20 March Wednesday

മാറുന്ന ലോകത്തിനൊപ്പം ; ഫ്യൂച്ചർ ഉച്ചകോടിക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Mar 23, 2018

കൊച്ചിയിൽ ഹാഷ് ഫ്യൂച്ചർ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിൽ പ്രദർശിപ്പിച്ച റോബോട്ട് കാണുന്നു


കൊച്ചി > കേരളത്തിന് ഡിജിറ്റൽ സാങ്കേതികവിദ്യയിലെ പുത്തൻ രീതികൾ പരിചയപ്പെടുത്താനും ഈ രംഗത്തെ സാധ്യതകൾ തിരിച്ചറിയാനും ലക്ഷ്യമിട്ടുള്ള ഹാഷ് ഫ്യൂച്ചർ ഡിജിറ്റൽ ഉച്ചകോടിക്ക് കൊച്ചിയിൽ തുടക്കം. ഡിജിറ്റൽ കേരളത്തിനായുള്ള എൽഡിഎഫ് സർക്കാരിന്റെ നൂതനചുവടുവയ്പ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. സംസ്ഥാനത്തെ 1000 പൊതു ഇന്റർനെറ്റ് ഇടങ്ങളുടെ പ്രഖ്യാപനവും സർക്കാർ സേവനങ്ങൾക്കായുള്ള ഔദ്യോഗിക മൊബൈൽ ആപ്പ് 'എം കേരള'ത്തിന്റെ ലോഞ്ചിങ്ങും മുഖ്യമന്ത്രി നടത്തി. ഡിജിറ്റൽ, ഐടി, വ്യവസായ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമടക്കമുള്ള അതിഥികളും രണ്ടായിരത്തോളം പ്രതിനിധികളും സന്നിഹിതരായിരുന്നു. 

ഉച്ചകോടിയിൽ ഈ രംഗത്തെ പ്രമുഖർ നൂതനാശയങ്ങൾ പങ്കുവെച്ചു. നിലവിലെ വിപണിയെ അലോസരപ്പെടുത്തുന്ന കണ്ടുപിടിത്തങ്ങൾ അനുദിനം ഉണ്ടാകുന്നതായി ഐടി ഉന്നതാധികാരസമിതി ചെയർമാനും ഇൻഫോസിസ് സഹസ്ഥാപകനുമായ എസ് ഡി ഷിബുലാൽ പറഞ്ഞു. നിർമിതബുദ്ധി, ബ്ലോക്ക് ചെയിൻ തുടങ്ങിയ ഡിജിറ്റൽ പരിണാമത്തിൽ കേരളമാകും പ്രധാന കേന്ദ്രം. ഇതിനായി എല്ലാ മേഖലയിലെയും ലോകത്തെ മികച്ച ബുദ്ധികേന്ദ്രങ്ങളെ ഒരുമിച്ചുകൊണ്ടുവരലാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡിജിറ്റൽ രംഗം നിരന്തരം മാറ്റത്തിന് വിധേയമാകുന്നതിനാൽ ഐടി നയത്തിലെ ഉപനയങ്ങൾ വർഷംതോറും പുനഃപരിശോധിക്കുമെന്ന് ഐടി സെക്രട്ടറി എം ശിവശങ്കർ പറഞ്ഞു. ഹാഷ്ഫ്യൂച്ചർ ആപ്പിൽ രജിസ്റ്റർചെയ്ത എല്ലാവർക്കും പൊതു ഇടങ്ങളിലെ വൈഫൈയിലൂടെ ഒരു വർഷത്തേക്ക് പരിധിയില്ലാതെ സൗജന്യമായി ഇന്റർനെറ്റ് ഉപയോഗിക്കാമെന്നും ഐടി സെക്രട്ടറി പ്രഖ്യാപിച്ചു. ആഗോളതലത്തിൽ ഡിജിറ്റൽ മേഖലയിലെ അവസരങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ഹാഷ് ഫ്യൂച്ചർ കൺവീനർ വി കെ മാത്യൂസ് അവതരണം നടത്തി. ഡിജിറ്റൽ ഉച്ചകോടിക്ക് സംസ്ഥാന സർക്കാരിന്റെ സഹകരണവുമുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി പോൾ ആന്റണി പറഞ്ഞു.

