം ഉറപ്പാക്കേണ്ടതുമാണെന്നും കളക്ടർ ഉത്തരവിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home