19 September Saturday
ചൊവ്വാഴ്ചവരെ കനത്തമഴ

രാത്രിമഴയിൽ കനത്തനാശം; ഇടുക്കിയിൽ നാലിടത്ത്‌ ഉരുൾപൊട്ടി, മലപ്പുറത്ത്‌ ഇന്ന്‌ റെഡ്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 7, 2020


കൊച്ചി> കനത്തമഴയിലും കാറ്റിലും സംസ്‌ഥാനത്ത്‌ മിക്കവാറും പുഴകൾ കരകവിഞ്ഞു. താഴ്‌ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്‌. വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ്‌ കൂടുതൽ നാശനഷ്‌ടങ്ങൾ.  കേരളമടക്കം 6 സംസ്ഥാനങ്ങൾക്ക്‌ കേരന്ദ ജലകമ്മീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ്‌ നൽകിയിട്ടുണ്ട്‌. സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.  ഇപ്പോഴുള്ള ന്യൂനമർദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതൽ ദിവസങ്ങളിലേക്കു നീളുന്നത്.

ഇടുക്കിയിൽ ഇന്നലെ രാത്രി മാത്രം നാലിടത്താണ് ഉരുൾപൊട്ടിയത്. പീരുമേട്ടിൽ മൂന്നിടത്തും,മേലെ ചിന്നാറിലുമാണ് ഉരുൾപൊട്ടലുണ്ടായത്. വാഗമൺ നല്ലതണ്ണി പാലത്തിന് സമീപം നിർത്തിയിട്ടിരുന്ന കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയി ഒരാൾ മരിച്ചു. നല്ലതണ്ണി സ്വദേശി മാർട്ടിനെയാണ് കാണാതായത്. അനീഷ് എന്നയാൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇടുക്കി ജില്ലയിൽ ഇപ്പോഴും വ്യാപകമായി കനത്ത മഴയാണ് പെയ്യുന്നത്.താഴ്‌ന്ന പ്രദേശങ്ങളിൽനിന്ന്‌ ആളുകളെ മാറ്റി പാർപ്പിച്ചുതുടങ്ങി.ജലനിരപ്പ് ഉയർന്നതോടെ നെടുങ്കണ്ടം കല്ലാർ ഡാമും തുറന്നു. മേലേചിന്നാർ, തൂവൽ, പെരിഞ്ചാംകുട്ടി മേഖലകളിലെ പുഴയോരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മഴ ശക്തമായ സാഹചര്യത്തിൽ ഇടുക്കി കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു. . മുതിരപ്പുഴയാർ, പെരിയാർ എന്നിവയുടെ കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്‌. പൊൻമുടി ഡാമിന്‍റെ മൂന്നു ഷട്ടറുകൾ ഇന്ന് രാവിലെ പത്തിന്‌ 30 സെന്‍റീമീറ്റർ വീതം ഉയർത്തി 65 ക്യുമെക്സ് വെള്ളം പന്നിയാർ പുഴയിലേക്ക് തുറന്നു വിടും.

മൂന്നാറിൽ കനത്ത മഴയാണ്. മൂന്നാർ ഗ്യാപ് റോഡിൽ ഇന്നലെ രാവിലെ വീണ്ടും മണ്ണിടിച്ചിലുണ്ടായിരുന്നു. നേരത്തെ മലയിടിഞ്ഞതിന് സമാനമായിട്ടാണ് ഇത്തവണയും മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.

ജലനിരപ്പ് ഉയർന്നെങ്കിലും ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ സംബന്ധിച്ച് നിലവിൽ ആശങ്ക വേണ്ട എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.


മലപ്പുറത്ത്‌ ഇന്ന്‌ റെഡ്‌ അലർട്ട്‌

വെള്ളിയാഴ്‌ച മലപ്പുറം ജില്ലയിൽ റെഡ്‌ അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റൻ  തിരമാലയുണ്ടാകും. മീൻപിടിത്തം പാടില്ല.

തൊടുപുഴ, കിള്ളിയാർ, കോതമംഗലം, മൂവാറ്റുപുഴ ആറുകളിൽ വെള്ളപ്പൊക്കത്തിന്‌ സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട്‌ തകർന്നു. മലപ്പുറത്ത്‌ നിലമ്പൂർ ടൗണിലും വെള്ളം കയറി.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top