20 September Sunday

കോരിച്ചൊരിയുന്നു ; കനത്ത മഴയിൽ വ്യാപക നാശം, മലപ്പുറത്ത്‌ ഇന്ന്‌ റെഡ്‌ അലർട്ട്‌

സ്വന്തം ലേഖകർUpdated: Friday Aug 7, 2020

കനത്ത മഴയെ തുടർന്ന്‌ നിലമ്പൂർ പാതാറിലെ മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിൽ തകർന്ന വീടും സമീപം


തിരുവനന്തപുരം
കനത്ത മഴയിൽ വടക്കൻ ജില്ലകളിൽ വ്യാപക നാശം. മലപ്പുറം ജില്ലയിലെ കിഴക്കൻ മേഖലയിലും വയനാട്, ഇടുക്കി ജില്ലകളിലും അതിതീവ്ര മഴ തുടരുന്നു‌. തിരുവനന്തപുരത്ത്‌ മരം കടപുഴകിവീണ്‌ കെഎസ്‌ഇബി ജീവനക്കാരൻ മരിച്ചു. ആര്യനാട്‌ ഉഴമലയ്‌ക്കൽ കുളപ്പട സുവർണനഗർ എ കെ ഹൗസിൽ അജയകുമാർ (42) ആണ്‌ മരിച്ചത്‌. 

കേരളമടക്കം ആറ് സംസ്ഥാനങ്ങൾക്ക്‌ കേന്ദ്ര ജലകമീഷൻ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. പത്തുവരെ അതിശക്തമായ മഴയാണ് പ്രവചിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷങ്ങളിലേതു പോലുള്ള മഹാ പ്രളയസാധ്യതയില്ലെന്നാണ്‌ കാലാവസ്ഥാ വിദഗ്‌ധർ നൽകുന്ന വിവരം.

ദുരിതം നേരിടാൻ സംസ്ഥാന സർക്കാർ തയ്യാറെടുപ്പ്‌ ഊർജിതമാക്കി. ദേശീയ ദുരന്ത പ്രതികരണ സേനയുടെ രണ്ടു ടീം കൂടി വ്യാഴാഴ്‌ചയെത്തി. ഇതടക്കം വയനാട്‌, ഇടുക്കി, തൃശൂർ, ആലപ്പുഴ, മലപ്പുറം, പാലക്കാട്‌ ജില്ലകളിൽ സേന നിലയുറപ്പിച്ചിട്ടുണ്ട്‌. ഇടുക്കി, വയനാട് ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ ക്യാമ്പുകളിലേക്ക് മാറ്റി.

ഡാമുകളിൽ വെള്ളം നിറയുകയാണ്‌. ഇടുക്കി, ഇടമലയാർ ഡാമുകളിൽ വലിയ തോതിൽ ജലനിരപ്പ് ഉയരുമെന്ന്‌ കേന്ദ്ര ജല കമീഷൻ അറിയിച്ചു. തൊടുപുഴ, കിള്ളിയാർ, കോതമംഗലം, മൂവാറ്റുപുഴ ആറുകളിൽ വെള്ളപ്പൊക്കത്തിന്‌ സാധ്യതയുള്ള വിധം വെള്ളം പൊങ്ങി. അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ, പിറവം മേഖലകളിലായി 17 വീട്‌ തകർന്നു. മലപ്പുറത്ത്‌ നിലമ്പൂർ ടൗണിലും വെള്ളം കയറി. എട്ടു‌ ദുരിതാശ്വാസ ക്യാമ്പ്‌ തുറന്നു. 

കർണാടക കുടകിൽ തലക്കാവേരി ക്ഷേത്രത്തിനടുത്ത് ഉരുൾപൊട്ടി നാലുപേരെ കാണാതായി. കൊച്ചി -ധനുഷ്‌കോടി ദേശീയപാതയിലെ ദേവികുളം ലോക്ക്‌ഹാർട്ട് ഗ്യാപ്പിൽ വീണ്ടും മലയിടിഞ്ഞു. കരീം എസ്റ്റേറ്റ് ഭാഗത്തെ ചെറിയ തടയണയും വേണാട് കിളവിപാറ റൂട്ടിലെ ചെറിയ നടപ്പാലവും തകർന്നു.ഉരുൾപൊട്ടലിൽ ഏലപ്പാറതോട് കരകവിഞ്ഞ് ടൗൺ വെളളത്തിനടിയിലായി.കാട്ടാനയുടെ ജഡം പെരിയാർ പുഴയിലൂടെ ഒഴുകിപ്പോയി.‌ മൂന്ന്‌ ദിവസത്തിനുള്ളിൽ പത്തടിവെളളമാണ്‌ ഇടുക്കി ജലസംഭരണിയിൽ കൂടിയത്‌.

മലപ്പുറത്ത്‌ ഇന്ന്‌ റെഡ്‌ അലർട്ട്‌
വെള്ളിയാഴ്‌ച മലപ്പുറം ജില്ലയിൽ റെഡ്‌ അലർട്ടും എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച രാത്രി 11.30 വരെ കേരള തീരത്ത് കൂറ്റൻ  തിരമാലയുണ്ടാകും. മീൻപിടിത്തം പാടില്ല.

9നും ന്യൂനമർദം
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം മധ്യ ഇന്ത്യയിലേക്ക് നീങ്ങി രണ്ടു ദിവസത്തിനുള്ളിൽ ദുർബലമാകുമെന്നാണ്‌ കണക്കാക്കുന്നത്‌. എന്നാൽ, ഒമ്പതോടെ ബംഗാൾ ഉൾക്കടലിൽ രണ്ടാം ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്‌.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top