21 February Thursday

കലിതുള്ളി കാലവർഷം ; മരണം 22

സ്വന്തം ലേഖകർUpdated: Friday Aug 10, 2018

അടിമാലിയിൽ ഉരുൾപൊട്ടലിൽ മരിച്ച അഞ്ചംഗ കുടുംബത്തിലെ ബാലികയുടെ മൃതദേഹം കണ്ടെത്തിയപ്പോൾ


തിരുവന്തന്തപുരം
വീണ്ടും കരുത്താർജിച്ച പേമാരിയിൽ സംസ്ഥാനമെങ്ങും ദുരിതപ്പെയ‌്ത്ത‌്. മുമ്പെങ്ങുമില്ലാത്ത പ്രളയക്കെടുതിയിലാണ‌് കേരളം. മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും മഴക്കെടുതിയിലുമായി സംസ്ഥാനത്ത‌് 22 പേർ മരിച്ചു. മൂന്നുപേരെ കാണാതായി. നൂറുകണക്കിന‌് ഏക്കർ കൃഷി നശിച്ചു. നിരവധി വീടുകൾ തകർന്നു. ഇടുക്കി, മലപ്പുറം, വയനാട‌്,  കോഴിക്കോട‌്കണ്ണൂർ, ജില്ലകളിൽ ഉരുൾപൊട്ടി. ഇടുക്കിയിൽ മുരിക്കാശേരി, കമ്പിളികണ്ടം, ഇട്ടിത്തോപ്പ‌്, ചെമ്മണ്ണാർ, നെടുങ്കണ്ടം പൊന്നാമല, ജോസ‌്ഗിരി, മാവറസിറ്റി, കനകക്കുന്ന‌്, കട്ടക്കാല പതിനാല‌്കുട്ടി, എട്ടാംമൈൽ, ബൈസൺവാലി, ചിന്നാർ, മാങ്കുളം, മങ്കുവ തുടങ്ങിയ മേഖലകളിൽ വലുതും ചെറുതുമായി ഇരുപതോളം ഉരുൾപൊട്ടൽ ഉണ്ടായി. അടിമാലിയിൽ കുടുംബത്തിലെ അഞ്ചുപേരടക്കം 11 പേരാണ‌് ജില്ലയിൽ മരിച്ചത‌്.

പുലർച്ചെ അഞ്ചരയോടെയുണ്ടായ ഉരുൾപൊട്ടലിൽ കൊന്നത്തടി കുരിശുകുത്തി നോർത്ത് പന്തംപള്ളിയിൽ മാണിയുടെ ഭാര്യ തങ്കമ്മ(47), പെരിയാർവാലി കൂട്ടാക്കുന്നേൽ ആഗസ‌്തി(65), ഭാര്യ ഏലിക്കുട്ടി(60), മുരിക്കാശേരി രാജപുരം കരികുളത്ത് മീനാക്ഷി(90) എന്നിവർ മരിച്ചു. മീനാക്ഷിയുടെ മക്കളായ രാജൻ(52), ഉഷ(48) എന്നിവരെ കാണാതായി. കനത്തമഴയെ തുടർന്ന‌് വൈകിട്ട‌് ആറരയോടെ ഇവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു.

മലപ്പുറം നിലമ്പൂർ ചുങ്കത്തറയിലെ എരുമമുണ്ടയിൽ ഉരുൾപൊട്ടലിൽ കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. കാളികാവ് കടിഞ്ചീരി മലയോരത്തിലെ രണ്ടിടത്തും ഉരുൾപൊട്ടി. 12 കുടുംബങ്ങളെ മാറ്റി. അത്താണിക്കലിൽ മലവെള്ളപാച്ചിലുണ്ടായി. അരീക്കോട് സ്‌കൂൾകടവ് നടപ്പാലം ഒലിച്ചുപോയി. മമ്പാട് ഓടായിക്കൽ റഗുലേറ്റർ കം ബ്രിഡ്ജ് നിറഞ്ഞ് ഷട്ടർ തുറന്നു. കരിക്കാട്ട് മണ്ണമാടം, കല്ലുവാരി, വീട്ടിക്കുന്ന് പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടു.

