15 December Sunday

ബുധനാഴ‌്ച വരെ മഴ തുടരും: ഇടുക്കി കാസർകോട് ജില്ലകളിൽ റെഡ് അലർട്ട്

സ്വന്തം ലേഖകർUpdated: Sunday Jul 21, 2019

തിരുവനന്തപുരം> സംസ്ഥാനത്തുടനീളം മഴ കനക്കുന്നു. ഇന്ന് ഇടുക്കി, കാസർകോട് എന്നീ ജില്ലകളിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കാസർകോട് രണ്ടാം ദിനമാണ് റെഡ‍് അലര്‍ട്ട് തുടരുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളായ അരയി, പനങ്ങാട്, പുല്ലൂർ പെരിയ, അണങ്കൂർ എന്നിവിടങ്ങളിൽ വെള്ളം കയറിയ നിലയിലാണ്. അതേസമയം സംസ്ഥാനത്ത് മഴ ചൊവ്വാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മഴക്കെടുതിയിൽ ശനിയാഴ്‌ച തലസ്ഥാനത്ത്‌ ഒരാളും കോഴിക്കോട്ട‌് ഭിന്നശേഷിക്കാരനായ യുവാവും വെള്ളത്തിൽ വീണ‌് മരിച്ചു. തിരുവനന്തപുരത്ത‌് ചെങ്കൽ കാട്ടിലുവിള തെക്കേതിന വിളവീട്ടിൽ  സ്റ്റീഫനാണ‌് (53)നെയ്യാറിൽ മുങ്ങിമരിച്ചത‌്. കോഴിക്കോട്‌  അരീക്കാട‌് ആനറോഡിൽ വെള്ളക്കെട്ടിൽ വീണ‌് പയ്യാനക്കൽ ഉണ്ണികൃഷ‌്ണന്റെ മകൻ അതുൽ കൃഷ‌്ണ (18) മരിച്ചു. ശൗചാലയത്തിനായി എടുത്ത കുഴിയിലെ വെള്ളത്തിലാണ‌് വീണത‌്. വെള്ളിയാഴ‌്ച രാത്രിയാണ‌് സംഭവം

തിരുവനന്തപുരം ജില്ലയിൽ അഞ്ചു ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. തൃശൂരിൽ ചിറ്റിലപ്പിള്ളി, പോർക്കുളം പ്രദേശത്തെ അഞ്ച‌് വീടുകൾ ഭാഗികമായി തകർന്നു. ഏങ്ങണ്ടിയൂർ പൊക്കുളങ്ങരയിൽ കടൽ അരക്കിലോമീറ്ററോളം കരയിലേക്ക് കയറി. കാസർകോട് ജില്ലയിൽ കിനാനൂർ - കരിന്തളം പഞ്ചായത്തിലെ ചീറ്റമൂല കോളനിയിൽ ഉരുൾപൊട്ടി. റോഡ‌്  ഒലിച്ചുപോയതിനാൽ കോളനി ഒറ്റപ്പെട്ടു. കുമ്പള‌ കൊടിയമ്മയിൽ തോടിന‌് കുറുകെ 40 വർഷം പഴക്കമുള്ള പാലം തകർന്നു. ബേഡകം കുണ്ടംകുഴി പാണ്ടിക്കണ്ടത്ത‌് മൂന്നുസെന്റോളം ഭൂമി പത്തുമീറ്ററോളം താഴ‌്ന്നുപോയി.

കണ്ണൂർ ജില്ലയിൽ 89 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റി. തൃക്കരിപ്പൂർ മാവിലാകടപ്പുറത്ത‌്  200 മീറ്റർ കര കടലെടുത്തു.  കോഴിക്കോട‌് നല്ലളത്ത‌്  57 കുടുംബങ്ങളെ അരീക്കാട് എയുപി സ്‌കൂളിലെ താൽക്കാലിക ക്യാമ്പിലേക്ക്‌  മാറ്റി. ശനിയാഴ‌്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത‌് കാസർകോട‌് ജില്ലയിലെ കൂട‌്‌ലുവിലാണ‌് 30.6 സെന്റീമീറ്റർ. 

ബുധനാഴ‌്ച വരെ മഴ തുടരും

ബുധനാഴ‌്ച വരെ മിക്ക ജില്ലകളിലും അതിശക‌്തമായ മഴയ്‌ക്ക‌് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നൽകി. മലയോര പ്രദേശങ്ങളിലും തീരദേശങ്ങളിലുമുള്ളവർ  അതീവ ജാഗ്രത പുലർത്തണമെന്ന‌് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top