27 May Monday

പെരുമഴ തന്നെ ; എല്ലാ വകുപ്പുകൾക്കും ജാഗ്രതാനിർദേശം

സ്വന്തം ലേഖകൻUpdated: Wednesday Aug 1, 2018


തിരുവനന്തപുരം
കാലവർഷം വീണ്ടും കനത്തതോടെ സംസ്ഥാനത്ത‌് വ്യാപക നാശനഷ്ടം.  നദികളും ജലാശയങ്ങളും കരകവിഞ്ഞു. ഇടുക്കിയടക്കം എല്ലാ ഡാമുകളിലും ജലനിരപ്പ‌് ഉയരുകയാണ‌്. ശബരിഗിരി വൈദ്യുതി പദ്ധതിയുടെ ഭാഗമായ കക്കി ഡാമിൽ ജലനിരപ്പ‌്  980 മീറ്റർ കടന്നതിനെ തുടർന്ന‌് അതിജാഗ്രതാ നിർദേശമായ ഓറഞ്ച‌് അലർട്ട‌് പ്രഖ്യാപിച്ചു. തീരദേശത്ത‌് വ്യാപക കടലാക്രമണവുമുണ്ട‌്. ട്രെയിനുകൾ വൈകിയോടുകയാണ‌്. മഴ കനത്തതോടെ എല്ലാ വകുപ്പുകൾക്കും സർക്കാർ ജാഗ്രതാനിർദേശം നൽകി. സ്ഥിതിഗതികൾ മുഖ്യമന്ത്രിയുടെ ഓഫീസ‌് നേരിട്ട‌് വിലയിരുത്തുന്നുണ്ട‌്.

തിരുവനന്തപുരം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം,  കോഴിക്കോട്, കണ്ണൂർ  ജില്ലകളിൽ കനത്തമഴയാണ‌് ലഭിക്കുന്നത‌്. കോട്ടയം കറുകച്ചാലിൽ  മാതാപിതാക്കളോടൊപ്പം സുഹൃത്തിന്റെ വീട്ടിലെത്തിയ പിഞ്ചുകുഞ്ഞ് വീട്ടുമുറ്റത്തെ കുളത്തിൽ മുങ്ങിമരിച്ചു. ചമ്പക്കര തൊമ്മച്ചേരി ബുധനാകുഴി കുന്നേൽ അനീഷ് ദേവസ്യായുടെ മകൻ ഡാനി(രണ്ട‌്) ആണ് മരിച്ചത്.

തൃശൂർ കുറ്റുമുക്കിൽ ഒരാൾ കുളത്തിൽ മുങ്ങിമരിച്ചു. കുറ്റുമുക്ക് ഏറന്നൂർമന കുളത്തിൽ നാരായണൻ നമ്പൂതിരിയാണ് മരിച്ചത്. തിരുവനന്തപുരം നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽനിന്ന‌് ഷോക്കേറ്റ‌്  ‌‌വയോധികൻ മരിച്ചു. കുരിശ്ശടി ജങ‌്ഷൻ ചാവക്കാലായിൽ ജോർജ‌്കുട്ടി ജോൺ (74) ആണ‌് മരിച്ചത‌്. 
തിരുവനന്തപുരം ജില്ലയിൽ  മലയോരമേഖലയിലടക്കം വൻനാശമുണ്ടായി.

താഴ‌്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. അഞ്ഞൂറിലധികം വീടുകൾക്ക‌് നാശമുണ്ട‌്. ഇടിമിന്നലിൽ ചിലർക്ക‌് പരിക്കേറ്റു. എല്ലാ താലൂക്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ  തുറന്നു. ആലപ്പുഴയിൽ കടലാക്രമണം രൂക്ഷമായി. അമ്പലപ്പുഴ മുതൽ ആറാട്ടുപുഴ വരെ കടൽ കരയിലേക്ക‌് ഇരച്ചുകയറി. നാലായിരത്തോളംപേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് മാറ്റി. ഒരു വീട‌് പൂർണമായും 12 വീട‌് ഭാഗികമായും തകർന്നു. പ്രളയക്കെടുതിയിൽ മുങ്ങിയ കുട്ടനാട് താലൂക്കിൽ മഴ വീണ്ടും ദുരിതം വിതച്ചു. 36,000 പേർ ഇനിയും വീടുകളിലേക്ക‌് മടങ്ങിയിട്ടില്ല. 104 ക്യാമ്പ‌് തുടരുന്നു.

കണ്ണൂർ ആറളം വനത്തിൽ ഉരുൾപൊട്ടി. മലവെള്ളപ്പാച്ചിലിൽ രണ്ടു തൂക്കുപാലങ്ങൾ ഒലിച്ചുപോയി. ആറളം പഞ്ചായത്തിനെ കേളകം‐ കണിച്ചാർ മേഖലയുമായി ബന്ധിപ്പിക്കുന്ന വളയഞ്ചാൽ, ആറളം വന്യജീവി സങ്കേതത്തിലെ രാമച്ചി തൂക്കുപാലങ്ങളാണ‌് ഉരുൾപൊട്ടി ഒലിച്ചുപോയത്. 

ആറു വിദ്യാർഥികളും  ഒരു സ്ത്രീയും കയറാൻ ശ്രമിക്കുന്നതിനിടെയാണ‌് ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ വളയംചാൽ പാലം തകർന്നത്.  ഡെപ്യൂട്ടി റേഞ്ചർ ഉൾപ്പെടെയുള്ള ഫോറസ്റ്റ് ഉദ്യോഗസ്ഥർ വനത്തിൽ കുടുങ്ങി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top