27 September Monday

കോതമംഗലത്ത് വിദ്യാര്‍ഥിനിയെ വെടിവച്ചു കൊന്നു; പ്രതി സ്വയം ജീവനൊടുക്കി

സ്വന്തം ലേഖകൻUpdated: Friday Jul 30, 2021

രാഖിൽ, മാനസ

കോതമംഗലം > ദന്തൽ കോളേജ്‌ വിദ്യാർഥിനിയെ വാടകവീട്ടിൽകയറി വെടിവെച്ചുകൊന്നശേഷം യുവാവ്‌ സ്വയം ജീവനൊടുക്കി. കോതമംഗലം നെല്ലിക്കുഴി  ഇന്ദിരാഗാന്ധി ദന്തൽ കോളേജിൽ അവസാനവർഷ ബിഡിഎസ്‌ വിദ്യാർഥിനിയായ കണ്ണൂർ  നാറാത്ത്‌ പാർവണത്തിൽ പി വി മാനസ(24)യാണ്‌ വെടിയേറ്റ് മരിച്ചത്. കണ്ണൂർ പാലയാട് മേലൂർ രാഹുൽനിവാസിൽ രാഖിൽ പി രഘുത്തമനാ(32) ണ്‌ മാനസയെ കൊന്നശേഷം സ്വയം വെടിയുതിർത്ത്‌ മരിച്ചത്‌.

വെള്ളിയാഴ്‌ച  വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം. കോളേജിനുസമീപത്ത് മാനസ മൂന്ന് കൂട്ടുകാരികളോടൊപ്പം വാടകവീട്ടിൽ താമസിച്ചിരുന്നത്‌. അവിടെ എത്തിയ  രാഖിൽ യുവതിയെ തോട്ടടുത്ത മുറിയിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി വാതിലടച്ചശേഷം  വെടിയുതിർക്കുകയായിരുന്നു. കൂട്ടുകാരികളുടെ കരച്ചിൽകേട്ട്‌ സമീപവാസികളും ഓടിയെത്തി. ഹോസ്റ്റൽമുറിയുടെ വാതിൽ തകർത്ത് അകത്തുകയറി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.  മാനസയുടെ തലയിലും വയറ്റിലുമാണ്‌ വെടിയേറ്റത്‌.  മാനസ മരിച്ചെന്ന്‌ ഉറപ്പുവരുത്തിയശേഷമാകാം രാഖിൽ നെറ്റിയിൽ വെടിവെച്ച്‌ മരിച്ചത്‌. ഇരുവരുടെയും മൃതദേഹം കോതമംഗലം മാർ ബസേലിയോസ്  ആശുപത്രി മോർച്ചറിയിൽ.

മാനസിയെ ശല്യം ചെയ്‌തതിന്‌ രാഖിലിനെതിരെ  തലശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു. ഇനി ശല്യം ചെയ്യില്ലെന്നു ഇയാൾ  ഉറപ്പ്‌ നൽകിയിരുന്നതായി  പൊലീസ് പറഞ്ഞു.  എറണാകുളം റൂറൽ എസ്‌പി
കെ  കാർത്തിക്, മൂവാറ്റുപുഴ ഡിവൈഎസ്‌പി മുഹമ്മദ് റിയാസ്, പെരുമ്പാവൂർ ഡി വൈ എസ് പി ഇ പി റെജി,  കോതമംഗലം സർക്കിൾ   ഇൻസ്പെക്ടർ വി എസ്‌ വി പിൻ,  എസ്‌ഐ  മാഹിൻ സലീം എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.  ഇരുവരുടേയും മൃതദേഹം വിരലടയാള വിദഗ്ദരുടെ പരിശോധനക്ക് ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ശനിയാഴ്‌ച രാവിലെ പൊസ്‌റ്റ്‌ മോർട്ടം നടത്തും.

കണ്ണൂർ നാറാത്ത് ടി സി ഗേറ്റിനുസമീപം പാർവണം വീട്ടിൽ പി വി മാധവന്റെയും രാമഗുരു യുപി സ്‌കൂൾ അധ്യാപിക എൻ സബീനയുടെയും മകളാണ് മാനസ.   സഹോദരൻ അശ്വന്ത് തലശേരി എൻടിടിഎഫ് വിദ്യാർഥിയാണ്. ധർമടം മേലൂർ വടക്ക്‌ മമ്മാക്കുന്ന്‌ പാലത്തിനടുത്ത്‌ രാഹുൽ നിവാസിൽ  രഘുത്തമന്റെയും രജിതയുടെയും മകനാണ്‌ രാഖിൽ. ഇന്റീരിയർ ഡിസൈനറാണ്‌. സഹോദരൻ: രാഹുൽ (ആക്‌സിസ്‌ ബാങ്ക്‌).


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top