13 August Thursday

ഏറ്റവും യോഗ്യമായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നാണ് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കുന്നത്‌; സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിട്ടില്ല: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Dec 7, 2019

തിരുവനന്തപുരം> ഹെലിക്കോപ്റ്റര്‍ നല്‍കാന്‍ ഏറ്റവും യോഗ്യമായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുമാണ് വാടകയ്‌ക്കെടുക്കുന്നതെന്ന് മുഖ്യമന്ത്രി പിണാറായി വിജയന്‍. സംസ്ഥാനത്തിന്റെ ആവശ്യകത കണക്കിലെടുത്താണ് ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്‌. പൊലീസിന് വേണ്ടിയാണ് ഇത്തരത്തില്‍ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പവന്‍ഹാന്‍സ് ലിമിറ്റഡില്‍ നിന്നാണ് ഇരട്ട എഞ്ചിനുള്ള ഹെലിക്കോപ്റ്റര്‍ വാടകയ്‌ക്കെടു ക്കുന്നത്‌. കേരളാ പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്താന്‍ ഉദ്ദേശിച്ചുതന്നെയാണ് ഇത് ചെയ്തത്.

വിശദമായി ചര്‍ച്ച ചെയ്ത ശേഷമുള്ള തീരുമാനമാണിത്. രാജ്യത്തെ പല സംസ്ഥാനങ്ങള്‍ക്കും പവന്‍ ഹാന്‍സ് ഹെലിക്കോപ്റ്റര്‍ നല്‍കിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാരടങ്ങുന്ന ഉന്നത സമിതിയാണ് ഇതുമായി ബന്ധപ്പെട്ട പരിശോധന നടത്തിയത്. അവരാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.

വിശദമായ പഠനത്തിനും സര്‍വേയ്ക്കും ശേഷമാണ് സര്‍ക്കാര്‍ തീരുമാനം അംഗീകരിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ വിദഗ്ധര്‍ അടങ്ങിയ ടെക്‌നിക്കല്‍ കമ്മറ്റിയുടെ പഠനത്തിനും സര്‍വേയ്ക്കും ശേഷമാണ് അംഗീകാരം നല്‍കിയത്‌. അതിനൊക്കെ ശേഷമാണ് 11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലിക്കോപ്റ്റര്‍ വേണമെന്ന് തീരുമാനമെടുത്തതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വകാര്യ കമ്പനികളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സംസ്ഥാനത്തിന്റെ ആവശ്യത്തിന് ഇണങ്ങുന്ന ഉറപ്പുള്ള സേവനം കേന്ദ്ര സിവില്‍ വ്യോമയാന വകുപ്പിന്റെ കമ്പനിയില്‍ നിന്നും ലഭ്യമാക്കുകയാണ് ചെയ്തത്.ഇതിന്റെ വ്യവസ്ഥയനുസരിച്ച് അനുബന്ധ ഉപകരണങ്ങള്‍ ക്രൂ, ഇന്ധനം, അറ്റകുറ്റപ്പണികള്‍, സ്റ്റാഫിന്റെ പരിപാലനം, സുരക്ഷ തുടങ്ങി വിവിധ കാര്യങ്ങള്‍ പരിശോധിച്ചാണ് നിരക്കുള്‍പ്പെടെയുള്ള തീരുമാനത്തിലെത്തിയത്.

ത്രിപുര, സിക്കിം, മേഘാലയ, മിസോറാം,മഹാരാഷ്ട്ര, ഹിമാചല്‍ പ്രദേശ് ആസാം; ലക്ഷദ്വീപ്, ആന്‍ഡമന്‍ നിക്കോബാര്‍, ജമ്മുകാശ്മീര്‍ എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും ഒഎന്‍ജിസിക്കും ഹെലിക്കോപ്റ്റര്‍ സേവനം നല്‍കുന്നത് പവന്‍ ഹാന്‍സാണ്. ഇത് കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള കാര്യമാണ്.

ഹെലിക്കോപ്റ്റര്‍ നല്‍കാന്‍ ഏറ്റവും യോഗ്യമായ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തെ കണ്ടെത്തുന്നു. അവരുമായി ഔദ്യോഗിക തലത്തില്‍ ചര്‍ച്ച നടത്തുന്നു. എന്നിട്ടാണ് തീരുമാനത്തില്‍ എത്തിയത്. ഇതാണ് വസ്തുതയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

പ്രകൃതി ദുരന്ത ഘട്ടത്തില്‍ ഹെലികോപ്റ്റര്‍ ഇല്ലാത്തത് കാരണം വലിയ പ്രയാസം അനുഭവിച്ച നാടാണ് നമ്മുടേത്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി തടയുക, തീരദേശ പട്രോളിങ്, ആകാശ പരിശോധനകള്‍, സന്നിഗ്ദ്ധഘട്ടങ്ങളില്‍ രക്ഷപ്പെടുത്തേണ്ടിവരുന്നവര്‍ക്ക് സുരക്ഷിതയാത്ര ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍  പരിഗണിച്ചാണ് പോലീസ് ഈ തീരുമാനമെടുത്തത്. കാളവണ്ടി യുഗം കഴിഞ്ഞല്ലോ.

ഇതുമായി ബന്ധപ്പെട്ട് ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തിയ ആക്ഷേപം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. കുറേ സ്വകാര്യ ഏജന്‍സികള്‍ വ്യക്തികളുടെയും കമ്പനികളുടെയും ഹെലികോപ്റ്ററുകള്‍ സംഘടിപ്പിച്ച് സര്‍വീസുകള്‍ക്കായി നല്‍കുന്നുണ്ട്. അത്തരം സ്വകാര്യ ഏജന്‍സികളില്‍ നിന്നല്ല, രാജ്യത്തെ ഏറ്റവും വലിയ ഹെലികോപ്റ്റര്‍ സേവന ദാതാവായ പൊതുമേഖലാ കമ്പനിയില്‍ നിന്നാണ് കേരള പോലീസ് ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു


 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top