കേരളത്തിന്റെ ഡിജിറ്റൽ ഭാവി സംബന്ധിച്ച് മുഖ്യമന്ത്രി വിദഗ്ധരുമായി ചർച്ച നടത്തി. കൂടിക്കാഴ്ച ഒന്നര മണിക്കൂറോളം നീണ്ടു. അഡ്വാൻസ്ഡ് ഇമേജിങ് സൊസൈറ്റി പ്രസിഡന്റ് ജിം ചാബിൻ, വി ആർ‐ സോണി ഡയറക്ടർ ജെയ്ക് ബ്ലാക്ക്, റെയ്സ് ത്രിഡി സിഇഒ അനു‘സിൻഹ, ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേക്കനി, ഹാർവാർഡ് മെഡിക്കൽ സ്കൂൾ പ്രൊഫസർ അജിത് തോമസ്, ഇലനോയി യൂണിവേഴ്സിറ്റി പ്രൊഫസർ കേശ് കേശവദാസ്, എമിറേറ്റ്സ് ചീഫ് ഡിജിറ്റൽ ഓഫീസർ ക്രിസ്റ്റോ മുള്ളർ, ലുഫ്താൻസ ഗ്ലോബൽ സിഇഒ റോളണ്ട് ഷൂൾസ, മാപ്പ് മൈ ജീനോം സിഇഒ അനുരാധ ആചാര്യ, ക്യുർ സിഇഒ പ്രശാന്ത്വാര്യർ, ബൈജൂസ് ആപ്പ് സിഇഒ ബൈജു രവീന്ദ്രൻ, കെപിഎംജി സിഇഒ അരുൺകുമാർ, സിസ്കോ സിസ്റ്റംസ് എംഡി ഹരീഷ് കൃഷ്ണൻ, സ്മാർട്ട് സിറ്റി, സാൻഡ്സ് ഇൻഫ്രാ പ്രതിനിധികൾ എന്നിവരുമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

തുടർന്ന് യാത്ര, ഗതാഗതം എന്നിവയിലെ ഡിജിറ്റൽ ഭാവി’എന്ന വിഷയത്തിലും ആരോഗ്യരംഗത്തെ ഭാവിയും സ്ഥിരതയും എന്ന വിഷയത്തിലും സെഷനുകളും നടന്നു. വിവിധ മേഖലകളിലെ മുപ്പതിൽപ്പരം വിദഗ്ധർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും. ആഗോളതലത്തിലെ ഉന്നതരായ പ്രൊഫഷണലുകൾ, സംരംഭകർ, സ്റ്റാർട്ട് അപ്പുകൾ, സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർഥികൾ തുടങ്ങി രണ്ടായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച സമാപിക്കും.

കേരളം വിവരസാങ്കേതികവിദ്യയുടെ ആഗോളകേന്ദ്രമാകും: മുഖ്യമന്ത്രി
കൊച്ചി > വിവരവിനിമയത്തിന്റെയും ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ആഗോള ലക്ഷ്യകേന്ദ്രമാക്കി കേരളത്തെ മാറ്റുമെന്നുംഹാഷ് ഫ്യൂച്ചർ സമ്മിറ്റ് അതിന്റെ ആദ്യപടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൊച്ചിയിൽ ഹാഷ് ഫ്യൂച്ചർ ഗ്ലോബൽ ഐടി സമ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പശ്ചാത്തലസൗകര്യ വികസനരംഗത്ത് മാത്രമല്ല, ഡിജിറ്റൽ വികസനത്തിനുകൂടി സംസ്ഥാനസർക്കാർ മുൻഗണന നൽകുന്നു. ഇന്റർനെറ്റ് പൗരന്റെ അവകാശമായി സർക്കാർ പ്രഖ്യാപിച്ചുകഴിഞ്ഞു. പാർക്കുകളും ലൈബ്രറികളുമടക്കം ഉൾപ്പെടുത്തി എല്ലാ വർഷവും കുറഞ്ഞത് 1000 സൗജന്യ പൊതു വൈഫൈ സ്പോട്ടുകൾ ലഭ്യമാക്കും. ഓഫീസുകളെയും വീടുകളെയും അതിവേഗമുള്ള ഫൈബർ നെറ്റ്വർക്ക്വഴി ബന്ധിപ്പിച്ചുവരികയാണ്. ഗ്രാമങ്ങളെയും തീരദേശങ്ങളെയും ബന്ധിപ്പിച്ച് അവസാന വ്യക്തിയെയും ഇന്റർനെറ്റുമായി ബന്ധിപ്പിക്കുന്നത് കേരളത്തിൽ യാഥാർഥ്യത്തിന് അരികെയാണ്. ഡിജിറ്റൽ ജീവിതശൈലി സാർവത്രികമാക്കുകയും വിവരസാങ്കേതിക രംഗത്ത് കേരളത്തിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയുമാണ് സർക്കാർ ലക്ഷ്യം.

