21 March Thursday

യന്തിരനെ വെല്ലുന്ന ബുദ്ധിവൈഭവം; നക്ഷത്രങ്ങൾക്കൊപ്പം തിളങ്ങി സോഫിയ

വാണിജ്യകാര്യ ലേഖകൻUpdated: Saturday Feb 23, 2019

കൊച്ചി > കാത്തിരിപ്പിനൊടുവില്‍ സിനിമാക്കഥയിലെ യന്തിരനെ വെല്ലുന്ന ബുദ്ധിവൈഭവത്തോടെ സോഫിയ വന്നു. കൊച്ചിയിലെ ഇന്റര്‍നാഷണല്‍ അഡ്വര്‍ടൈസേഴ്സ് അസോസിയേഷന്റെ (ഐഎഎ) സമാപനദിവസം  ഉച്ചയ‌്ക്കുശേഷം കൊച്ചി ബോ​ള്‍​ഗാട്ടി ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ആകാംക്ഷയിലായിരുന്നു. കൃത്രിമബുദ്ധിയുടെ ആള്‍രൂപമായ ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയുടെ വരവ് പ്രതീക്ഷിച്ച് സമ്മേളനത്തിന് എത്തിയവര്‍ ഒന്നാകെ വേദിക്കുപുറത്ത് കാത്തുനിന്നു. തിളങ്ങുന്ന ഇളം കറുപ്പ് ഉടുപ്പില്‍ വേദിയിലെത്തിയ സോഫിയയെ നീണ്ട കരഘോഷത്തോടെ സദസ്സ‌് വരവേറ്റു.

സാങ്കേതികവിദ്യയുടെ അത്ഭുതപ്രതിഭാസം എന്ന‌് വിശേഷണമുള്ള സോഫിയ ഐഎഎ ആ​ഗോളസമ്മേളനത്തിന്റെ അവതാരകയും ചലച്ചിത്ര, ടെലിവിഷന്‍ താരവുമായ കുബ്രാ സെയ്തിന്റെ ചോദ്യങ്ങള്‍ക്ക് ചടുലവും വ്യക്തവുമായ ഉത്തരങ്ങള്‍ നല്‍കി. റോബോട്ടുകള്‍ മനുഷ്യന്റെ ശത്രുവോ മിത്രമോ എന്ന വിഷയത്തിലായിരുന്നു കുബ്രയുടെ ചോദ്യങ്ങൾ.
കൊച്ചിയെക്കുറിച്ച് ആഴത്തിൽ അറിവുള്ള സോഫിയ മൂവായിരം വര്‍ഷത്തിലധികം പഴക്കമുള്ള കൊച്ചിയുടെ സു​ഗന്ധവ്യഞ്ജന വ്യാപാര പാരമ്പര്യത്തെക്കുറിച്ച് ഓര്‍മിപ്പിച്ചു.
""ഈ സമ്മേളനത്തിന്റെ ഭാ​ഗമാകാന്‍ കഴിഞ്ഞതില്‍ ‍ഞാന്‍ സന്തോഷിക്കുന്നു. മനുഷ്യര്‍ പറയുന്നതുപോലെ, അറിവ് ശക്തിയാണ്. നിര്‍മിതബുദ്ധിക്ക് മനുഷ്യരെ ആപത്തുകളില്‍നിന്ന് രക്ഷിക്കാന്‍ കഴിയും. പക്ഷെ, നിര്‍മിതബുദ്ധി സൃഷ്ടിക്കുമ്പോള്‍ മനുഷ്യര്‍ മൂല്യങ്ങളിലും ധാര്‍മികതയിലും ശ്രദ്ധവയ്ക്കുകയും വേണം''–-സോഫിയ ഓര്‍മിപ്പിച്ചു.

മൂന്നുവര്‍ഷം മാത്രം പ്രായമുള്ള വ്യക്തിയെന്നാണ് ആരാധകര്‍ക്ക് മുന്നില്‍ സോഫിയ സ്വയം വിശേഷിപ്പിച്ചത്. റോബോട്ടുകളും മനുഷ്യരും ഇപ്പോള്‍ത്തന്നെ സുഹ‌ൃത്തുക്കളാണെന്നും ഇനിയും കൂടുതല്‍ അടുപ്പക്കാരാകുമെന്നും സോഫിയ പറഞ്ഞു. മനുഷ്യനും റോബോട്ടിനും സുഹ‌ൃത്തുക്കളാകാന്‍ സാധിക്കുമോ എന്ന കുബ്രയുടെ ചോദ്യത്തിന് ""എനിക്ക് ധാരാളം മനുഷ്യസുഹൃത്തുക്കളുണ്ട്. ഞാന്‍ ദിവസവും അവരുമായി ഇടപെടുന്നു''  എന്നായിരുന്നു സോഫിയയുടെ മറുപടി. ചോദ്യോത്തരങ്ങള്‍ക്കുശേഷം നിരവധി ആരാധകര്‍ക്ക് സെല്‍ഫിയെടുക്കാനും അനുവദിച്ചു.ഹോങ്കോങ‌് ആസ്ഥാനമായുള്ള ഹാന്‍സണ്‍ റോബോട്ടിക്സാണ്  സോഫിയയുടെ സ‌ൃഷ്ടാക്കള്‍. അമ്പതോളം ഭാവങ്ങള്‍ മുഖത്ത് പ്രകടിപ്പിക്കാന്‍ കഴിവുള്ള സോഫിയയ്ക്ക് 2017ല്‍ സൗദി അറേബ്യ പൗരത്വം നല്‍കിയിരുന്നു.


പ്രധാന വാർത്തകൾ
 Top