06 December Friday

വാടക ഹെലികോപ്‌റ്റർ നിയമാനുസൃതം; കമ്മിറ്റിയിൽ എയർഫോഴ്‌സും കോസ്‌റ്റ്‌ ഗാർഡും

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019

തിരുവനന്തപുരം > ആകാശനിരീക്ഷണം, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്ക്‌ ഹെലികോപ്‌റ്റർ  വാടകയ്‌ക്കെടുക്കുന്നത്‌ കോസ്‌റ്റ്‌ ഗാർഡ്‌, വ്യോമസേനാ പ്രതിനിധികളടങ്ങിയ സാങ്കേതികസമിതി തീരുമാനപ്രകാരം. ചീഫ്‌ സെക്രട്ടറി അധ്യക്ഷനായ സമിതി നിരവധിതവണ യോഗംചേർന്നാണ്‌ തീരുമാനം കൈക്കൊണ്ടത്‌. വിവിഐപി യാത്ര, കോസ്‌റ്റൽ പട്രോളിങ്‌, ആകാശ നിരീക്ഷണം, അത്യാസന്നരോഗികളെ അതിവേഗം ആശുപത്രിയിൽ എത്തിക്കൽ, പ്രളയകാല രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കും ഇവ ഉപയോഗിക്കാം. നിലവിൽ ഡൽഹി, മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഢ്‌  സംസ്ഥാനങ്ങൾ ഹെലികോപ്‌റ്റർ ഉപയോഗിക്കുന്നുണ്ട്‌. ബിഹാർ, കർണാടക സംസ്ഥാനങ്ങളും ഇതിനുള്ള തയ്യാറെടുപ്പിലാണ്‌.

ചിപ്‌സൺ കമ്പനി പറഞ്ഞതിനേക്കാൾ കൂടിയ തുകയ്‌ക്ക്‌ ഹെലികോപ്‌റ്റർ വാടകയ്‌ക്കെടുത്തെന്ന ആരോപണവും അടിസ്ഥാന രഹിതമാണ്‌. പതിനൊന്നോളം സംസ്ഥാനങ്ങൾ വാടകയ്‌ക്കെടുത്ത പൊതുമേഖലാസ്ഥാപനമായ പവൻഹാൻസിൽനിന്നാണ്‌ കേരളവും ഹെലികോപ്‌റ്റർ എടുക്കുന്നത്‌. അറ്റകുറ്റപ്പണി, മുഴുവൻസമയ പൈലറ്റ്‌, ഇന്ധനം, ഗ്രൗണ്ട്‌ സപ്പോർട്ട്‌ ടീം എന്നിവ ഉൾപ്പെടെയാണ്‌ എ 365 ഡൗഫിൻ എൻ 3 എന്ന 10പേർക്ക്‌ സഞ്ചരിക്കാവുന്ന ഹെലികോപ്‌റ്റർ എടുക്കുന്നത്‌. 1,44, 60,000 രൂപയാണ്‌ മാസവാടക. കഴിഞ്ഞ നാലിനാണ്‌ ആഭ്യന്തര അഡീഷണൽ ചീഫ്‌ സെക്രട്ടറി ഇത്‌ സംബന്ധിച്ച ഉത്തരവിറക്കിയത്‌. പവൻ ഹാൻസ്‌ പൊതുമേഖലാ സ്ഥാപനമായതിനാൽ പൊലീസ്‌ ഓപ്പറേഷനുകളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാകും. സുരക്ഷയടക്കമുള്ള വിവിധ വശങ്ങൾ ഉദ്യോഗസ്ഥതലത്തിൽ പരിശോധിച്ചെടുത്ത തീരുമാനത്തെയാണ്‌ ധൂർത്തായി  മാധ്യമങ്ങളും പ്രതിപക്ഷവും ചിത്രീകരിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top