16 December Monday

ഈ വര്‍ഷത്തെ ഹജിന് സമാപനം

അനസ് യാസിന്‍Updated: Wednesday Aug 14, 2019

മനാമ > ഈ വര്‍ഷത്തെ ഹജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തിയായി. വിദേശ  തീര്‍ഥാടകരുടെ മടക്കയാത്ര ബുധനാഴ്ചയാരംഭിച്ചു. ഇന്ത്യന്‍ തീര്‍ഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും. കേരളത്തില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി നേരത്തെ എത്തിയവര്‍ ഈ മാസം 17 മുതലും കൊച്ചിയില്‍ നിന്ന് എത്തിയവര്‍ 29 മുതലുമാണ് നാട്ടിലേക്ക് മടങ്ങുക.

കേന്ദ്ര ഹജ് കമ്മിറ്റി വഴിയെത്തിയ തീര്‍ഥാടകരുടെ മടക്കയാത്ര ജിദ്ദയില്‍നിന്ന് ആഗസ്ത് 16 നും മദീനയില്‍നിന്ന് 27 നും ആരംഭിക്കുമെന്ന് ഇന്ത്യന്‍ ഹജ്മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. കേരള ഹജ് കമ്മിറ്റി വഴിയെത്തിയ ഹാജിമാരുടെ ആദ്യ സംഘം ആഗസ്ത് 18 ന് ജിദ്ദയില്‍നിന്ന് മടങ്ങും. സ്വകാര്യ ഗ്രൂപ്പിലെത്തിയവര്‍ ശനിയാഴ്ച മടങ്ങി തുടങ്ങും. കേരള ഹാജിമാരുടെ മദീന സന്ദര്‍ശനം പൂര്‍ത്തിയായതിനാല്‍ എല്ലാവരും ജിദ്ദയില്‍നിന്നുമായിരിക്കും നാട്ടിലേക്കു തിരിക്കുക. ആഭ്യന്തര ഹാജിമാരും ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരും ചൊവ്വാഴ്ച തന്നെ നാട്ടിലേക്ക് മടങ്ങി. 
150 ലേറെ രാജ്യങ്ങളില്‍നിന്നുള്ള 24,89,406 പേര്‍ ഈ വര്‍ഷം ഹജ് നിര്‍വഹിച്ചതായതാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 18,55,027 പേര്‍ വിദേശികള്‍. സൗദിയുമായി നല്ല ബന്ധത്തിലല്ലാത്ത ഇറാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരും ഹജിനെത്തി. ആഭ്യന്തര ഹാജിമാരായി എത്തിയത്  6,34,379 തീര്‍ഥാടകരാണ്. ഇന്ത്യയില്‍നിന്ന് രണ്ടു ലക്ഷത്തോളം തീര്‍ഥാടകരെത്തി. ഇതില്‍ കാല്‍ ലക്ഷത്തോളം പേര്‍ മലയാളികളായിരുന്നു.

കാര്യമായ അനിഷ്ട സംഭവങ്ങള്‍ ഒന്നുമില്ലാതെയാണ് ഈ വര്‍ഷം ഹജിന് സമാപനമായത്. കടുത്ത ചൂടിലാണ് ഹജ് തുടങ്ങിയതെങ്കിലും അറഫയിലും മിനയിലും അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ ചൂടിന് അല്‍പ്പം ശമനമുണ്ടാക്കി.
 


പ്രധാന വാർത്തകൾ
 Top