അറിവാണ് കേരളത്തിന്റെ ഭാവി. കേരളത്തിലെ വിദ്യാഭ്യാസം ആഗോളതലത്തിൽതന്നെ യുവാക്കളെ മത്സരത്തിന് പ്രാപ്തമാക്കുന്നുണ്ട്. എന്നാൽ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്കനുസരിച്ച്  യുവാക്കളുടെ വൈദഗ്ധ്യവും വികസിപ്പിക്കേണ്ടതുണ്ട്. കേരളത്തിലെ ഉയർന്ന വിദ്യാഭ്യാസയോഗ്യതയും വൈദഗ്ധ്യമുള്ള മനുഷ്യ വിഭവശേഷിയും ലോകനിലവാരമുള്ള ഭൗതിക‐ഡിജിറ്റൽ പശ്ചാത്തലസൗകര്യവും വൻകിട കമ്പനികളെ ആകർഷിക്കും. വൈദഗ്ധ്യമുള്ള യുവാക്കൾക്ക് ഇവിടെ തന്നെ തൊഴിൽസൗകര്യം ഉണ്ടാക്കും.

സാമൂഹിക‐സാമ്പത്തിക മേഖലയുടെ പരിവർത്തനത്തിൽ വിവര‐ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സാധ്യത സർക്കാർ തിരിച്ചറിയുന്നു. ബാങ്കിങ്, ആരോഗ്യം, വിനോദസഞ്ചാരം, ചരക്കുഗതാഗതം എന്നീ രംഗത്ത് വിവര‐ഡിജിറ്റൽ മേഖല വിപ്ലവകരമായ മാറ്റമുണ്ടാക്കി. വ്യവസായം, ആരോഗ്യം, വിദ്യാഭ്യാസം, സർക്കാർ സേവനം എന്നീ മേഖലകളെ പുതിയ സങ്കേതികവിദ്യയുടെ അടിസ്ഥാനത്തിൽ സജ്ജമാക്കാനും ഈ സമ്മേളനം സഹായിക്കും.

ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഐടി രംഗത്തെ വിദഗ്ധരുടെയും സംരംഭകരുടെയും നിക്ഷേപകരുടെയും കൂട്ടായ്മയിലൂടെ കേരളത്തെ ഡിജിറ്റൽ ജീവിതരീതിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഡിജിറ്റൽ രംഗത്ത് നിക്ഷേപം സാധ്യമാക്കുക, ഐടി രംഗത്തെ പുതിയ സംരംഭകരെയും പ്രതിഭകളെയും പ്രോത്സാഹിപ്പിക്കുക, ലാസ്റ്റ് മൈൽ കണക്ടിവിറ്റി സാധ്യമാക്കുക എന്നിവയും ഈ സമ്മേളനത്തിലൂടെ ലക്ഷ്യമിടുന്നതായും മുഖ്യമ്രന്തി പറഞ്ഞു. ഒരേസമയം 100 സർക്കാർസേവനങ്ങൾ ലഭ്യമാകുന്ന എം കേരള മൊബൈൽ ആപ്പും ചടങ്ങിൽ പുറത്തിറക്കി. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top