05 June Monday

ഗുരുവായൂർ പാൽപ്പായസം ഇനി ഭീമൻവാർപ്പുകളിൽ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023

മാന്നാർ> ഗുരുവായൂർ ക്ഷേത്രത്തിൽ പാൽപ്പായസം തയാറാക്കാൻ മാന്നാറിൽ ഭീമൻ വാർപ്പുകളൊരുങ്ങി. ഗുരുവായൂർ ദേവസ്വത്തിന്റെ ആവശ്യപ്രകാരം രണ്ടേകാൽ ടണ്ണിലധികം ഭാരമുള്ള കൂറ്റൻ നാലുവാർപ്പുകൾ നിർമിക്കുന്നത്‌ കുരട്ടിക്കാട് അരുണോദയം ടി എൻ ശിവനാചാരിയുടെ നേതൃത്വത്തിലുള്ള ശിവാനന്ദാ ഹാൻഡിക്രാഫ്‌റ്റ്‌ എന്ന സ്ഥാപനമാണ്‌. ആയിരത്തിലധികം ലിറ്റർ പാൽപ്പായസം ഓരോ വാർപ്പുകളിലും തയാറാക്കാം. ഇരുപതിലധികം തൊഴിലാളികളുടെ മൂന്നുമാസത്തെ കഠിനപ്രയത്നവും വാർപ്പുകളുടെ നിർമാണത്തിന്‌ പിന്നിലുണ്ട്.

 ആദ്യഘട്ടം മണ്ണിൽ അച്ചുണ്ടാക്കി പ്രത്യേക കുഴിയിൽ കടഞ്ഞെടുത്ത് മെഴുക് പൊതിഞ്ഞ് പുറത്ത് വീണ്ടും മണ്ണുപൊതിഞ്ഞ് കരുവാക്കുന്നു. ശേഷം ചൂളയിൽ വച്ച് മെഴുക് തിരിച്ചെടുക്കുകയും വരുന്ന വിടവിലേക്ക് ചെമ്പും വെളുത്തീയവും ചേർത്ത ലോഹം ഉരുക്കി കരുവിലേക്ക് ഒഴിക്കുന്നു. 48 മണിക്കൂറിനു ശേഷം കരുവ് ഉടച്ച് വാർപ്പ് പുറത്തെടുക്കുന്നു.

 ഓരോ വാർപ്പിനും 2400 കിലോ ഭാരവും 87 ഇഞ്ച് വ്യാസവും 30 ഇഞ്ച്‌ ആഴവുമുണ്ട് ഈ നാലുകാതൻ വാർപ്പുകൾക്ക്. ക്ഷേത്രത്തിൽനിന്ന്‌ പഴയ ഉരുപ്പടികളോടൊപ്പം വെങ്കലം, പഴഓട്, വെളുത്തീയം, ചെമ്പ് എന്നിവ ഉപയോഗിച്ച് ചുറ്റിലും ഗൗളി, ഗജലക്ഷ്‌മി എന്നീ ചിത്രങ്ങളും ഗുരുവായൂർ ദേവസ്വം എന്ന പേരുമുണ്ട്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top