04 October Wednesday

ആരോഗ്യ 
ഓർഡിനൻസ് ; യാഥാർഥ്യമാക്കിയത്‌ 
അതിവേഗ ഇടപെടൽ

സ്വന്തം ലേഖികUpdated: Wednesday May 17, 2023


തിരുവനന്തപുരം
കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമ ഭേദഗതി ഓർഡിനൻസ്‌ ഒരാഴ്ചയ്ക്കുള്ളിൽ പുറപ്പെടുവിച്ചതിലൂടെ സംസ്ഥാന സർക്കാർ ഉറപ്പിച്ചത്‌ ആരോഗ്യപ്രവർത്തകരുടെ സംരക്ഷണം.

ഏപ്രിൽ അവസാനമാണ്‌ ആരോഗ്യപ്രവർത്തകരുടെ വിവിധ സംഘടനകളുമായി മന്ത്രി വീണാ ജോർജ്‌ ചർച്ച നടത്തിയത്‌. കെജിഎംഒഎ, കെജിഎംസിടിഎ, കെജിഎൻഎ, ഐഎംഎ തുടങ്ങി വിവിധ സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും പരിഗണിച്ച്‌ ഓർഡിനൻസിന്‌ രൂപം നൽകാനും തീരുമാനമായി.  കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ്‌ സർജൻ ഡോ. വന്ദന ദാസ്‌ കുത്തേറ്റ്‌ മരിച്ചതോടെ അതിവേഗം ഓർഡിനൻസിന്‌ രൂപം നൽകി. ഒരാഴ്ചയിൽ ആവശ്യമായ ഭേദഗതികൾ  ഉൾപ്പെടുത്തി മന്ത്രിസഭ അംഗീകാരവും നൽകി. ആരോഗ്യ, ആഭ്യന്തര, നിയമ വകുപ്പുകളുടെയും ആരോഗ്യ, ശാസ്ത്ര സർവകലാശാലകളുടെയും പ്രതിനിധികൾ അടങ്ങിയ സമിതിയാണ്‌ കരട് ഓർഡിനൻസ് തയ്യാറാക്കിയത്‌. വകുപ്പ്‌ സെക്രട്ടറിമാരുടെ നേതൃത്വത്തിലും വിവിധ യോഗങ്ങൾ ഇതിന്റെ ഭാഗമായി ചേർന്നു.

ഡോക്ടർമാർ, മെഡിക്കൽ പിജി വിദ്യാർഥികൾ, ഹൗസ്‌ സർജന്മാർ എന്നിവരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി വീണാ ജോർജും കൂടിക്കാഴ്ച നടത്തി പിന്തുണ ഉറപ്പുനൽകിയിരുന്നു. തുടർന്ന്‌ ചീഫ്‌ സെക്രട്ടറിയടക്കം പങ്കെടുത്ത ഉന്നതതല യോഗം അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശിച്ചതും ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് വേഗംകൂട്ടി.

പൂർണ സുരക്ഷ ഉറപ്പാക്കും : വീണാ ജോർജ്‌
ആരോഗ്യപ്രവർത്തകർക്ക്‌ പൂർണ സുരക്ഷ ഉറപ്പാക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണാ ജോർജ്‌. 2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമത്തിലെ പഴുതുകൾ പൂർണമായും അടച്ചാണ്‌ ഭേദഗതി ഓർഡിനൻസിന്‌ രൂപം നൽകിയത്‌. ഓർഡിനൻസ്‌ ബില്ലായി നിയമസഭയിലെത്തുമ്പോൾ കൂടുതൽ ചർച്ചകളും നിർദേശങ്ങളും ഉണ്ടാകും. വിട്ടുപോയ എല്ലാ നിർദേശങ്ങളും കൂട്ടിച്ചേർക്കാൻ അവസരമുണ്ട്‌. ബില്ലിൻമേലുള്ള ചർച്ചയിൽ ഉരുത്തിരിയുന്ന നിയമസഭാംഗങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും ആവശ്യമെങ്കിൽ ഭേദഗതിയുടെ ഭാഗമാക്കാനാകുമെന്നും മന്ത്രി മാധ്യമങ്ങളോട്‌ പറഞ്ഞു.

