24 May Friday

കനത്തു; മഴയും ദുരിതവും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 15, 2018


വടക്കൻ ജില്ലകളിലും ഇടുക്കിയിലും അതിതീവ്ര മഴ തുടരുന്നതിനാൽ ജനം തീരാദുരിതത്തിൽ. കണ്ണൂർ, കാസർകോട‌്, വയനാട‌്, കോഴിക്കോട‌്, ഇടുക്കി ജില്ലകളിൽ വ്യാപകമായി ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി. ഇടുക്കിയിലും പത്തനംതിട്ടയിലും  മഴ കനത്തതോടെ പമ്പയിലും ജലനിരപ്പുയർന്നു, ഇതോടെ കുട്ടനാട് മേഖലയും ആശങ്കയിലായി. ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ‌് വീണ്ടുമുയർന്നതോടെ എല്ലാ ഷട്ടറുകളും തുറന്നു. മഴയിൽ സംസ്ഥാനത്ത്‌ ചൊവ്വാഴ്‌്‌ചമൂന്നുപേർ മരിച്ചു. തൃശൂർ മണ്ണുത്തിയിൽ മരംവീണും മാരാരിക്കുളത്ത്‌ വെള്ളക്കെട്ടിൽവീണും തിരുവനന്തപുരത്ത്‌  തെങ്ങുവീണുമാണ്‌ മരണമുണ്ടായത്‌.  കണ്ണൂർ ജില്ലയിൽ ചൊവ്വാഴ‌്ച നിലയ‌്ക്കാതെ പെയ‌്ത മഴ കനത്തനാശം വിതച്ചു. കൊട്ടിയൂർ ചപ്പമലയിൽ ഉരുൾപൊട്ടി. മരംവീണ് കൊട്ടിയൂർ ക്ഷേത്ര വഴിപാട് കൗണ്ടർ തകർന്നു.

കനത്ത മഴയ്‌ക്കൊപ്പം ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുകയും ചെയ്‌തതോടെ വയനാട‌് ജില്ല വീണ്ടുംപ്രളയ ഭീഷണിയിലായി. തലപ്പുഴയിൽ ഒരാളെ ഒഴുക്കിൽപ്പെട്ട് കാണാതായി. പൊഴുതന പഞ്ചായത്തിലെ കുറിച്യർമലയിലും സുഗന്ധഗിരിയിലും വീണ്ടും ഉരുൾപൊട്ടി. കഴിഞ്ഞ ദിവസങ്ങളിൽ വെള്ളമിറങ്ങിയ സ്ഥലങ്ങളിൽ വീണ്ടും വെള്ളംമൂടി. ഗതാഗതവും മുടങ്ങി. ബാണാസുര സാഗർ ഡാമിലെ നാലാമത്തെ ഷട്ടറും തുറന്നു. താമരശേരി ചുരത്തിൽ ഒമ്പതാം വളവിൽ മണ്ണിടിഞ്ഞു. വയനാട്‐കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന പാൽചുരത്തിൽ വലിയ വാഹനങ്ങളുടെ ഗതാഗതം  നിരോധിച്ചു.

മലപ്പുറം പോത്തുകല്ല് ‐ മുണ്ടേരി സംസ്ഥാന വിത്തുകൃഷിത്തോട്ടത്തിൽ  വെള്ളംകയറി. തലപ്പൊലിയിൽ പയ്യാനിപാലം വെള്ളം മൂടിയതിനാൽ  50 തൊഴിലാളികൾ ഫാമിൽ ഒറ്റപ്പെട്ടു. ഇവരെ രക്ഷിക്കാൻ സൈന്യത്തിന്റെ സഹായംതേടി. പരമാവധി സംഭരണ ശേഷിയിലെത്തിയതിനെത്തുടർന്ന‌് പാലക്കാട‌് ജില്ലയിലെ ആറ‌് ഡാമുകൾകൂടിതുറന്നു. മലമ്പുഴ ഡാമിന്റെ ഷട്ടറുകൾ ഒന്നരമീറ്റർ ഉയർത്തിയതോടെ കൽപ്പാത്തി, പറളി പുഴകൾ കരകവിഞ്ഞു. പെരുവെമ്പിൽ എൽ പി സ‌്കൂൾ കെട്ടിടം തകർന്നു.

