29 February Saturday
ഹിന്ദുസംഘടനയുടെ പേരിൽ വർഗീയപ്രചാരം

തൃശ്ശൂരിൽ മതപരിവർത്തനം ആരോപിച്ച് ട്രെയിൻ യാത്രികരെ തടഞ്ഞ്‌ ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻUpdated: Friday Jan 24, 2020
തൃശൂർ > ഗുജറാത്തിൽ നിന്നെത്തിയ 30അംഗ സംഘത്തെ മതപരിവർത്തനം ആരോപിച്ച് ഹിന്ദു ഐക്യവേദി പ്രവർത്തകർ തൃശൂർ റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവച്ചു. പൊലീസ് എത്തി രേഖകൾ പരിശോധിച്ചതിന് പിന്നാലെ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘത്തെ വിട്ടയച്ചു. ഗുജറാത്തിലെ വാപിയിൽ നിന്നും 16311 നമ്പർ ശ്രീനഗർ കൊച്ചവേളി എക്സ്പ്രസിൽ എത്തിയ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘത്തെയാണ്  പ്രവർത്തകർ തടഞ്ഞത്. മൂരിയാട് എമ്പറർ ഇമ്മാനുവൽ സഭയുടെ തിരുനാൾ ആഘോഷം കാണുന്നതിന് എത്തിയ സംഘത്തെയാണ്  തടയാനെത്തിയത്.
 
തിരുനാൾ ആഘോഷം കാണാൻ എത്തിയതാണെന്ന് വ്യക്തമാക്കിയ സംഘത്തിന്റെ രേഖകൾ തൃശൂർ റെയിൽവേ പൊലീസും ലോക്കൽ പൊലീസും ചേർന്ന് പരിശോധിച്ചു. തിരിച്ചറിയൽ കാർഡും തിരിച്ചുപോകുന്നതിനുള്ള റെയിൽവേ ടിക്കറ്റ് അടക്കം ഇവരിൽ ഉണ്ടായിരുന്നു. ഒരു മണിക്കൂറിൽ അധികം നീണ്ട പരിശോധനയിൽ മറ്റു പ്രശ്നങ്ങൾ ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് സംഘത്തെ പൊലീസ് പോകാൻ അനുവദിച്ചു. ജില്ലയുടെ വിവിധ ഭാഗത്തുനിന്നുള്ളവർ ഹിന്ദുസംഘടനയുടെ പേരിൽ സ്‌റ്റേഷനിൽ എത്തിയിരുന്നു. പൊലീസ്‌ കാര്യം ധരിപ്പിച്ചതോടെ ഇവർ മടങ്ങി. വർഗീയത പരത്തി  റെയിൽവേ സ്റ്റേഷനിൽ സംഘർഷത്തിനായിരുന്നു ഇവരുടെ ശ്രമം. വിവരമറിഞ്ഞ്‌ പൊലീസ്‌ നിലയുറപ്പിച്ചതോടെ നീക്കംപാളുകയായിരുന്നു. ഗുജറാത്തിലെ സെൽവാസയിൽനിന്ന്‌ ആദിവാസികളായ  500ഓളം പേരെ മതപരിവർത്തനത്തിനായി തൃശൂരിലെത്തിക്കുന്നതായാണ്‌ ചിലർ  വാട്ട്‌സാപ്പ്‌വഴി പ്രചരിപ്പിച്ചത്‌.
പ്രധാന വാർത്തകൾ
 Top