21 March Thursday

ശമനമില്ലാതെ മഴ, ദുരിതം ഇടുക്കിയിൽ രണ്ടിടത്ത‌് ഉരുൾപൊട്ടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 11, 2018


ഇടുക്കിയിലെ പെരുമഴയ‌്ക്ക‌് വെള്ളിയാഴ‌്ചയും ശമനമുണ്ടായില്ല. മൂന്നാർ പള്ളിവാസലിലും മുണ്ടൻമുടിക്കുസമീപവും ഉരുൾപൊട്ടി. പണിക്കൻകുടിക്ക‌് സമീപം മണ്ണിടിച്ചിലിൽ മനയ‌്ക്കപറമ്പിൽ റിനു(30) മരിച്ചു. അടിമാലിയിലെ ഭാരത് ഗ്യാസ് ഓഫീസിലെ ജോലികഴിഞ്ഞ് വീട്ടിലേക്ക‌് മടങ്ങവെ ചിന്നാർ നിരപ്പിനുസമീപം റോഡിന്റെ തിട്ടയിടിയുകയായിരുന്നു. ബുധനാഴ്ച രാത്രി എട്ടിന‌് നടന്ന സംഭവം ആരും അറിഞ്ഞില്ല. വെള്ളിയാഴ‌്ചയാണ‌് കുട കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത‌്.

പള്ളിവാസലിനുസമീപം ഉരുൾപൊട്ടി റോഡ‌് തകർന്നു. റോഡിനുസമീപത്തെ പ്ലം ജൂഡി റിസോർട്ടിൽ കുടുങ്ങിയ വിദേശികളടക്കമുള്ള 57 പേരെ രക്ഷിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട‌് പ്രത്യേകസേനയെ എത്തിച്ചാണ‌് ഇവരെ സുരക്ഷിതകേന്ദ്രത്തിലേക്ക‌് മാറ്റിയത‌്. വണ്ണപ്പുറത്തിനുസ മീപം നാരിൻകാനത്ത‌് വനമേഖലയിൽ ഉരുൾപൊട്ടി. ആൾനാശമില്ല. കൃഷി വൻതോതിൽ നശിച്ചു. വ്യാഴാഴ‌്ച രാജപുരത്തുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടുപേർക്കുവേണ്ടി തെരച്ചിൽ നടത്താൻ, പ്രതികൂല കാലാവസ്ഥയായതിനാൽ വെള്ളിയാഴ‌്ചയും സാധിച്ചില്ല. കനത്ത മഴ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തുടരുകയാണ‌്. മണ്ണിടിച്ചിലും വ്യാപകമാണ‌്. കാലവർഷം തുടങ്ങി ഇതുവരെ 2838.2 മി. മീറ്റർ മഴയാണ‌് ഇടുക്കിയിൽ പെയ‌്തത‌്. കഴിഞ്ഞദിവസംമാത്രം 129.8 മി. മീറ്റർ മഴ പെയ‌്തു.

വയനാട്ടിൽ മണ്ണിടിച്ചിലിൽ ഒരുമരണം കൂടി
കോഴിക്കോട്‐ബത്തേരി ദേശീയപാതയിൽ വെള്ളാരംകുന്നിലുണ്ടായ മണ്ണിടിച്ചിലിൽ മേപ്പാടി മുപ്പൈനാട് കടൽമാട് വാറങ്ങോടൻ ഷൗക്കത്ത് (33) മരിച്ചു. ഇതോടെ ജില്ലയിൽ മരണം നാലായി. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് വെള്ളാരംകുന്നിൽ മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലുണ്ടായതിന് സമീപത്ത് ആക്രിക്കട നടത്തുകയായിരുന്ന ഷൗക്കത്ത് ഇതുവഴി വരുമ്പോൾ അപകടത്തിൽപെട്ടതാകാമെന്നാണ് സംശയം. ഷൗക്കത്തിനെ കാണതായതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച പകൽ ഒന്നോടെയാണ് മൃതദേഹം കിട്ടിയത്. റോഡിൽ നിർത്തിയിട്ട രണ്ട് കാറും ഒരു ജീപ്പും ഒരു ഓട്ടോയും മണ്ണിടിച്ചിലിൽ കൊക്കയിലേക്ക് പതിച്ചു. വാഹനത്തിലുണ്ടായിരുന്നവർ തലനാരിഴയ‌്ക്ക‌് രക്ഷപ്പെട്ടു.

