19 September Saturday

ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തരുത്; കിംവദന്തികളുടെ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020

കൊച്ചി> കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്തുന്ന തരത്തില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് ഹൈക്കോടതി. ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ മാത്രം പരാമര്‍ശിച്ചു വാര്‍ത്തകള്‍ നല്‍കുന്നത് കോവിഡ് നിവാരണ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം നഷ്ടപെടുത്തുമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വിലയിരുത്തി .

കേട്ടുകേള്‍വിയുടെയും കിംവദന്തികളുടെയും മാത്രം അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ നല്‍കരുത് . സംഭവത്തിനു പിന്നിലെ യാഥാര്‍ത്ഥവസ്തുതകള്‍ കണ്ടെത്തി സത്യസന്ധമായി വേണം വാര്‍ത്തകള്‍ നല്‍കേണ്ടതെന്നും കോടതി പറഞ്ഞു. കോവിഡ് പരിശോധനയുമായി ബന്ധപെട്ടു തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തരത്തില്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തതിനു മലയാളം ചാനലായ 24 മേധാവി ശ്രീകണ്ഠന്‍ നായര്‍ക്കും വിവരങ്ങള്‍ പങ്കുവെച്ച ഡോക്ടര്‍ സിനു ശ്യാമളനും മുന്‍കൂര്‍ ജാമ്യം അനുവദിച്ചാണ് കോടതി നടപടി .

പത്രപ്രവര്‍ത്തനം ജനങ്ങളെ ബോധവത്കരിക്കുന്നതിനു വേണ്ടിയാവണമെന്നും അവരില്‍ തെറ്റുദ്ധാരണകള്‍ പരത്തുന്നതാവരുതെന്നുമുള്ള മഹാത്മാ ഗാന്ധിയുടെ വാക്കുകള്‍ മാധ്യമ പ്രവര്‍ത്തകര്‍ വിസ്മരിക്കരുത്.

വ്യക്തികളുടെ സല്‍പ്പേര് കളങ്കപ്പെടുത്തുന്ന വാര്‍ത്തകള്‍ സമീപകാലത്തു ഏറെ ഉണ്ടായിട്ടുണ്ടെന്നും തെറ്റായ വാര്‍ത്ത നല്‍കിയശേഷം തിരുത്തും ക്ഷമാപണവും നല്‍കിയതുകൊണ്ടു പ്രയോജനം ഇല്ലെന്നും അവ ശ്രദ്ധിക്കാതെ പോകുമെന്നും കോടതി ചൂണ്ടിക്കാട്ടി .

പത്രപ്രവര്‍ത്തനരംഗത്തെ അതികായരായ സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെയും കേസരി ബാലകൃഷ്ണ പിള്ളയുടെയും മാതൃക പുതുതലമുറയിലെ മാധ്യമ പ്രവര്‍ത്തകര്‍ പിന്തുടരണമെന്നും കോടതി അഭിപ്രായപ്പെട്ടൂ .

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top