വയനാട്ടിൽ മൂന്നുപേരും കോഴിക്കോട‌് ഒരാളും മരിച്ചു. വയനാട‌് തലപ്പുഴയ‌്ക്കടുത്ത മക്കിമലയിലുണ്ടായ ഉരുൾപൊട്ടലിൽ മംഗലശേരി വീട്ടിൽ റസാഖ് (40), ഭാര്യ സീനത്ത് (32) എന്നിവരാണ് മരിച്ചത്. ഇവരുടെ മൂന്ന് മക്കൾ രക്ഷപ്പെട്ടു. വൈത്തിരി അയ്യപ്പൻകുന്ന‌് ലക്ഷം വീട‌് കോളനിയിൽ ജോർജിന്റെ ഭാര്യ ലില്ലി സ്ലാബ‌് വീണ‌് മരിച്ചു.

കോഴിക്കോട‌് പുതുപ്പാടിയിൽ മലവെള്ളപ്പാച്ചിലിൽ ഈങ്ങാപ്പുഴ മട്ടിക്കുന്ന‌് പരപ്പാൻപാറ  മാധവിയുടെ മകൻ റിജിത്ത‌്(25) മരിച്ചു. ചൂരണിമല, പുതുപ്പാടി, മുത്തപ്പൻപുഴക്കടുത്തുള്ള മറ്റിപ്പുഴ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. ദിവസങ്ങളായി തുടരുന്ന മഴയിൽ പാലക്കാട‌് ജില്ല പ്രളയക്കെടുതിയിലായി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ‌് താലൂക്കുകളിലായി നൂറുകണക്കിന‌്  വീടുകൾ തകർന്നു. ഒമ്പത‌് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ഇരിട്ടി മേഖലയിൽ 15 സ്ഥലങ്ങളിൽ ഉരുൾപൊട്ടി.

തൃശൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി 168 വീടുകളിലുള്ള 561 പേരെ മാറ്റിപാർപ്പിച്ചു. ദേശീയപാത കുതിരാനിൽ തുരങ്കത്തിനു മേൽ രണ്ടാമതും മണ്ണിടിഞ്ഞു. ചിമ്മിനി ഡാം വെള്ളിയാഴ്ച തുറക്കും. ചാലക്കുടി പുഴയും ഭാരതപ്പുഴയും മണലിപ്പുഴയും കരകവിഞ്ഞു. 

പാലക്കാട‌് നഗരവും പരിസരവും  വെള്ളക്കെട്ടിലായി. ഇരുനില വീടുകൾക്ക‌് മുകളിൽവരെ വെള്ളം ഉയർന്നു.  റബർ ബോട്ടുകളും ഡിങ്കിയും ഉപയോഗിച്ചാണ‌് ഫയർഫോഴ‌്സും ദുരന്തനിവാരണ സേനയും ജനങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് എത്തിച്ചത‌്. കോഴിക്കോട‌്‐പാലക്കാട‌്  ദേശീയപാതയിൽ വെള്ളം കയറിയതിനെതുടർന്ന‌് ഗതാഗതം നിർത്തി. 12 ദുരിതാശ്വാസ ക്യാമ്പ‌് തുറന്നു. മണ്ണാർക്കാട‌്, ധോണി, മലമ്പുഴ എന്നിവിടങ്ങളിൽ ഉരുൾപൊട്ടി. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഒന്നരമീറ്റർ ഉയരത്തിൽ തുറന്നതോടെ മുക്കൈ, കൽപ്പാത്തി, പറളി, ഭാരതപ്പുഴകൾ കരകവിഞ്ഞു. നഗരത്തിലെ നിരവധി കോളനികൾ ഒറ്റപ്പെട്ടു. കഞ്ചിക്കോട‌് ചുള്ളിമട  കൊട്ടാമുട്ടിയിൽ റെയിൽവേ ട്രാക്ക‌് ഒലിച്ചുപോയി.  ഇടമലയാർ ഡാം തുറന്നതിനെ തുടർന്ന‌് പെരിയാറിലെ ജലനിരപ്പ‌് ഉയർന്നു. മീൻ പിടിക്കുന്നതിനിടെ തോട്ടിൽവീണ്‌ രണ്ടു പ്ലസ‌്ടു വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട‌് മരിച്ചു. കീഴില്ലം  സെന്റ‌് തോമസ‌് എച്ച‌്എസ‌്‌എസ‌ിലെ അലൻ തോമസ‌്(17), ഗോപീകൃഷ‌്ണൻ (17) എന്നീ വിദ്യാർഥികളാണ‌് മരിച്ചത‌്. നെടുമ്പാശേരി  വിമാനത്താവളം രണ്ടു മണിക്കൂർ പ്രവർത്തനം നിർത്തി. വിമാനങ്ങൾ തിരിച്ചുവിട്ടു. 38 ക്യാമ്പുകൾ തുറന്നു. 350ഓളം കുടുംബങ്ങളിലെ 2301 പേരെ മാറ്റിപാർപ്പിച്ചു. പെരിയാറിലെ ജലനിരപ്പ‌് അഞ്ചു മീറ്ററോളം ഉയർന്നു. ആലുവ ശിവക്ഷേത്രത്തിന്റെ മേൽക്കൂര വരെ മുങ്ങി.

