20 January Wednesday

പെരുമഴ: 2809 പേർ ദുരിതാശ്വാസ ക്യാമ്പിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

തിരുവനന്തപുരം > സംസ്ഥാനത്ത്‌ വിവിധ ജില്ലകളിൽ അതിശക്‌തമായ മഴയിൽ വ്യാപകനാശം. തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം , പാലക്കാട്‌ എന്നീ ജില്ലകളിലാണ്‌ കനത്ത മഴ പ്രളയസമാനമായ അവസ്ഥ സൃഷ്‌ടിച്ചത്‌. നിരവധി വീടുകളിൽ വെള്ളം കയറി. തിരുവനന്തപുരത്ത്‌ 18 ഉം, കൊല്ലത്ത്‌ പത്തും, മലപ്പുറത്ത്‌ രണ്ടും വീടുകൾ ഭാഗീകമായി തകർന്നു. വിവിധ ജില്ലകളിൽ 2809 പേർ 17 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നു. ഉപതെരഞ്ഞെടുപ്പ്‌ നടന്ന പല ബൂത്തുകളിലും വെള്ളം കയറി.  എറണാകുളം നഗരത്തിന്റെ പലഭാഗങ്ങളും മുങ്ങി. ഇടപ്പള്ളി, പാലാരിവട്ടം, എംജി റോഡ്‌, മേനക, കലൂർ, സ്‌റ്റേഡിയം, കോർപറേഷൻ റോഡുകൾ എന്നിവ മുങ്ങി. കലൂർ വൈദ്യുതി സബ്‌സ്‌റ്റേഷനിൽ  വെള്ളം കയറി. കെഎസ്‌ആർടിസി ബസ്‌സ്‌റ്റാൻഡും പരിസരവും അംബേദ്‌കർ സ്‌റ്റേഡിയവും മുങ്ങി. സൗത്ത്‌, നോർത്ത്‌ റെയിൽവേ സ്‌റ്റേഷനുകളിൽ പാളങ്ങൾ വെള്ളത്തിനടിയിലായതോടെ ദീർഘദൂര ട്രെയിനുകൾ  പിടിച്ചിടുകയോ വഴിതിരിച്ചുവിടുകയോ ചെയ്‌തു. തിങ്കളാഴ്‌ച വൈകിട്ടാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌. പനമ്പിള്ളിനഗർ, പൂണിത്തുറ, പൊന്നുരുന്നി, തേവര, വെണ്ണല പ്രദേശങ്ങളിൽ 11 ക്യാമ്പ്‌ തുറന്നു. വൈകിട്ടോടെ 1600 പേരെ ക്യാമ്പിലേക്ക്‌ മാറ്റി. കൊച്ചി വിമാനത്താവളത്തിൽ 16 സെന്റിമീറ്ററും നെടുമ്പാശേരിയിൽ മൂന്ന്‌ സെന്റിമീറ്റർ മഴയുമാണ്‌ രേഖപ്പെടുത്തിയത്‌.

പാലക്കാട്‌ അട്ടപ്പാടിയിൽ ഉരുൾപൊട്ടി അഗളി നരസിമുക്ക് റോഡിൽ ഗതാഗതം സ്തംഭിച്ചു. ഇന്ദിര കോളനിയിൽ ഭൂമിയിൽ വിള്ളൽ രൂപപ്പെട്ടതിനാൽ 27 കുടുംബം  ഭീഷണിയിലാണ്‌.  അഗളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ക്യാമ്പ്‌ തുറന്നു. കൽപ്പാത്തി പുഴയോരത്ത്‌ വട്ടമല ശ്രീമുരുകൻ ക്ഷേത്രത്തിൽ കുടുങ്ങിയ ഒമ്പതുപേരെ ഫയർഫോഴ്‌സ്‌ രക്ഷപ്പെടുത്തി. പ്രധാന ഏഴ്‌ അണക്കെട്ടുകളുടെയും ഷട്ടർ  തുറന്നു. 

തൃശൂർ ജില്ലയിലെ ഡാമുകൾ തുറന്നു. കോടാലി പാടത്ത്  50 ഏക്കർ പാടം മുങ്ങി. മണലൂർ, മുലശേരി, വെങ്കിടങ്ങ്  1500 ഏക്കർ പാടശേഖരത്തിലും വെള്ളം കയറി. ആലപ്പുഴ നഗരത്തിൽ ദുരിതാശ്വാസക്യാമ്പ്‌ തുറന്നു. നാല്‌ പാടശേഖരങ്ങളിൽ മട വീണു. കയർത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ആസ്ഥാനത്ത് വെള്ളം കയറി. മണ്ണഞ്ചേരി പൊന്നാട് പെരുന്തുരുത്ത് കരിയിൽ 165 ഏക്കർ വെള്ളത്തിലായി. തോട്ടപ്പള്ളി സ്‌പിൽവേ തുറന്നു.

മലപ്പുറം എടക്കരയിൽ ചാലിയാർ കരകവിഞ്ഞു. കൊളത്തൂർ സ്‌റ്റേഷൻപടി പാടശേഖരത്തിൽ കൃഷി നശിച്ചു.  പെരിന്തൽമണ്ണയിലാണ്‌ കൂടുതൽ മഴ ലഭിച്ചത്‌–-  92.6 മി.മീറ്റർ. ഇടുക്കി ഡാമിൽ ജലനിരപ്പ്‌ 2377.56 അടിയായി. ഷോളയാറിൽ 97.13 ശതമാനവും കുണ്ടളയിൽ 97.47 ശതമാനവും വെള്ളമായി. കല്ലാർകുട്ടി ഡാമിൽ ഷട്ടർ ഉയർത്തി. മലയോര മേഖലയിലേക്കുള്ള രാത്രി യാത്രയും വിനോദയാത്രയും ഒഴിവാക്കണം. നദികൾ മുറിച്ചുകടക്കരുത്. പൊന്മുടി ഉൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top