20 August Tuesday

ഹൈവേ പൊലീസ‌് വാഹനങ്ങളിൽ വിജിലൻസ‌് പരിശോധന: വൻ ക്രമക്കേട‌് കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Sunday Mar 10, 2019

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം > സംസ്ഥാനത്തെ ഹൈവേ പൊലീസ് വാഹനങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. അനധികൃത പണമടക്കം നിരിവധി ക്രമക്കേട‌് കണ്ടെത്തി.  ഉദ്യോഗസ്ഥർ രാത്രികാലങ്ങളിൽ ഭാരം കയറ്റിവരുന്ന വാഹനങ്ങളെതടഞ്ഞ് പണപ്പിരിവ് നടത്തുന്നതായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ  ശനിയാഴ‌്ച  പുലർച്ചെ രണ്ടുമുതൽ 47 ഹൈവേ പൊലീസ് വാഹനങ്ങളിലും വിജിലൻസ് മിന്നൽ പരിശോധന നടത്തി.

 ചില ഹൈവേ പട്രോൾ വാഹനങ്ങളിലെ ഉദ്യോഗസ്ഥർ  ഇടറോഡുകളിലേക്ക‌് വാഹനങ്ങൾ മാറ്റിയിട്ട് ഉറങ്ങുന്നതായും  കണ്ടെത്തി. ചില വാഹനങ്ങളിൽനിന്ന‌് മറ്റു ഡ്രൈവർമാരുടെ ഡ്രൈവിങ‌് ലൈസൻസ്, ആധാർ കാർഡ് തുടങ്ങിയവയും പിടിച്ചെടുത്തു. മലപ്പുറം–-വഴിക്കടവ‌്  റൂട്ടിൽ പട്രോളിങ‌് നടത്തിയ 12 –-ാം നമ്പർ ഹൈവേ പട്രോളിങ‌്  വാഹനത്തിൽനിന്ന‌് 4222 രൂപയും ആലപ്പുഴ–- -ഓച്ചിറ റൂട്ടിൽ വന്ന 33–-ാം നമ്പർ വാഹനത്തിൽനിന്ന‌് 2500 -രൂപ സിഗരറ്റ് പാക്കറ്റിൽ ഒളിപ്പിച്ച നിലയിലും തിരുവല്ല -വടശ്ശേരിക്കര റൂട്ടിൽ 31 –-ാം  നമ്പർ വാഹനത്തിൽനിന്ന‌് 2000 - രൂപയും  പത്തനംതിട്ടയിൽ  31 –-ാം  നമ്പർ വാഹനത്തിൽനിന്ന‌് 2000  - രൂപ വാഹനത്തിന്റെ ഫ്ലോർ മാറ്റിനടിയിൽ ഒളിപ്പിച്ച നിലയിലും  കണ്ടെത്തി. തട്ടത്തുമലയിൽ  37 –-ാം നമ്പർ വാഹനത്തിൽനിന്ന‌് 900  രൂപയും കൊല്ലം തെന്മല ഭാഗത്ത് 36 –-ാം നമ്പർ വാഹനത്തിൽനിന്ന‌് 900 രൂപയും അങ്കമാലി- കൂത്താട്ടുകുളം റൂട്ടിൽ 25 –-ാംനമ്പർ വാഹനത്തിൽനിന്ന‌് 800 രൂപയും  കോട്ടയം ഏറ്റുമാനൂർ ഭാഗത്ത് 28 –-ാം നമ്പർ വാഹനത്തിൽനിന്ന‌് 310  -രൂപയും  വയനാട്- ബത്തേരിയിൽ 6 –-ാം   നമ്പർ വാഹനത്തിൽനിന്ന‌് 100 രൂപയും ഉൾപ്പെടെ 14,000 രൂപയോളം വിജിലൻസ് കണ്ടെത്തി.
  
കരുനാഗപ്പള്ളി- പുതുകാവ് റൂട്ടിൽ 34–ാം -വാഹനത്തിലെയും തിരുവനന്തപുരം കഴക്കൂട്ടം വെട്ടുറോഡ് ഭാഗത്തെ 39 –-ാം നമ്പർ വാഹനത്തിലെയും കോഴിക്കോട് കൊയിലാണ്ടി ഭാഗത്തെ 7 –-ാം  നമ്പർ വാഹനത്തിലെയും മലപ്പുറം കൊണ്ടോട്ടി ഭാഗത്തെ 11 –-ാം  നമ്പർ വാഹനത്തിലെയും മുഴുവൻ ഉദ്യോഗസ്ഥരും അവരുടെ റൂട്ടുകളിൽനിന്നും മാറ്റി ഇട റോഡുകളിലേക്ക‌് വാഹനം പാർക്ക് ചെയ്ത് ഉറങ്ങുന്നതായി  കണ്ടെത്തി.
  
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ഭാഗത്ത് പട്രോളിങ‌് നടത്തിവന്ന 40 –-ാം  നമ്പർ ഹൈവേ പട്രോൾ വാഹനത്തിന്റെ ഡ്രൈവർ, വിജിലൻസ് സംഘത്തെ കണ്ടയുടൻ വാഹനത്തിൽ കൂടെയുണ്ടായിരുന്ന എസ്ഐയെയും സംഘത്തെയും ഉപേക്ഷിച്ച് അപകടകരമായ വേഗത്തിൽ വാഹനവുമായി കടന്നു.പിന്നീട് വിജിലൻസ് സംഘം വിളിച്ചുവരുത്തി വാഹനം പരിശോധിച്ചപ്പോൾ വാഹനത്തിൽനിന്ന‌് മുഴുവൻ തുകയും മാറ്റപ്പെട്ടതായും  കണ്ടെത്തി.

തൃശൂർ വടക്കാഞ്ചേരിയിൽ 22–-ാം നമ്പർ വാഹനത്തിലെ
ഡ്യൂട്ടി ഓഫീസറായ സബ് ഇൻസ്പെക്ടറെ മദ്യപിച്ചനിലയിലും വിജിലൻസ് കണ്ടെത്തി. കൂടാതെ തൃശൂർ  കുളത്തൂർ മേഖലയിൽ പട്രോൾ നടത്തുന്ന 18–-ാം നമ്പർ ഹൈവേ പട്രോൾ വാഹനത്തിൽനിന്ന‌് അനധികൃതമായി സൂക്ഷിച്ച  നാല‌്  ഡ്രൈവിങ‌് ലൈസൻസുകളും ഒരു ആധാർ കാർഡും വിജിലൻസ് കണ്ടെത്തി. മിന്നൽ പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകളെപ്പറ്റി വിശദമായറിപ്പോർട്ട്‌ സർക്കാരിനു കൈമാറുമെന്ന് വിജിലൻസ് എഡിജിപി  അനിൽ കാന്ത്   അറിയിച്ചു.


പ്രധാന വാർത്തകൾ
 Top