ശനിയാഴ‌്ച നടക്കേണ്ട നെഹ്‌റുട്രോഫി വള്ളംകളി ഒരാഴ‌്ചത്തേക്കു മാറ്റി. പമ്പ ഡാം തുറന്നുവിടുന്നതിനുള്ള റെഡ് അലർട്ട് പുറപ്പെടുവിച്ചു.

മറഞ്ഞത്‌ 2‌ കുടുംബം

അടിമാലി
അടിമാലിയിൽ രണ്ടിടത്തുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരുൾപ്പെടെ ഏഴുമരണം. അടിമാലി പട്ടണത്തിനു സമീപം ദേശീയപാതയോരത്തും കൊരങ്ങാട്ടിയിലും ആയിരുന്നു ഉരുൾപൊട്ടൽ. അടിമാലി പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ(65), മകൻ മുജീബ്(38), മുജീബിന്റെ ഭാര്യ ഷെമീന(35), മക്കളായ ദിയ ഫാത്തിമ(ആറ്), നിയ ഫാത്തിമ(നാല്) എന്നിവരാണ് അടിമാലി പട്ടണത്തിനു സമീപമുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചത്. ഹസൻകുട്ടിയെയും(70), വീട്ടിലുണ്ടായിരുന്ന ബന്ധു കൊല്ലം കല്ലുവെട്ടിക്കുഴി സൈനുദ്ദീനെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊരങ്ങാട്ടി ആദിവാസിക്കുടിയിൽ ഉറുമ്പനാനിക്കൽ മോഹനൻ(52), ഭാര്യ ശോഭ(48) എന്നിവരാണ് മരിച്ചത്. മണ്ണിനടിയിൽപ്പെട്ട വീട്ടിൽ ഇരുവരെയും മരിച്ചനിലയിൽ വ്യാഴാഴ്ച പുലർച്ചെ നാട്ടുകാർ കണ്ടെത്തുകയായിരുന്നു.

മലപ്പുറം
കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ ചുങ്കത്തറ ചാലിയാർ പഞ്ചായത്തിലെ എരുമമുണ്ടയിൽ മൂന്നു കുട്ടികളടക്കം ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ചെട്ടിയാമ്പാറ പട്ടികവർഗ കോളനിയിലെ പരേതനായ പറമ്പാടൻ നീലാണ്ടന്റെ മകൻ സുബ്രഹ്മണ്യന്റെ ഭാര്യ ഗീത (30), മക്കളായ നവനീത് (7), നിവേദ് (4) സുബ്രഹ്മണ്യന്റെ അമ്മ കുഞ്ഞി (60), കുഞ്ഞിയുടെ സഹോദരിയുടെ മകൻ മിഥുൻ (17) എന്നിവരാണ് മരിച്ചത്. സുബ്രഹ്മണ്യനായുള്ള (34)  തെരച്ചിൽ തുടരുകയാണ‌്.
ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു  ദുരന്തം.

കൂറ്റൻ പാറക്കെട്ടുകളും വൻമരങ്ങളും കുത്തിയൊഴുകി കോളനിയിലെ ഏഴ് വീടുകളിൽ നാലെണ്ണം പൂർണമായും ഒലിച്ചുപോയി. ചാലിയാർ പഞ്ചായത്തിലെ മതിൽമൂല  കോളനിയിലും ബുധനാഴ‌്ച രാത്രി പന്ത്രണ്ടരയോടെ വൻനാശമുണ്ടായി.  ഇരുപതോളം വീടുകൾ തകർന്നു.

പ്രധാന വാർത്തകൾ
 Top