28 February Sunday
സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം

തുറമുഖ വികസനം ; 34.17 കോടിയുടെ 
പദ്ധതികൾക്ക് തുടക്കം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021


തിരുവനന്തപുരം
തുറമുഖങ്ങളിൽ 34.17 കോടിയുടെ വിവിധ വികസന പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌തു. വിഴിഞ്ഞം, കൊല്ലം, ആലപ്പുഴ, ബേപ്പുർ, അഴീക്കൽ തുറമുഖങ്ങളിലാണ്‌ പദ്ധതി.  ബേപ്പുർ തുറമുഖത്ത് ഭൂമി ഏറ്റെടുക്കലും സ്ഥിരം ഇഡിഐ സംവിധാനവുമാണ് ഉദ്ഘാടനം ചെയ്തത്. തുറമുഖ വികസനത്തിന് 3.85 ഏക്കർ 28 കോടി രൂപ നൽകിയാണ് ഏറ്റെടുത്തത്. വിദേശ കപ്പലുകൾക്ക് ചരക്ക് നീക്കം സുഗമമാക്കാനാണ്  32 ലക്ഷം രൂപയുടെ സ്ഥിരം ഇലക്ട്രോണിക് ഡാറ്റ ഇന്റർഫെയ്സ് സ്ഥാപിച്ചത്.

കൊല്ലം തങ്കശേരി തുറമുഖത്ത് ജലവാഹനങ്ങളുടെ അറ്റകുറ്റപ്പണി നടത്താൻ 3.90 കോടി രൂപ ചെലവഴിച്ചാണ് മെക്കാനിക്കൽ എൻജിനിയറിങ് വർക്‌‌ഷോപ് നിർമിച്ചത്. 1.21 കോടി രൂപ ചെലവഴിച്ച് നിർമിച്ച ആലപ്പുഴ മാരിടൈം ട്രെയിനിങ് സെന്ററിൽ വിനോദ സഞ്ചാര ബോട്ടിനും മത്സ്യത്തൊഴിലാളികൾക്കും ആവശ്യമായ വിവിധ ലൈസൻസുകൾക്കുള്ള പരിശീലനം നൽകും.
വിഴിഞ്ഞത്ത് ക്രൂ ചെയ്ഞ്ചിങ് ഫെസിലിറ്റേഷൻ സെന്ററാണ് ഉദ്ഘാടനം ചെയ്തത്.

സർക്കാർ മത്സ്യത്തൊഴിലാളികൾക്കൊപ്പം
ഏത്‌ ആരോപണം ഉന്നയിച്ചാലും മത്സ്യത്തൊഴിലാളികളെ ഒപ്പം നിർത്തുന്ന നിലപാടിൽനിന്ന്‌ സർക്കാർ പിന്മാറില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. തുറമുഖങ്ങളും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുന്ന സർക്കാരിനെ അവഹേളിക്കാനാണ്‌ ചിലർ ആരോപണങ്ങളുമായി രംഗത്ത്‌ വന്നത്‌. സർക്കാരിന്റെ എല്ലാ വികസന ക്ഷേമ പ്രവർത്തനങ്ങളെയും എതിർത്തവരാണ്‌  ഇതിന് പിന്നിലും.

ആഴക്കടൽ മത്സ്യബന്ധനത്തിൽ സർക്കാരിന്‌ വ്യക്തമായ നിലപാടുണ്ട്‌. വാർത്താ പ്രധാന്യം ലഭിക്കാനാണ്‌ ചിലർ ആരോപണവുമായി വരുന്നത്‌. ആഗോളവൽക്കരണത്തിനെതിരായ ബദൽ നയത്തിലൂടെ സമഗ്രമായ വികസന പ്രവർത്തനമാണ്‌ സർക്കാരിന്റേത്‌. അതുകൊണ്ടാണ്‌ എതിർത്തവർപോലും വികസന പദ്ധതി യാഥാർഥ്യമാകുമ്പോൾ അഭിനന്ദിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരദേശ മേഖലയ്‌ക്ക്‌ വലിയ പ്രതീക്ഷയേകുന്ന 34.17 കോടിരൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്തത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top