21 October Wednesday

ആ പ്രതിഷേധം കത്തിപ്പടർന്നത്‌ ഈ വരച്ചന്തത്തിൽ

എം കെ പത്മകുമാർUpdated: Thursday Sep 24, 2020

ഹരിൺ കൈരളി ഗ്രാഫിക്‌സ്‌ തയ്യാറാക്കുന്നു

ആലപ്പുഴ> ആ ഒറ്റയാൾ പ്രതിഷേധം സമൂഹ മാധ്യമങ്ങളിൽ വൈറലാക്കിയത്‌ പുന്നപ്രക്കാരൻ ഹരിൺ കൈരളി. എറണാകുളത്ത്‌ ബിജെപി സമരത്തിന്‌ മുന്നിൽ‌ ചെങ്കൊടി വീശിയുള്ള സിപിഎ എം പ്രവർത്തകൻ രതീഷിന്റെ ഒറ്റയാൾ പ്രതിഷേധമാണ്‌ ഹരിണിന്റെ ഗ്രാഫിക്‌സിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം പടർന്നത്‌‌.
 
എം സ്വരാജ്‌ എംഎൽഎ ചാനൽ ചർച്ചയ്‌ക്കിടെ പറഞ്ഞ ‘ഞങ്ങളിലൊന്നേ അവശേഷിക്കുന്നുള്ളൂ  എങ്കിൽപ്പോലും അയാളൊറ്റക്കൊരു പാർട്ടിയായി മാറും’ എന്ന വരികൾ ചേർത്താണ്‌ ഈ ഗ്രാഫിക്‌സ്‌‌ ഡിസൈനർ ഫെയ്സ്‌ബുക്കിൽ പോസ്‌റ്റ്‌‌ ചെയ്‌തത്‌. 
 
 നിമിഷങ്ങൾക്കുള്ളിൽ വൈറലായ ഈ ചിത്രം  മന്ത്രിമാർ ഉൾപ്പെടെയുള്ളവർ ഷെയർ ചെയ്‌തു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും വിദേശത്തു നിന്നും അഭിനന്ദനമെത്തി. കോൺഗ്രസ്‌ നേതാവ്‌ ടി സിദ്ദീഖ്‌ ഈ പോസ്‌റ്റിനെതിരെ ഫെയ്സ്‌ബുക്കിൽ കുറിപ്പിട്ടപ്പോൾ പൊങ്കാലയിട്ടവരുടെ കൂട്ടത്തിൽ സ്വന്തം അണികളുമുണ്ടായിരുന്നു. 
 
പുന്നപ്ര പുത്തൻ വെളിയിൽ ഉപേന്ദ്രന്റെയും വിജയമ്മയുടെയും മകനാണ്‌ ഈ 31കാരൻ.  11 വർഷമായി ഗ്രാഫിക്‌ ഡിസൈനറാണ്‌. പുന്നപ്രയിലെ ആപ്പിൾ ഗ്രാഫിക്‌സിലാണ്‌ ജോലി. സിപിഐ എം പ്രവർത്തകനായ ഹരിൺ മൾട്ടി മീഡിയ, ആനിമേഷൻ കോഴ്സുകൾ പഠിച്ച ശേഷമാണ്‌ വരയിലേക്കു തിരിഞ്ഞത്‌. 
 
  ‘സംഘി വിരുദ്ധ’ കാർട്ടൂണുകളിലാണ്‌ ‘സ്‌പെഷലൈസേഷൻ’. ഇതിന്റെ പേരിൽ തെറിയും വധഭീഷണിയുമുണ്ട്‌. ശബരിമലയിലെ സ്‌ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട്‌ വരച്ച കാർട്ടൂണിന്റെ പേരിലാണ്‌ വധഭീഷണി ഉയർന്നത്‌. ഈ  അടുത്ത കാലത്ത്‌ വൈറലായ ‘അതാണ്‌ മോനേ മനോരമ വെളുപ്പിച്ച ചാണ്ടി സെർ’,  പ്രധാനമന്ത്രി നരേന്ദ്ര മോഡി കതിരുകൾ അരിഞ്ഞു തള്ളുന്ന ‘കഞ്ഞികുടി മുട്ടിക്കൽ ചലഞ്ച്‌’ എന്നിവയും ഈ ഡിസൈനറുടേതാണ്‌‌. 
 
 വരച്ച ചിത്രങ്ങളിൽ ഏറ്റവുമധികം സംതൃപ്തി നൽകിയത്‌ ഒറ്റയാൾ പോരാട്ടത്തിന്റേതാണെന്ന്‌ ഹരിൺ പറഞ്ഞു. ഇക്കുറി അഭിനന്ദന പ്രവാഹമായിരുന്നു.  സൈബർ ഗുണ്ട, അന്തം കമ്മി എന്നിങ്ങനെയാണ്‌ ഈ യുവാവ്‌ ഫെയ്‌സ്‌ബുക്കിൽ സ്വയം വിശേഷിപ്പിക്കുന്നത്‌. കോവിഡ്‌ കാലത്ത്‌ വീട്ടിലിരുന്നാണ്‌ ജോലി‌. കൂട്ടായി  ഭാര്യ ശരണ്യയും മകൻ അദ്രിത്തുമുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top