11 December Wednesday

കുഴൽപ്പണം ; പ്രതിരോധിക്കാനാകാതെ സുരേന്ദ്രൻ , കൂടുതൽ വിവരം 
വെളിപ്പെടുത്തുമെന്ന്‌ സതീശൻ

പ്രത്യേക ലേഖകൻUpdated: Saturday Nov 30, 2024


തിരുവനന്തപുരം
പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കൊടകര കുഴൽപ്പണക്കേസ്‌ തുടരന്വേഷണം ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്‌ രാഷ്‌ട്രീയമായും അഴിയാക്കുരുക്കാകും. പണം സൂക്ഷിച്ചതും വിതരണം ചെയ്തതുമടക്കം വിശദാംശങ്ങൾ നേരിട്ടറിയുകയും ഇടപെടുകയും ചെയ്ത ബിജെപി ഓഫീസ്‌ സെക്രട്ടറി തിരൂർ സതീശ്‌  ശനിയാഴ്‌ച പ്രത്യേക അന്വേഷകസംഘത്തിന്‌  മൊഴി നൽകും. 90 ദിവസത്തിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനാണ്‌ ഇരിങ്ങാലക്കുട കോടതിയുടെ നിർദേശം. 

ഉപതെരഞ്ഞെടുപ്പിനുശേഷം ബിജെപിക്കുള്ളിൽനിന്നുതന്നെ വലിയ എതിർപ്പ്‌ നേരിടുന്ന സുരേന്ദ്രനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ ആരും തയ്യാറാകുന്നില്ല. വി മുരളീധരനടക്കം കൂടെനിന്നവർ പിന്നിൽനിന്ന്‌ കുത്തുന്നു. പ്രസിഡന്റായി തുടരുന്നത്‌ തടയുക മാത്രമല്ല, പകരക്കാരനായി സുരേന്ദ്രൻ നിർദേശിക്കുന്നയാൾക്ക്‌ തടയിടാനുമാണ്‌ നീക്കം.

പണത്തിൽനിന്ന്‌ നാലുകോടി രൂപ കോൺഗ്രസ്‌ നേതാവ്‌ ഷാഫി പറമ്പിലിന്‌ നൽകിയെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തലും ചർച്ചയാണ്‌. കേസിൽ ബിജെപിയെ എൽഡിഎഫ്‌ സർക്കാർ സഹായിക്കുകയാണെന്ന യുഡിഎഫ്‌ നുണപ്രചാരണത്തിന്റെ മുനയും തുടരന്വേഷണത്തോടെ ഒടിഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ആറ്‌ ചാക്കിലായി ഒമ്പതു കോടി രൂപ കുഴൽപ്പണം എത്തിച്ചെന്നാണ്‌ സതീശിന്റെ പുതിയ വെളിപ്പെടുത്തൽ.  കുഴൽപ്പണം കടത്തിയ ധർമരാജനെ കെ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ്‌ കെ കെ അനീഷ്‌കുമാർ എന്നിവരാണ്‌  പരിചയപ്പെടുത്തിയതെന്നും പറഞ്ഞിരുന്നു. സുരേന്ദ്രനുമായി കാലങ്ങളായി ബന്ധമുണ്ടെന്നാണ്‌ അറസ്റ്റിലായ ധർമരാജന്റെ മൊഴി. പണംതട്ടിയപ്പോൾ കൊടകരയിൽനിന്ന്‌ ധർമരാജൻ സുരേന്ദ്രന്റെ മകനെ ഫോണിൽ വിളിച്ചിരുന്നു. കുഴൽപ്പണം കവർന്നെന്ന പരാതി പൊലീസിൽ നൽകാൻ വൈകിച്ചതിനുപിന്നിലും സുരേന്ദ്രനാണെന്നാണ്‌ പിടിയിലായവർ വ്യക്തമാക്കുന്നത്‌.

കൂടുതൽ വിവരം 
വെളിപ്പെടുത്തുമെന്ന്‌ സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പുസമയത്ത്‌  തൃശൂരിലെ ബിജെപി  ജില്ലാകമ്മിറ്റി ഓഫീസിൽ ആറു ചാക്കുകളിലായി  ഒമ്പതു കോടി കുഴൽപ്പണം എത്തിച്ചതിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷക സംഘത്തോട്‌ വെളിപ്പെടുത്തുമെന്ന്‌ തിരൂർ സതീശൻ. ചോദ്യം ചെയ്യലിന്‌ ശനിയാഴ്‌ച ഹാജരാവും. കള്ളപ്പണം സൂക്ഷിക്കാൻ ആർക്കും അധികാരമില്ല.  എന്തുകൊണ്ട്‌ കള്ളപ്പണം ഇറക്കി, പണം  എന്തു ചെയ്‌തു തുടങ്ങിയവയിൽ തനിക്കറിയാവുന്നതെല്ലാം പൊലീസിനോട്‌ പറയും.  തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു ബിജെപി ജില്ല കമ്മറ്റി ഓഫീസിന്റെ മുൻ സെക്രട്ടറിയായിരുന്ന  സതീശൻ.  കുഴൽപ്പണം ഉപയോഗിച്ച്‌  നേതാക്കൾ വാഹനങ്ങളും ഭൂമിയും വാങ്ങിക്കൂട്ടിയതായി അറിയാമെന്ന്‌ നേരത്തേ  സതീശൻ പറഞ്ഞിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top