കോഴിക്കോട് 17 ദുരിതാശ്വാസ ക്യാമ്പുകൾ
കാഠിന്യം അൽപ്പം കുറഞ്ഞെങ്കിലും മലയോരത്ത‌് മഴ തുടരുകയാണ‌്‌.  ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട‌്. ജില്ലയിൽ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചു. മലയോരത്തേക്കുള്ള രാത്രിയാത്രയ‌്ക്കും നിയന്ത്രണമുണ്ട‌്. മഴയും കാറ്റും ഏറെ നാശം വിതച്ച കുറ്റ്യാടി, താമരശേരി, മുക്കം, കുന്നമംഗലം, ഫറോക്ക‌് എന്നിവിടങ്ങളിൽ 170 വീടുകൾ ഭാഗികമായും 15 വീടുകൾ പൂർണമായും തകർന്നു. 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 966 പേരുണ്ട‌്. രണ്ടുദിവസത്തിനിടെ പെയ‌്ത കനത്തമഴയിൽ 1. 34 കോടി രൂപയുടെ നാശമുണ്ടായി. ദുരന്ത നിവാരണത്തിന‌് ജില്ലയിൽ ഏഴു മേഖലകളിലായി തിരിച്ച‌് ടീം രൂപീകരിച്ചിട്ടുണ്ട‌്.

മലമ്പുഴയിൽ ഷട്ടർ 6 സെന്റീമീറ്ററിലേക്ക‌് താഴ‌്ത്തി
മലമ്പുഴ അണക്കെട്ടിലേക്ക‌് നീരൊഴുക്ക‌് കുറഞ്ഞതിനെ തുടർന്ന് ഷട്ടറുകൾ ആറു സെന്റീമീറ്ററിലേക്ക‌് താഴ‌്ത്തി. നിലവിലെ ജലനിരപ്പ‌് 114.65 മീറ്ററാണ‌്. മലയിലെ ഉരുൾപൊട്ടലിനെ തുടർന്ന‌് അണക്കെട്ടിലേക്ക‌് വെള്ളം വൻതോതിൽ എത്തിയ സാഹചര്യത്തിലാണ‌് ഷട്ടറുകൾ ഒന്നര മീറ്റർവരെ ഉയർത്തിയത‌്. മീങ്കര അണക്കെട്ടിൽ രണ്ടാംഘട്ട മുന്നറിയിപ്പും നൽകി. 36 മീറ്റർ പരമാവധി ശേഷിയുള്ള മീങ്കരയിൽ ജലനിരപ്പ‌് 155.33 മീറ്ററിലെത്തി. 1.03 മീറ്റർകൂടി ഉയർന്നാൽ പരമാവധി ശേഷിയിലെത്തും. 156.06ൽ മൂന്നാമത്തെ മുന്നറിയിപ്പ‌് നൽകിയശേഷമേ അണക്കെട്ട് തുറന്നുവിടൂ. ശിരുവാണി ഡാം വെള്ളിയാഴ്ച തുറന്നു. 881.5 മീറ്റർ പരമാവധി ജലനിരപ്പുള്ള ശിരുവാണിയിൽ നിലവിൽ 877.98 മീറ്ററാണ‌് ജലനിരപ്പ‌്. പ്രദേശത്ത‌് ജാഗ്രതാനിർദേശമുണ്ട‌്. 

കണ്ണൂരിൽ 198 കുടുംബം ക്യാമ്പിൽ
മഴയ്ക്ക് നേരിയ ശമനം കിട്ടിയതോടെ കണ്ണൂരിൽ പലയിടത്തുനിന്നും വെള്ളമിറങ്ങിത്തുടങ്ങി. ഉരുൾപൊട്ടലും മലവെള്ളവും ദുരിതം വിതച്ച ജില്ലയിലെ മലയോരമേഖലയിൽ 198 കുടുംബങ്ങളിലായി 633 പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ‌്. രണ്ടുദിവസത്തിനിടെ 205 വീടുകൾക്ക് നാശം സംഭവിച്ചു. ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിൽ മുന്നൂറോളം വീടുകൾ ഇപ്പോഴും വെള്ളംകയറിയ നിലയിലാണ്. വ്യാപകമായി കൃഷി നശിച്ചു.

