12 November Tuesday

5 ജില്ലയിൽ റെഡ്‌ അലർട്ട്‌; നേരിടാൻ സംസ്ഥാനം പൂർണ സജ്ജം

സ്വന്തം ലേഖികUpdated: Tuesday Oct 22, 2019

തിരുവനന്തപുരം > സംസ്ഥാനത്ത്‌ രണ്ടുദിവസംകൂടി അതിതീവ്ര മഴ തുടരും. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ്‌ റെഡ്‌ അലർട്ട്‌ പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 205 മില്ലീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ട്‌. 

പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ചൊവ്വാഴ്ചയും കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ബുധനാഴ്ചയും ഓറഞ്ച്‌ അലർട്ടുണ്ട്‌. ശക്തമായ ഇടിമിന്നലോടെയുള്ള മഴയ്ക്ക്‌ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. മറ്റ്‌ ജില്ലകളിൽ വെള്ളിയാഴ്ചവരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരും.

മഴക്കെടുതി  നേരിടാൻ സംസ്ഥാനം പൂർണ സജ്ജം. ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷതയിൽ ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി  ചേർന്ന്‌ സാഹചര്യം വിലയിരുത്തി. ദുരന്ത സാഹചര്യമുണ്ടായാൽ ദേശീയ ദുരന്തനിവാരണ സേനയുടെ നിലവിലുള്ള നാല്‌  സംഘത്തെ കൂടാതെ അഞ്ച് സംഘത്തെക്കൂടി ആവശ്യപ്പെടാൻ തീരുമാനിച്ചു. മീൻപിടിക്കാൻ  പോകുന്നത് പൂർണമായി വിലക്കി. നേവി, കോസ്റ്റ് ഗാർഡ്, എയർഫോഴ്‌സ് എന്നിവയ്‌ക്ക് ജാഗ്രതാനിർദേശം നൽകി.  കനത്ത മഴ രണ്ടു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ അറിയിച്ചു.

എറണാകുളത്ത് പത്തും പാലക്കാട് മൂന്നും ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ആവശ്യമുള്ളിടത്ത്‌ ക്യാമ്പുകൾ തുറക്കാൻ കലക്ടർമാർക്ക് നിർദേശം നൽകി. മുമ്പ് ദുരന്തമുണ്ടായ സ്ഥലങ്ങളിലും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളിലും താമസിക്കുന്നവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാൻ നിർദേശിച്ചു. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയെ സംസ്ഥാന ഇൻസിഡന്റ്‌ കമീഷണറായി യോഗം ചുമതലപ്പെടുത്തി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top