20 September Friday
കൈക്കുഞ്ഞും കുടുംബവും രക്ഷപ്പെട്ടു

പെരുമഴ: കുറിഞ്ഞാക്കല്‍ തുരുത്ത് ഒറ്റപ്പെട്ടു; മന്ത്രിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം

വെബ് ഡെസ്‌ക്‌Updated: Saturday Aug 10, 2019

തൃശൂര്‍> പെരുമഴയില്‍ അയ്യന്തോള്‍ കുറിഞ്ഞാക്കല്‍ തുരുത്ത് ഒറ്റപ്പെട്ടു. മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം. കമീഷണറുടെ നേതൃത്വത്തില്‍ പൊലീസും ഫയര്‍ഫോഴ്സും രംഗത്തെത്തി. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനം വഴി കൈക്കുഞ്ഞടക്കമുള്ള കുടുംബം രക്ഷപ്പെട്ടു. ശനിയാഴ്ച രാവിലെ പെയ്തിറങ്ങിയ കനത്ത മഴയിലാണ് കുറിഞ്ഞാക്കല്‍ തുരുത്തിന് ചുറ്റും വെള്ളം നിറഞ്ഞത്. വീടുകളിലേക്കും വെള്ളം  കയറി.

മുപ്പതോളം കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. കൈക്കുഞ്ഞടക്കമുള്ള കുടുംബവുമുണ്ടായിരുന്നു. വിവരമറിഞ്ഞ ഉടന്‍ മന്ത്രി വി എസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്സ് റബര്‍വള്ളവുമായി എത്തി. പക്ഷെ വീട്ടിലേക്ക് വെള്ളം കയറാന്‍ തുടങ്ങിയതോടെ കൈക്കുഞ്ഞടക്കമുള്ള കുടുംബം ജാഗ്രത പുലര്‍ത്തി. പുഴക്കല്‍ ബണ്ട് റോഡിലൂടെ  നടന്ന് രക്ഷപ്പെടുകയായിരുന്നു. കുറിഞ്ഞാക്കല്‍ അക്കര ഇഗ്നേഷ്യസിന്റെ ഭാര്യ റൂബിയും മകള്‍ അബീനയും കൈക്കുഞ്ഞുമാണ് രക്ഷപ്പെട്ടത്. ഒരാഴ്ച മുമ്പാണ് അബീന പ്രസവിച്ചത്.

ശനിയാഴ്ച രാവിലെ മഴ ശക്തമായതോടെ  വെള്ളക്കെട്ടിനിടയിലും ഇവര്‍ കോള്‍ബണ്ടിലൂടെ നടന്ന് ഉയര്‍ന്നപ്രദേശത്തേക്ക് എത്തി. പിന്നീട്  അയ്യന്തോളിലെ  സുഹൃത്തിന്റെ വീട്ടിലേക്ക് മാറുകയായിരുന്നു. മറ്റു വീട്ടുകാരും മാറി.  കന്നുകാലികളെയും മാറ്റി. വിസമതിച്ചവരെ മന്ത്രി വീടുകളിലെത്തി മാറാന്‍ അഭ്യര്‍ഥിച്ചു. കമീഷണര്‍ യതീഷ് ചന്ദ്ര, അസി. കമീഷണര്‍ വി കെ രാജു, സിപിഐ എം ലോക്കല്‍ സെക്രട്ടറി ടി സുധാകരനും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

പുഴയ്ക്കല്‍പ്പാടത്തും കോള്‍നിലങ്ങളിലും ജലനിരപ്പ് ഉയര്‍ന്നതോടെയാണ് കുറിഞ്ഞാക്കലിലേക്കും വെള്ളം കയറിയത്.  ഈ തുരുത്തിന് ചുറ്റും വെള്ളംകയറുക പതിവാണ്. പുഴയ്ക്കല്‍ തോട് വഞ്ചിയിലൂടെ കടന്നാണ് പൊതുറോഡിലേക്ക് എത്താറുള്ളത്.  കോള്‍ബണ്ടുമുണ്ട്.  കുറിഞ്ഞാക്കല്‍ ജനങ്ങളുടെ ദുരിതത്തിന് പരിഹാരമായി മന്ത്രി വി എഎസ് സുനില്‍കുമാര്‍ പ്രത്യേകം താല്‍പര്യമെടുത്ത്   കുറിഞ്ഞാക്കല്‍ പാലം നിര്‍മാണം ആരംഭിച്ചിട്ടുണ്ട്.


പ്രധാന വാർത്തകൾ
 Top