17 September Tuesday

ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ഗ്രേസ് മാർക്ക‌് നിർത്തലാക്കണമെന്ന‌് ഹർജി: ഹൈക്കോടതി വിശദീകരണം തേടി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2019

കൊച്ചി‌> ഹയർ സെക്കൻഡറി വിദ്യാർഥികളുടെ മോഡറേഷനൊപ്പം ഗ്രേസ് മാർക്ക് സംവിധാനവും നിർത്തലാക്കണമെന്നാവശ്യപ്പെട്ട് നൽകിയ അപ്പീലിൽ സർക്കാർ അടക്കമുള്ള എതിർകക്ഷികൾക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. 2017ൽ കേന്ദ്ര സർക്കാർ വിളിച്ചു ചേർത്ത യോഗത്തിലെ തീരുമാനങ്ങൾ മുഴുവൻ  നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട കരവാളൂർ സ്വദേശി റോഷൻ ജേക്കബ് അടക്കം മൂന്ന് വിദ്യാഥികളാണ് അപ്പീൽ ഹർജി നൽകിയത്.

കേരള സിലബസിലെ ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് മാർക്ക് മോഡറേഷൻ നിർത്തണമെന്ന കേന്ദ്ര സർക്കാർ യോഗത്തിലെ തീരുമാനം നാലു മാസത്തിനകം നടപ്പാക്കാൻ ഇവർ നൽകിയ ഹർജിയിൽ സിംഗിൾബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, ഗ്രേസ് മാർക്ക് ഉൾപ്പെടെയുള്ളവ കൂടി നിർത്തലാക്കണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീലുമായി ഡിവിഷൻബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.

വിവിധ സിലബസുകളിലുള്ള ഹയർ സെക്കൻഡറി വിദ്യാർഥികളോടുള്ള  വിവേചനം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ 2017 ഏപ്രിൽ 24ന് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ സെക്രട്ടറിമാരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. ഇതിൽ മോഡറേഷൻ നൽകുന്നത് അവസാനിപ്പിക്കാൻ മറ്റു സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിമാർ സമ്മതിച്ചെങ്കിലും കേരളം ഒരു വർഷം കൂടി സമയം തേടി. എന്നാൽ, 2018 ഏപ്രിൽ 24ന് അനുവദിച്ച കാലാവധി കഴിഞ്ഞിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് അപ്പീലിൽ പറയുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top