ആലപ്പുഴയിൽ 3 താലൂക്കിൽ റെഡ‌് അലർട്ട‌്
വെള്ളപ്പൊക്കസാധ്യത പരിഗണിച്ച‌് ആലപ്പുഴയിലെ മൂന്ന‌് താലൂക്കുകൾ റെഡ‌് അലർട്ടിൽ. മഴക്കെടുതിയിൽ ഒരാൾകൂടി മരിച്ചു. ഹരിപ്പാട‌് കുമാരപുരത്ത് ചെമ്പുതോട്ടിൽ ഒഴുക്കിൽപ്പെട്ട‌് പരിക്കേറ്റ‌് ചികിത്സയിലായിരുന്ന താമല്ലാക്കൽ തെക്ക് ഇലഞ്ഞിമൂട്ടിൽ ചന്ദ്രിക(68)യാണ‌് മരിച്ചത്. ശബരിഗിരി  ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ കൊച്ചുപമ്പ, കക്കി, ആനത്തോട‌് അണക്കെട്ടുകൾ തുറന്നതിനാലാണ‌് ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കുട്ടനാട്ട‌് താലൂക്കുകളിൽ റെഡ‌് അലർട്ട‌് പ്രഖ്യാപിച്ചത‌്. 

തൃശൂരിൽ 1029 പേർ ദുരിതാശ്വാസക്യാമ്പുകളിൽ
മഴയിൽ ജില്ലയിൽ 1029 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 304 കുടുംബങ്ങളാണുള്ളത്. ചിമ്മിണി ഡാം വെള്ളിയാഴ‌്ച  തുറന്നു. നാലു ഷട്ടറുകൾ രണ്ടിഞ്ചുവീതമാണ‌് തുറന്നത്. 76.4 മീറ്റർ ജലസംഭരണശേഷിയുള്ള ഡാമിൽ 76 മീറ്ററായപ്പോഴാണ് ഷട്ടറുകളുയർത്തിയത്. ഗുരുവായൂർ  പട്ടാമ്പി പാലത്തിലൂടെ ഗതാഗതം നിയന്ത്രിച്ചു. കുതിരാനിൽ മണ്ണിടിച്ചിൽ തുടരുകയാണ്. കാലവർഷക്കെടുതി വിലയിരുത്താൻ കേന്ദ്രസംഘം ജില്ല സന്ദർശിച്ചു. കേന്ദ്ര കാർഷികമന്ത്രാലയം ഡയറക്ടർ ബി കെ ശ്രീവാസ്തവ, ഊർജമന്ത്രാലയം ഡെപ്യൂട്ടി ഡയറക്ടർ നർസി റാം മീണ, ഗതാഗതമന്ത്രാലയം റീജ്യണൽ ഓഫീസർ വി വി ശാസ്ത്രി എന്നിവരടങ്ങിയ സംഘമാണ്  വിലയിരുത്തിയത്. ഇവർക്കൊപ്പം സംസ്ഥാനത്തിന്റെ പ്രതിനിധിയായി കോ﹣ഓർഡിനേറ്റിങ‌് ഓഫീസർ സിജി എം തങ്കച്ചനുമുണ്ടായി.

