Deshabhimani

മുണ്ടക്കെെ ദുരന്തം: ചെലവഴിക്കാനുള്ള തുകയുടെ 
കണക്ക്‌ കേന്ദ്രവും സംസ്ഥാനവും നൽകണം : ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 12:24 AM | 0 min read


കൊച്ചി
മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന്‌ ചെലവഴിക്കാൻ കഴിയുന്ന എത്ര രൂപ സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ (എസ്ഡിആർഎഫ്) ഉണ്ടെന്ന് സംസ്ഥാന സർക്കാരും എത്ര രൂപ അനുവദിച്ചുവെന്ന് കേന്ദ്രവും ശനിയാഴ്ച കൃത്യമായി അറിയിക്കണമെന്ന് ഹൈക്കോടതി. പുനരധിവാസത്തിനും പുനർനിർമാണത്തിനും അനുവദിച്ച തുക എത്രയെന്നും അത് വിനിയോഗിക്കാൻ അനുവദിച്ചിട്ടുണ്ടോ എന്നതിലുമാണ് കേന്ദ്രം വ്യക്തത വരുത്തേണ്ടത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ഫിനാൻസ് ഓഫീസർ ഹാജരായി കണക്ക് ബോധിപ്പിക്കണമെന്നും നിർദേശിച്ചു. വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിൽ ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാർ, സി പി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി എയർലിഫ്റ്റ് ചെയ്തതിനുള്ള ബിൽ സംസ്ഥാനം ആദ്യം നൽകണമെന്നും പിന്നീട് അത് തിരിച്ചുകിട്ടുമെന്നും കേന്ദ്രം വിശദീകരിച്ചപ്പോൾ, തുക ചെലവഴിക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളുടെ പേരിൽ മറ്റൊരു ദുരന്തം ഉണ്ടാക്കരുതെന്ന് കോടതി പറഞ്ഞു. മുൻകൂട്ടി അറിയിച്ചല്ല ഒരു ദുരന്തവും ഉണ്ടാകുന്നത്. ഇരകൾക്ക് എത്രയുംവേഗം ആശ്വാസമെത്തിക്കാനുള്ള ശ്രമങ്ങളാണ് വേണ്ടത്. പണം നേരിട്ട് നൽകുന്നതും സംസ്ഥാനം ചെലവഴിച്ചശേഷം പിന്നീട്‌ നൽകുന്നതും തമ്മിൽ വ്യത്യാസമുണ്ട‍്– കോടതി പറഞ്ഞു.

അടിയന്തരസഹായമായി ദേശീയ ദുരന്തനിവാരണഫണ്ടിൽനിന്ന് 153.467 കോടി നൽകാൻ തീരുമാനിച്ചതായി കേന്ദ്രം പറയുമ്പോൾത്തന്നെ ഇത് ഉപയോഗിക്കുന്നതിൽ നിബന്ധന വച്ചത് ശരിയല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. എസ്ഡിആർഎഫിൽ നീക്കിയിരിപ്പുള്ള 782.99 കോടി രൂപയിൽ കേന്ദ്രവിഹിതത്തിന്റെ 50 ശതമാനം വയനാട്ടിൽ ചെലവഴിക്കണമെന്നാണ് കേന്ദ്ര നിബന്ധന.

എസ്ഡിആർഎഫിലേക്ക് കേന്ദ്രവിഹിതമായി വർഷത്തിൽ അനുവദിക്കുന്ന തുകയായ 291 കോടി രണ്ടുഗഡുക്കളായി നൽകിയതല്ലാതെ ഒരു രൂപപോലും വയനാടിന് അടിയന്തരസഹായമായി അനുവദിച്ചിട്ടില്ല. സംസ്ഥാനത്താകെയുണ്ടാകുന്ന ദുരന്തങ്ങളിൽ ചെലവിടാനുള്ള എസ്ഡിആർഎഫ് തുക വയനാട്ടിൽമാത്രമായി ഉപയോഗിക്കാനാകില്ലെന്ന് സംസ്ഥാനം നേരത്തേ അറിയിച്ചതാണ്. എസ്ഡിആർഎഫിലെ തുക വിനിയോഗിക്കുന്നതിലെ സാങ്കേതികതടസ്സങ്ങളും സംസ്ഥാനം ഉന്നയിച്ചു.
ദുരന്തത്തിന്‌ ഇരയായവരുടെ വ്യക്തിഗതവായ്-പകൾ എഴുതിത്തള്ളുന്നതിലും കേന്ദ്രം അനുകൂലനിലപാട്‌ എടുത്തിട്ടില്ല. വിദഗ്ധരടങ്ങിയ പ്രത്യേകസംഘം പുനരുദ്ധാരണത്തിനും പുനരധിവാസത്തിനുമടക്കം തയ്യാറാക്കിയ 2219 കോടിയുടെ പ്രത്യേക സഹായത്തിനുള്ള റിപ്പോർട്ട് കേന്ദ്രത്തിന്റെ മുന്നിലുണ്ട്. അതിലും തീരുമാനമായിട്ടില്ലെന്ന് സർക്കാർ അറിയിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home