അവധിയായതിനാൽ  കുട്ടികൾ ഉണ്ടായിരുന്നില്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ഇരൂന്നൂറോളം കുടുംബങ്ങൾ കഴിഞ്ഞദിവസം വീടുകളിലേക്ക‌് മടങ്ങിയെങ്കിലും വെള്ളം കയറിയതിനെത്തുടർന്ന‌്  വീണ്ടും ക്യാമ്പുകളിലേക്കു മടങ്ങി. വാളയാർ ഡാമിന്റെയും ചുള്ളിയാർ ഡാമിന്റെയും മൂന്നു ഷട്ടറുകളും ഉയർത്തി. അട്ടപ്പാടിയിൽ ചരിത്രത്തിൽ ഇന്നുവരെയില്ലാത്ത പ്രളയമാണ‌് ഉണ്ടായത‌്. നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു.

തൃശൂർ മണ്ണുത്തി വെറ്ററിനറി കോളേജിൽ പൂമരം കടപുഴകി വീണ് ചെമ്പൂച്ചിറയിലെ ഷാജിയാണ് മരിച്ചത്. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. അതിരപ്പിള്ളിയിലും  തുമ്പൂർമുഴിയിലും സന്ദർശകർക്ക‌് വിലക്കേർപ്പെടുത്തി. അതിരപ്പിള്ളി‐ മലക്കപ്പാറ റൂട്ടിൽ ഗതാഗതവും നിരോധിച്ചു.

ഇടുക്കി ജില്ലയിൽ കീരിത്തോട‌് ചുരളിയിലും അടിമാലി പെട്ടിമുടിയിലുമാണ‌് ഉരുൾപൊട്ടലുണ്ടായത്‌. പത്തനംതിട്ടയിൽ പമ്പാ ഡാമിന്റെ ആറ് ഷട്ടറുകളിൽ രണ്ടെണ്ണം ഉയർത്തിയ സാഹചര്യത്തിൽ പമ്പയിൽ ജലനിരപ്പ് ഉയർന്നു.  ആനത്തോട് ഡാമിന്റെ രണ്ട‌് ഷട്ടറുകളും തുറന്നു. കോട്ടയത്ത‌്  പമ്പയാറിനോടു ചേർന്നുള്ള മുട്ടാറിന്റെ വിവിധ പ്രദേശങ്ങളിൽ ജലനിരപ്പേറി. എസി റോഡിലും കുട്ടനാടിന്റെ ഉൾപ്രദേശങ്ങളിലേക്കും കെഎസ്ആർടിസി ബസ് സർവീസുകൾ പുനഃരാരംഭിച്ചു.

ആലപ്പുഴ ഹരിപ്പാട‌് ചെറുതന മുടിക്കുഴി ദ്വീപിന്റെ ഒരുഭാഗം ഒലിച്ചുപോയി. ഇതൊടെ 12 കുടുംബങ്ങളെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റി. മാരാരിക്കുളത്ത‌് വെള്ളക്കെട്ടിൽ വീണ്‌ ചെത്തുതൊഴിലാ‌ളി മരിച്ചു. തട്ടാറമ്പ‌് വെളിയിൽ രാമചന്ദ്രൻ (56) ആണ‌് മരിച്ചത‌്.

കാറ്റിലും മഴയിലും ശ്രീകാര്യം ചെറുവയ്ക്കലിൽ തെങ്ങ് വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. ശ്രീകാര്യം എൻജിനീയറിംഗ് കോളേജിന് സമീപം അമ്പാടി നഗർ 2 ൽ, കൃഷ്ണകൃപയിൽ പത്മകുമാർ (47‌, കണ്ണൻ) ആണ് മരിച്ചത്.
 

പ്രധാന വാർത്തകൾ
 Top