19 April Friday

ഹയർ സെക്കൻഡറി മൂല്യനിർണയം; പ്രതിപക്ഷ അധ്യാപക സംഘടനകളുടെ ബഹിഷ‌്കരണനീക്കം വിദ്യാർഥികളുടെ ഭാവികാണാതെ

വെബ് ഡെസ്‌ക്‌Updated: Monday Mar 25, 2019

തിരുവനന്തപുരം> കുപ്രചാരണം നടത്തി ഹയർ സെക്കൻഡറി പരീക്ഷാ ഉത്തരക്കടലാസ‌് മൂല്യനിർണയം ബഹിഷ‌്കരിക്കാനുള്ള പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നീക്കം ലക്ഷക്കണക്കിന‌്  വിദ്യാർഥികളുടെ ഭാവിവച്ച‌ുള്ള പന്താടൽ. ഏപ്രിൽ ഒന്നുമുതലാണ‌് ഹയർ സെക്കൻഡറി ഉത്തരക്കടലാസ‌് മൂല്യനിർണയം ആരംഭിക്കുന്നത‌്. രണ്ട‌്, മൂന്ന‌് തിയതികളിൽ ക്യാമ്പുകൾ ബഹിഷ‌്കരിക്കുമെന്നാണ‌് പ്രചാരണം. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറിവരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയെ ഒരു കുടക്കീഴിലാക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതിനെതിരെ രാഷ്ട്രീയലക്ഷ്യം മാത്രം മുൻനിർത്തി  കുപ്രചാരണം സംഘടിപ്പിച്ചാണ‌് പ്രതിപക്ഷ സംഘടനകൾ രംഗത്തിറങ്ങിയിരിക്കുന്നത‌്.

സർക്കാർ തീരുമാനിച്ചതും പ്രതിപക്ഷ അധ്യാപക സംഘടനകൾ പ്രചരിപ്പിക്കുന്നതും ഏറെ വ്യത്യാസമുണ്ട‌്. സ‌്കൂൾ–- ഹയർസെക്കൻഡറി ഏകീകരണം കൂടിയാലോചന കൂടാതെ നടപ്പാക്കാൻ തീരുമാനിച്ചിട്ടില്ല. പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച‌് പഠിക്കാൻ സർക്കാർ നിയോഗിച്ച ‌ഖാദർ കമ്മിറ്റി റിപ്പോർട്ട‌് ഫെബ്രുവരി 22ന‌് ചേർന്ന മന്ത്രിസഭായോഗം തത്വത്തിൽ അംഗീകരിക്കുക മാത്രമാണ‌് ചെയ‌്തത‌്. കൂടുതൽ ചർച്ചകൾക്കായി പൊതുവിദ്യാഭ്യാസ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട‌്. എല്ലാ സംഘടനകളുമായി ചർച്ച നടത്തി മുഴുവൻ സംശയങ്ങളും പരിഹരിച്ചശേഷമേ റിപ്പോർട്ട‌് നടപ്പാക്കുകയുള്ളൂവെന്ന‌് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്ന‌് മന്ത്രി സി രവീന്ദ്രനാഥ‌ും  വ്യക്തമാക്കി.

റിപ്പോർട്ടിലെ നിരവധി ശുപാർശകളിൽ ഒന്നുമാത്രമാണ‌് ഹയർ സെക്കൻഡറി ഏകീകരണം. എന്നിട്ടും കുപ്രചാരണവുമായി മുന്നോട്ടുപോകുന്നത‌്  ലോക‌്സഭാ തെരഞ്ഞെടുപ്പിൽ രക്ഷിതാക്കളെ തെറ്റിദ്ധരിപ്പിച്ച‌് മുതലെടുക്കാനാകുമോ എന്ന പ്രതിപക്ഷത്തിന്റ കുടിലതന്ത്രത്തിന്റെ ഭാഗംകൂടിയാണ‌്. തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ചതിനാൽ മൂല്യനിർണയ ക്യാമ്പുകളുടെ പ്രവർത്തന ദിനങ്ങളിൽ വലിയ കുറവ‌് വരും. സ്വാഭാവികമായും ഫലപ്രഖ്യാപനം മുൻവർഷങ്ങളെ അപേക്ഷിച്ച‌് ദിവസങ്ങൾ വൈകുകയും ചെയ്യും. എന്നാൽ, ക്യാമ്പുകൾ ബഹിഷ‌്കരിച്ച‌് മൂല്യനിർണയം അവതാളത്തിലാക്കുകയും ഫലം അനിശ‌്ചിതമായി വൈകുകയും ചെയ‌്താൽ ഉന്നത വിദ്യാഭ്യാസത്തിന‌് പോകുന്നവരെ ബാധിക്കും.


പ്രധാന വാർത്തകൾ
 Top