Deshabhimani

ഉന്നതവിദ്യാഭ്യാസ കോൺക്ലേവ്: ഉദ്യമ 1.0 ഡിസംബർ 7 മുതൽ തിരുവനന്തപുരത്ത്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 05, 2024, 03:41 PM | 0 min read

തിരുവനന്തപുരം> സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ ഹബ്ബാക്കാനുള്ള ലക്ഷ്യത്തിന്റെ ആദ്യപടിയായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് ഉദ്യമ 1.0 ഡിസംബർ ഏഴ് മുതൽ 10 വരെ തിരുവനന്തപുരത്ത് നടക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ഡിസംബർ ഏഴിന് വൈകിട്ട് 3.30ന് തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് ഉദ്ഘാടനം.

ഡിസംബർ എട്ടു മുതൽ പത്തു വരെ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് നൂതന വ്യവസായശാലകൾ, എഞ്ചിനീയറിങ് വിദ്യാഭ്യാസം, ജോലി സാധ്യതകൾ എന്നീ വിഷയങ്ങളിലായി പതിനാറു സെഷനുകളിൽ അറുപതിൽപരം വിദഗ്ധർ നയിക്കുന്ന ചർച്ചകൾ നടക്കും. കേരളത്തിലെ വിവിധ എഞ്ചിനീയറിങ്, പോളിടെക്നിക് കോളേജുകളിൽ നിന്നും നാന്നൂറിൽപരം അദ്ധ്യാപകർ  ചർച്ചകളിൽ പങ്കെടുക്കും.

വിദ്യാർത്ഥികളുടെ നൂതന ഗവേഷണ ഉത്പന്നങ്ങളുടെ പ്രദർശനമേള ഡിസംബർ ഏഴിന് രാവിലെ പത്തു മണിക്ക് പാളയം എൽഎംഎസ് കോമ്പൗണ്ടിലെ സി എസ് ഐ വിമൻസ് സെൻറർ ഓഡിറ്റോറിയത്തിൽ ഉദ്‌ഘാടനം ചെയ്യും. ഈ പ്രദർശനമേള ഡിസംബർ ഒമ്പതിന് വൈകുന്നേരം വരെ തുടരും. പ്രദർശനമേള എല്ലാവർക്കും സൗജന്യമായി കാണാനുള്ള സജ്ജീകരണം ഒരുക്കിയിട്ടുണ്ട്.

സാങ്കേതികവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന വിവിധ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലാപരിപാടികൾ ഡിസംബർ ഏഴിന് ടാഗോർ തിയേറ്ററിലും, 8, 9 തീയതികളിലായി പാളയം പാളയം എൽഎംഎസ് കോമ്പൗണ്ടിലെ സി എസ് ഐ വിമൻസ് സെൻറർ ഓഡിറ്റോറിയത്തിലും വൈകിട്ട് 5.30 മുതൽ 9.30 വരെ ഉണ്ടാകും. ഡിസംബർ പത്തിന് മാസ്കോട് ഹോട്ടലിൽ നടക്കുന്ന IAG Conclave Grand Finale ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. ഉദ്യമ 1.0 കോൺക്ലെയിവിൻ്റെ കൂടുതൽ വിവരങ്ങൾ udyamadtekerala.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

നാലാം വ്യാവസായിക വിപ്ലവത്തിന്റെ അനന്തരഫലമായി ലോകത്താകമാനം തൊഴിൽമേഖല നേരിടുന്ന സങ്കീർണ്ണമായ വെല്ലുവിളികളെ അതിജീവിക്കുവാൻ നിലവിലുള്ള പാഠ്യക്രമങ്ങളും സാങ്കേതികപരിശീലന പരിപാടികളും കാലാനുസൃതമായി പരിഷ്ക്കരിക്കുക എന്ന ലക്ഷ്യത്തോടെ സാങ്കേതികവിദ്യാവിഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പരിപാടിയാണ് ഉദ്യമ 1.0. സാങ്കേതികവിദ്യാഭ്യാസ രംഗത്ത്, വലിയ മാറ്റങ്ങളിലൂടെ അതിവേഗം കടന്നുപോകുന്ന ഈ ഘട്ടത്തിൽ, കാലാനുസൃതമായി വെല്ലുവിളികളെ മറികടന്ന് വ്യവസായവും വിദ്യാഭ്യാസവും തമ്മിലുള്ള അന്തരം എങ്ങനെ ഇല്ലാതാക്കാം എന്നുള്ളതിൽ ഊന്നൽ നൽകിയാണ് ഉദ്യമ 1.0  ഒരുക്കുന്നതെന്നും മന്ത്രി പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home