23 January Wednesday

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സമരം ആചാരം ലംഘിച്ച സമരം; അന്നത്തെ നിലപാട്‌ ഇന്നെടുക്കാൻ കോൺഗ്രസിന്‌ കഴിയുമോ: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Thursday Nov 8, 2018

തൃശൂർ > സ്വാതന്ത്ര്യസമരകാലത്ത് കോൺഗ്രസിന്റെ ദേശീയനേതാക്കൾ അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ സ്വീകരിച്ച നിലപാട് ഇപ്പോഴത്തെ കോൺഗ്രസുകാർ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനാചാരങ്ങൾ അവസാനിപ്പിക്കണമെന്ന കാര്യത്തിൽ മുൻകാല ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കൾക്ക് ഒരു സംശയവും ഉണ്ടായിരുന്നില്ല. അക്കാലത്ത് കോൺഗ്രസ് നേതൃത്വം കൈക്കൊണ്ട നിലപാട് ഇപ്പോൾ കൈക്കൊള്ളാൻ വർത്തമാനക്കാലത്തെ കോൺഗ്രസ് നേതൃത്വത്തിന് കഴിയുന്നുണ്ടോ എന്നീ കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂർ കിഴക്കേനടയിൽ ഗുരുവായൂർ ക്ഷേത്രപ്രവേശന സ്മാരകവും സിസിടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

നവോത്ഥാനത്തിന്റെ ഭാഗമായി നമ്മുടെ നാട് ഏറെ മുന്നോട്ടുപോയെങ്കിലും, പുതിയ സാഹചര്യത്തിൽ ഒരു കൂട്ടർ എത്രത്തോളം പുറകോട്ടുപോയി എന്നത് നാം തിരിച്ചറിയണം. എത്രയോ ചട്ടങ്ങളേയും ആചാരങ്ങളേയും മാറ്റിയാണ് സമൂഹം മുന്നോട്ടുപോയത്. നവോത്ഥാനം സമൂഹത്തിന് മനുഷ്യത്വത്തിന്റെ വെളിച്ചം നൽകി. നവോത്ഥാന ചരിത്രത്തിലെ തിളക്കമേറിയ കണ്ണിയാണ് ഗുരുവായൂർ സത്യഗ്രഹമെന്ന കാര്യം മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലോചിതമായി ആചാരങ്ങൾ മാറ്റാനും പരിഷ്‌ക്കരിക്കാനും മുന്നിലുണ്ടായിരുന്നത് വിശ്വാസികൾതന്നെയായിരുന്നു. അനാചാരങ്ങൾ മാറ്റാനുള്ള ഊർജമായിരുന്നു അവർക്ക് വിശ്വാസം എന്നത് നാം മറന്നുകൂടാ. ഋതുമതിയായ സത്രീക്കും ചുടല കാക്കുന്ന ചണ്ഡാളനും നിഷിദ്ധമല്ല ദൈവം എന്നാണ് ഹരിനാമകീർത്തനത്തിൽ എഴുത്തച്ഛൻ പറയുന്നത്. ബ്രാഹ്മണന് എത്രത്തോളം അവകാശപ്പെട്ടതാണോ ദൈവം അത്രത്തോളം അവകാശപ്പെട്ടതാണ് ഋതുമതിയായ സ്ത്രീക്കും ചണ്ഡാളനുമെന്ന് എഴുതിയ എഴുത്തച്ഛൻ എത്ര പുരോഗമനപരമായാണ് കാര്യങ്ങളെ കണ്ടത്. അതിനെ തിരുത്താൻ ശ്രമിക്കുന്നത് ശരിയല്ല. അനാചരത്തെ ഉറപ്പിക്കാനുള്ളതല്ല വിശ്വാസം എന്ന് നാം മനസ്സിലാക്കണം- മുഖ്യമന്ത്രി വ്യക്തമാക്കി.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി വടകരയിലെ കോൺഗ്രസ് സമ്മേളനത്തിലാണ് അവർണർക്കും ക്ഷേത്രപ്രവേശനം സംബന്ധിച്ച പ്രമേയം അവതരിപ്പിക്കപ്പെടുന്നത്. അതിനെത്തുടർന്നാണ് 1931 ൽ ഗുരുവായൂർ സത്യഗ്രഹം നടത്താൻ തീരുമാനിക്കുന്നത്. ഗുരുവായൂർ സത്യഗ്രഹത്തിന്റെ വഴികാട്ടിയാണ് 1924ലെ വൈക്കം സത്യഗ്രഹം. ക്ഷേത്രത്തിനടുത്ത പൊതുവഴികളിലൂടെ നടക്കാനുള്ള അവകാശം തേടിയായിരുന്നു ആ സമരം. ഇത്തരം സമരങ്ങളിലൊക്കെ സവർണവിഭാഗത്തിലെ ഉൽപതിഷ്ണുക്കൾ പങ്കെടുത്തുവെന്ന കാര്യം മറക്കരുത്.