ജലനിരപ്പ‌് വീണ്ടുമുയർന്ന‌് പെരിയാർ

പെരിയാറിലെ ജലനിരപ്പ‌് വീണ്ടുമുയർന്നു. ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ അഞ്ച‌് ഷട്ടറുകളും ഉയർത്തിയതോടെയാണ‌് പെരിയാറിലും കൈവഴികളിലും ക്രമാതീതമായി ജലനിരപ്പുയർന്നത‌്. ഇടമലയാർ ഡാമിന്റെ മൂന്നു ഷട്ടറുകൾ ഒരു മീറ്റർ വീതം താഴ‌്ത്തിയതിനാൽ വെള്ളത്തിന്റെ അളവ‌് 600 ക്യൂമെക‌്സിൽനിന്ന‌് 400 ക്യൂമെക‌്സ‌് ആയി കുറഞ്ഞു. എങ്കിലും ഭൂതത്താൻകെട്ട‌് ഡാമിൽ ജലനിരപ്പ‌് വീണ്ടുമുയർന്നു. ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നിട്ടും ജലനിരപ്പ‌് ഉയരുകയാണ‌്. രാവിലെ 29.75 മീറ്ററായിരുന്ന ജലനിരപ്പ‌് വൈകിട്ട‌് അഞ്ചരയോടെ 30.85 മീറ്ററായി. ജില്ലയിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 68 ക്യാമ്പുകളിലായി 9476 പേരാണുള്ളത‌്. പറവൂർ, ആലുവ, കണയന്നൂർ, കുന്നത്തുനാട് താലൂക്കുകളിലാണ‌് ക്യാമ്പുകൾ. 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിവിധ സേനകളെ വിന്യസിച്ചു. ആലുവ പുഴയുടെ തീരത്തെ ഏലൂർ വ്യവസായമേഖലയിലെ വ്യവസായശാലകളിൽ 90 ശതമാനം രാസവസ‌്തുക്കളും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. കർക്കടകവാവ്   ബലിതർപ്പണം പൊലീസിന്റെ കർശന നിയന്ത്രണത്തോടെയാകും നടത്തുക.

മലപ്പുറത്ത് മരണം ആറായി
ചുങ്കത്തറ എരുമമുണ്ട ചെട്ടിയാമ്പാറ ഉരുൾപൊട്ടലിൽ കാണാതായ പറമ്പാടൻ സുബ്രഹ്മണ്യ(34)ന്റെ മൃതദേഹം വെള്ളിയാഴ്ച രാവിലെ എട്ടരയോടെ ദുരന്തനിവാരണസേന കണ്ടെത്തി. ഇതോടെ ദുരന്തം കവർന്ന കുടുംബത്തിലെ ആറുപേരുടെയും മൃതദേഹം കിട്ടി.  ദുരന്തനിവാരണ സേനാംഗങ്ങളെക്കൂടാതെ, കരസേനയുടെ എൻജിനിയറിങ് വിഭാഗം, അഗ്നിരക്ഷാസേന, പൊലീസ്﹣വനം ഉദ്യോഗസ്ഥർ, വിവിധ സന്നദ്ധസംഘടനകൾ, നാട്ടുകാർ എന്നിവരും  തെരച്ചിലിൽ പങ്കാളികളായി. ചാലിയാർ പന്തീരായിരം ഉൾവനത്തിലെ കാനനപാതയും ഇരുമ്പുനടപ്പാലവും പൂർണമായും തകർന്നതോടെ അമ്പുമല കോളനി ഒറ്റപ്പെട്ടു.  21 വീടുകളിലെ 85 പേരാണ് ഒറ്റപ്പെട്ടത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാൻ സർക്കാർ എല്ലാ സംവിധാനങ്ങളും ഒരുക്കിയതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 18 ദുരിതാശ്വാസ ക്യാമ്പുകളിൽ 1114 പേരുണ്ട‌്. 43 കോടിയുടെ നഷ്ടമാണ് പ്രാഥമികമായി കണക്കാക്കിയത്. ധനസഹായം 14ന് പ്രഖ്യാപിക്കും. ശനിയാഴ്ചമുതൽ മന്ത്രി കെ ടി ജലീൽ ജില്ലയിൽ ക്യാമ്പുചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർക്ക് വസ്ത്രവും ഭക്ഷണവും ഉൾപ്പെടെ അവശ്യവസ്തുക്കൾ നൽകാൻ  തയ്യാറാണെന്ന്  രാംകോ സിമെന്റ് കമ്പനി അറിയിച്ചു. ബംഗളൂരു മിലിട്ടറി എൻജിനിയറിങ് വിഭാഗത്തിലെ 64 അംഗസംഘം ജില്ലയിൽ ക്യാമ്പുചെയ്യുന്നുണ്ട്. കാലവർഷക്കെടുതിയിൽ തകർന്ന വണ്ടൂർ നടുവത്ത് റോഡും മമ്പാട് തൂക്കുപാലവും  മൂർക്കനാട് നടപ്പാലവും സേനയുടെ സഹായത്തോടെ പുനർനിർമിക്കും.

പ്രധാന വാർത്തകൾ
 Top