19 February Tuesday

ഒഴിയാമഴ : വയനാട‌്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ ഉരുൾപൊട്ടൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

പമ്പ ത്രിവേണിയിൽ ജലനിരപ്പ‌് അപകടകരമായ നിലയിൽ

തിരുവനന്തപുരം
വടക്കൻ ജില്ലകളിലും  പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ശക്തമായതിനെ തുടർന്ന‌് സംസ്ഥാനം വീണ്ടും ആശങ്കയുടെ നിഴലിൽ. വടക്കൻ ജില്ലകളിൽ മലയോരത്ത‌് വ്യാപകമായി  ഉരുൾപൊട്ടലും വെള്ളപ്പൊക്കവുമുണ്ടായി. കണ്ണൂർ, വയനാട‌്, മലപ്പുറം, പാലക്കാട്‌ ജില്ലകളിലാണ‌് ഉരുൾപൊട്ടിയത‌്.  ഇടുക്കി പദ്ധതിപ്രദേശത്ത‌് മഴയ‌്ക്ക‌് നേരിയ കുറവുണ്ട‌്. ഡാമിലെ ജലനിരപ്പ‌് കുറഞ്ഞതിനെതുടർന്ന‌് ചെറുതോണി ഡാമിന്റെ ഒന്ന‌്, അഞ്ച‌് ഷട്ടറുകൾ അടച്ചു.

കണ്ണൂർ തളിപ്പറമ്പ് കടമ്പേരിയിൽ ചിറയിൽ കുളിക്കാനിറങ്ങിയ ലോഡിങ് തൊഴിലാളി മുങ്ങിമരിച്ചു. ഏഴോം നെരുവമ്പ്രത്തെ ശശിധരനാ (38)ണ് മരിച്ചത്. ഇരിട്ടി അയ്യങ്കുന്നിൽ ഉരുൾപൊട്ടി  കൃഷിനാശവുമുണ്ടായി. വയനാട‌് പൊഴുതന കുറിച്യർമല മേൽമുറിയിൽ ഞായറാഴ്ച രാത്രി വീണ്ടും ഉരുൾപൊട്ടി.  മൂന്നാംതവണയാണിത്. വൻമല നെടുകെ പിളർന്ന് 100 ഏക്കർ ഭൂമി ഒലിച്ചുപോയി. 50 കുടുംബങ്ങളെ വേങ്ങാത്തോട് എസ്റ്റേറ്റ് ഗോഡൗണിലേക്ക്  മാറ്റി. സുഗന്ധഗിരിയിൽ ഉരുൾപൊട്ടൽ ഭീഷണിയെതുടർന്ന് നൂറ്റമ്പതോളം കുടുംബങ്ങളെ  മാറ്റിപ്പാർപ്പിച്ചു. ബാണാസുര സാഗർ അണക്കെട്ടിന്റെ ഷട്ടർ വീണ്ടുമുയർത്തി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ  ഉയർത്തി. മീങ്കര ഡാമും തുറന്നു. ചുള്ളിയാർ ഡാം തുറക്കുന്നതിന‌് മുന്നറിയിപ്പ‌് നൽകി. വാളയാർ ഡാമും തുറക്കാൻ സാധ്യതയുണ്ട്.

എറണാകുളം ജില്ലയിൽ മഴ കുറഞ്ഞതിനാൽ പെരിയാറിൽ ജലനിരപ്പ‌് ഗണ്യമായി താഴ‌്ന്നു. ഇടമലയാറിൽ ജലനിരപ്പ‌് 168.72 മീറ്ററായി. അണക്കെട്ടിലെ നാല‌് ഷട്ടറുകളും ഒരു മീറ്റർവീതം ഉയർത്തി.

