26 September Saturday

കേരളത്തിൽ ശനിയാഴ്‌ചവരെ കനത്ത മഴയ്‌ക്ക്‌ സാധ്യത; ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 4, 2020

തിരുവനന്തപുരം > കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നും വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചതായും കെഎസ്‌ഡിഎംഎ അറിയിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും അതീവ ജാഗ്രത പാലിക്കാനും തയ്യറെടുപ്പുകള്‍ നടത്താനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിക്കുന്നു.

ഓഗസ്റ്റ് 4 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 5 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 6 : എറണാകുളം, ഇടുക്കി,തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 7 : എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓഗസ്റ്റ് 8 : കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്-എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു.

24 മണിക്കൂറില്‍ 115.6 എം.എം. മുതല്‍ 204.4 എം.എം. വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകള്‍ക്ക് ഓറഞ്ച് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഇതില്‍ ഓഗസ്റ്റ് 8 ന് മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര (Extremely Heavy) മഴയുണ്ടാകാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. 24 മണിക്കൂറില്‍ 204.5 എം.എമ്മില്‍ കൂടുതല്‍ മഴ ലഭിക്കുന്ന സാഹചര്യമാണ് അതിതീവ്ര മഴ. ഇത് വളരെ അപകടകരമായ അളവിലുള്ള മഴയാണ്

ഓഗസ്റ്റ് 4 : ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്.
ഓഗസ്റ്റ് 5 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, തൃശൂര്‍, പാലക്കാട്.
ഓഗസ്റ്റ് 6 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ഓഗസ്റ്റ് 7 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം.
ഓഗസ്റ്റ് 8 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ.- എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5 എം.എം  മുതല്‍ 115.5എം.എം വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.

2018, 2019 വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളില്‍ ഉള്ളവര്‍, ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്ധ സമിതിയും അപകട സാധ്യത മേഖലകള്‍ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ എന്ന് കണ്ടെത്തിയ സ്ഥലങ്ങളില്‍ താമസിക്കുന്നവരും അവിടങ്ങളിലുള്ള തദ്ദേശ സ്ഥാപനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അപകട സാധ്യത മുന്നില്‍ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്താന്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് 2020 ലൂടെ നിര്‍ദേശിച്ച തരത്തിലുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്.

പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളില്‍ അതിനോട് സഹകരിക്കേണ്ടതാണ്. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടുന്ന ഘട്ടങ്ങളില്‍ പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ തയ്യാറാവണം.

ക്വാറന്റൈനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കോവിഡ് ബാധിക്കുന്നത് മൂലം കൂടുതല്‍ അപകട സാധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലുതരത്തില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ വേണ്ടിയാണ് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഇതിനോട് പൂര്‍ണ്ണമായി സഹകരിക്കേണ്ടതാണ്.

ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/.../uplo.../2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല. ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫിയെടുക്കയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.

അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവര്‍ അണക്കെട്ടുകളില്‍ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയും അധികൃതരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ആവശ്യമെങ്കില്‍ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. ശക്തമായ കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം.

കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ നിന്ന് ലഭ്യമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top