ദേശീയതലത്തിലും 
നിയമം വേണം: ഐഎംഎ
ആശുപത്രി സംരക്ഷണത്തിന്‌ കേരളത്തിൽ നിലവിൽവരുന്നതുപോലെയുള്ള നിയമം ദേശീയതലത്തിലും നടപ്പാക്കണമെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുൾഫി നൂഹു. ഐഎംഎയടക്കം ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ ഓർഡിനൻസ് പാസാക്കിയതിൽ സന്തോഷമുണ്ട്. നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കുമ്പോൾ കൂട്ടിച്ചേർക്കലുകൾ ആവശ്യമായി തോന്നിയാൽ സർക്കാരിനെ അറിയിക്കും. പഴുതടച്ച നിയമമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

രോഗികളുടെ അവകാശവും സംരക്ഷിക്കും. ഐഎംഎ വാർറൂമിൽ രജിസ്റ്റർ ചെയ്യുന്ന എല്ലാ സംഭവങ്ങളെക്കുറിച്ചും ആഭ്യന്തര അന്വേഷണം നടത്തും. നിയമം ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല. രോഗിയുമായുള്ള ഡോക്ടറുടെ ആശയവിമയം മെച്ചപ്പെടുത്തുന്നതിനാവശ്യമായ പരിശീലനം പാഠ്യഭാഗങ്ങളിലില്ല. ഇത് പരിഹരിക്കാൻ വിദേശത്തുനിന്നുള്ള വിദഗ്ധരുടെ നേത-ൃത്വത്തിൽ ഡോക്ടർമാർക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 100 ഡോക്ടർമാർക്കാകും പരിശീലനം. ഡോ. വന്ദനയുടെ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. എ മാർത്താണ്ഡപിള്ള, സംസ്ഥാന സെക്രട്ടറി ജോസ് കുര്യൻ, ഐഎംഎ ആക്‌ഷൻ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത്‌ ലാൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം
നിയമ ഭേദഗതി ആത്മവിശ്വാസത്തോടെയും സുരക്ഷിത ബോധത്തോടെയും ജോലി ചെയ്യാൻ സഹായകമാണ്‌. അക്രമികളെ നിയമത്തിന്‌ മുന്നിൽ വേഗത്തിൽ എത്തിക്കാനുള്ള പുതിയ നിർദേശങ്ങൾ പ്രതീക്ഷ നൽകുന്നു. പുതിയ ഭേദഗതികൾ നിലവിലുള്ള നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കുമെന്ന്‌ പ്രത്യാശിക്കുന്നു.

ഡോ. വി ജി പ്രദീപ്‌ കുമാർ ,സംസ്ഥാന മെഡിക്കൽ കൗൺസിൽ ലീഗൽ സെൽ ചെയർമാൻ 

ആരോഗ്യരംഗത്ത് 
നാഴികക്കല്ലാകും
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഓർഡിനൻസ്‌ ആരോഗ്യ മേഖലയിൽ നാഴികക്കല്ലാകും. നിലവിലെ നിയമത്തിലെ പഴുതുകൾ അടച്ചതിലൂടെ ആരോഗ്യപ്രവർത്തകർക്ക്‌ നിർഭയം ജോലിചെയ്യാനുള്ള സാഹചര്യമാണ്‌ സർക്കാർ ഒരുക്കിയിട്ടുള്ളത്‌. വൈദ്യശാസ്‌ത്ര സമൂഹം മുഴുവൻ വലിയ പ്രതീക്ഷയോടെയാണ്‌ ഓർഡിനൻസിനെ കാണുന്നത്‌. സർക്കാർ അഭിനന്ദനം അർഹിക്കുന്നു. 

കെ എസ്‌ ഷിനു 
കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top