പമ്പയിൽനിന്നുള്ള നീരൊഴുക്ക് കൂടിയതിനെതുടർന്ന് ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നാലു ക്യാമ്പുകൾ പുതുതായി തുറന്നു. കുട്ടനാട‌്, അപ്പർ കുട്ടനാട‌് മേഖലയിൽ ജലനിരപ്പ‌് വീണ്ടും ഉയരുന്നത‌് ആശങ്കയ‌്ക്ക‌് ഇടയാക്കി. ചെങ്ങന്നൂർ മഴുക്കീറിനുസമീപം വരട്ടാറിൽ ഒഴുക്കിൽപ്പെട്ട‌് കാണാതായ ചങ്ങനാശേരി പായിപ്പാട‌് സ്വദേശി ജിതിൻ തോമസ‌് മാത്തന്റെ (14) മൃതദേഹം കണ്ടെത്തി.

മലപ്പുറം നിലമ്പൂർ ആഢ്യൻപാറയ‌്ക്കുസമീപം പന്തീരായിരം വനത്തിൽ തേൻമലയ‌്ക്കടുത്ത് വീണ്ടും ഉരുൾപൊട്ടി. ആഢ്യൻപാറ ജലവൈദ്യുത പദ്ധതി നിലയത്തിന്റെ മുകൾഭാഗത്താണ് വീണ്ടും ഉരുൾപൊട്ടിയത്. സൈന്യം ചൊവ്വാഴ്ച സ്ഥലത്തെത്തും.
ബുധനാഴ‌്ച രാവിലെവരെ കേരളത്തിൽ മഴ തുടരുമെന്ന‌് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ചിലയിടങ്ങളിൽ കനത്ത മഴയ‌്ക്കും സാധ്യതയുണ്ട‌്. തിങ്കളാഴ‌്ച മൂന്നാറിലാണ‌് കൂടുതൽ മഴ ലഭിച്ചത‌്. 11.3 സെന്റീമീറ്റർ.

വെള്ളം താഴുന്നതുവരെ ശബരിമല യാത്ര ഒഴിവാക്കണം
പത്തനംതിട്ട
ആനത്തോട് കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകൾ തുറന്നതിനാൽ പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ജലനിരപ്പ‌് താഴുന്നത‌് വരെ ഭക്തർ  ശബരിമലയിലേക്കുള്ള യാത്ര  ഒഴിവാക്കണമെന്ന് മന്ത്രി മാത്യു ടി തോമസ‌്, തിരുവിതാംകൂർ ദേവസ്വം ബോർഡ്  പ്രസിഡന്റ‌് എ പത്മകുമാർ എന്നിവർ അഭ്യർഥിച്ചു.

പമ്പയിലെ പാലത്തിന്റെ മുകളിലൂടെ വെള്ളം ഒഴുകിയതിനാൽ പാലത്തിന് ഗുരുതരമായ ബലക്ഷയമുള്ളതായി സംശയമുണ്ട‌്. ശബരിമല നട നിറപുത്തരിക്കായി തുറക്കുന്ന സാഹചര്യത്തിൽ പമ്പയിലെ അടിയന്തര സാഹചര്യം വിലയിരുത്തുന്നതിന് മന്ത്രി മാത്യു ടി തോമസിന്റെ സാന്നിധ്യത്തിൽ കലക്ടറേറ്റിൽ യോഗം ചേർന്നു. തുടർന്ന‌് മന്ത്രിയും കലക്ടറും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പമ്പ സന്ദർശിച്ചു.  പമ്പ മണൽപ്പുറത്ത് 50 മീറ്ററോളം വിസ്തൃതിയിൽ ശക്തമായ ഒഴുക്കാണ്. മണൽപ്പുറത്ത് പല സ്ഥലത്തും വൻകുഴികൾ രൂപപ്പെട്ടു.  തീർഥാടകരെ കടത്തിവിടുന്നത് അത്യന്തം അപകടകരമാണ‌്. പമ്പയിലെ കടകളും മണ്ഡപവും വെള്ളത്തിനടിയിലാണ‌്.  മുന്നറിയിപ്പ‌് അവഗണിച്ച‌് എത്തുന്നവരെ പമ്പയിൽ പൊലീസ‌് തടയും. വാട്ടർഅതോറിറ്റിയുടെ പമ്പുകൾ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണൽപ്പുറത്ത് ജലവിതരണം തടസപ്പെട്ടു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top