ഗുരുവായൂർ സത്യഗ്രഹത്തിൽ കെ കേളപ്പനൊപ്പം എകെജിയും കൃഷ്ണപിള്ളയും സുബ്രഹ്മണ്യൻ തിരുമുമ്പും വിഷ്ണു ഭാരതീയനും മറ്റും സജീവമായിരുന്നു. ആരാധനയ്ക്ക്  പ്രാധാന്യം നൽകാത്ത വ്യക്തി ജീവിതം ആയിരുന്നു കെ കേളപ്പൻ ഉൾപ്പെടെയുള്ള നേതാക്കളുടേത്. ഗുരുവായൂർ ക്ഷേത്രം തകരട്ടെ എന്ന് കരുതിയല്ല കെ കേളപ്പൻ ഉൾപ്പെടെയുള്ളവർ ഗുരുവായൂർ സത്യഗ്രഹം നടത്തിയത്. ആരാധന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട ഒരു ജനതയുടെ അവകാശത്തിനുവേണ്ടിയായിരുന്നു സമരം. സമൂഹത്തിന് നിഷേധിക്കപ്പെട്ട അവകാശം സ്ഥാപിച്ചെടുക്കാനായിരുന്നു അത്.  ഒടുവിൽ 1947 ജൂൺ രണ്ടിനാണ് ഗുരുവായൂരിൽ അവർണർക്ക് ക്ഷേത്രപ്രവേശനം സാധ്യമായത്. എല്ലാവർക്കും പ്രവേശനം ലഭിച്ചപ്പോൾ ക്ഷേത്രത്തിന്റെ ചൈതന്യത്തിന് ഒരു കുറവും വന്നില്ല. ഗുരവായൂർ ക്ഷേത്രം കൂടുതൽ ചൈതന്യത്തോടെ നിലനിൽക്കുന്നുവെന്ന് വിശ്വാസികൾ തന്നെ പറയുന്നു. ഇതാണ് വസ്തുത.  

വളരെക്കാലം നീണ്ട പ്രക്ഷോഭത്തിന്റെ ഫലമായിരുന്നു ആ മാറ്റം. ഇത്തരം മാറ്റങ്ങൾക്കെതിരെ ഏക്കാലത്തും യാഥാസ്ഥിതിക വിഭാഗം രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ, ഇവരുടെ അട്ടിപ്പേറെടുക്കാൻ ഒരു രാഷ്ട്രീയ പ്രസ്ഥാനവും തയ്യാറായില്ല. കാരണം ജനങ്ങൾക്കുവേണ്ടിയാണ്, സമൂഹത്തിനുവേണ്ടിയാണ്, രാഷ്ട്രീയപ്രസ്ഥാനങ്ങൾ നിലകൊള്ളുന്നത്. എന്നാൽ, അന്നത്തെ യാഥാസ്ഥിതിക വിഭാഗത്തിന്റെ അട്ടിപ്പേറെടുക്കുന്നവരാണ് ഇന്ന് മാറ്റങ്ങൾ പാടില്ല എന്ന് പറയുന്നത്. ഇത്തരക്കാരുടെ സ്ഥാനം ചരിത്രത്തിൽ എവിടെയാണ് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും- മുഖ്യമന്ത്രി പറഞ്ഞു.

ശ്രീനാരായണഗുരുവും അയ്യങ്കാളിയും മന്നത്ത് പത്മനാഭനും പൊയ്കയിൽ അപ്പച്ചനും വി ടി ഭട്ടതിരിപ്പാടും വാഗ്ഭടാനന്ദനും കെ കേളപ്പനും ഇ എം എസും കൃഷ്ണപിള്ളയും എ കെ ജിയും സുബ്രഹ്മണ്യൻ തിരുമുമ്പും വിഷ്ണുഭാരതീയനും ഉൾപ്പെടെയുള്ള നവോത്ഥാന നായകന്മാർ ഏറെ പണിപ്പെട്ട് ദുരാചാരങ്ങളെ തുടച്ച് നീക്കിയാണ് പുതിയ കേരളത്തെ നിർമിച്ചത്. അവർ കൊളുത്തിയ വെളിച്ചം തല്ലിക്കെടുത്താനാണ് ഇന്ന് ചിലരുടെ ശ്രമം. ഇത് ഗൗരവമായി കാണേണ്ടതുണ്ടെന്നും പിണറായി വ്യക്തമാക്കി.

കെ വി അബ്ദുൾ ഖാദർ എംഎൽഎ അധ്യക്ഷനായി. മുരളി പെരുനെല്ലി എംഎൽഎ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ ബി മോഹൻദാസ്, ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ കെ അക്ബർ, ഗുരുവായൂർ നഗരസഭാ വൈസ് ചെയർമാൻ കെ പി വിനോദ് എന്നിവർ സംസാരിച്ചു. ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ പ്രൊഫ. പി കെ ശാന്തകുമാരി സ്വാഗതവും ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റർ എസ് വി ശിശിർ നന്ദിയും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top