19 September Saturday

ജിഎസ്‌ടി നഷ്ടപരിഹാരം ഇനിയുമില്ല ; കേരളത്തിന്‌ കിട്ടേണ്ടത്‌ 7000 കോടി

ജി രാജേഷ്‌ കുമാർUpdated: Saturday Aug 1, 2020


സംസ്ഥാനങ്ങൾക്ക്‌ ജിഎസ്‌ടി നഷ്ടപരിഹാരം നൽകാതെ കേന്ദ്ര സർക്കാർ. ഇത്‌ ചർച്ച ചെയ്യാനായി ജൂലൈയിൽ ജിഎസ്‌ടി കൗൺസിൽ വിളിക്കുമെന്ന ഉറപ്പ്‌ പാലിച്ചില്ല. പരസ്പരവിരുദ്ധ ന്യായങ്ങൾ നിരത്തി സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നിഷേധിക്കുകയാണ്‌ കേന്ദ്രം.

ജൂൺ 13ന്‌ ചേർന്ന കൗൺസിൽ യോഗത്തിലാണ്‌ നഷ്ടപരിഹാര പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മാത്രമായി ജൂലൈയിൽ വീണ്ടും യോഗം വിളിക്കുമെന്ന്‌ കേന്ദ്ര ധനമന്ത്രി ഉറപ്പുനൽകിയത്‌. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് കേന്ദ്രസർക്കാരിന്റെ കൈവശമുള്ള സെസ്‌ തുക തികയില്ലെന്ന കൗൺസിലിന്റെ പൊതുവികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.  
നഷ്ടപരിഹാര തുകയ്‌ക്കായി കേന്ദ്ര സർക്കാർ പൊതുവിപണയിൽനിന്ന്‌ വായ്‌പ എടുക്കണമെന്ന്‌ കേരളം നിർദേശിച്ചു. തിരിച്ചടവിനായി സെസ്‌ പിരിവ്‌ കാലാവധി നീട്ടാമെന്നും സംസ്ഥാന സർക്കാരിനായി നികുതി കമീഷണർ ജിഎസ്‌ടി കൗൺസിൽ സെക്രട്ടറിയറ്റിനെ കത്തിലൂടെ അറിയിച്ചു. ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളടക്കം നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ടു.

കേരളത്തിന്‌ കിട്ടേണ്ടത്‌7000 കോടി

ജൂലൈയിലെ വരുമാന നഷ്ടവും ചേർത്താൽ കേരളത്തിന്‌ 7052 കോടിയോളം രൂപ ജിഎസ്‌ടി നഷ്ടപരിഹാരം ലഭിക്കണം. ജിഎസ്‌ടി നിയമപ്രകാരം സംസ്ഥാനത്തിന്‌ പ്രതിമാസം 2623 കോടി രൂപ ഈ വർഷം സംരക്ഷിത വരുമാനം ലഭിക്കണം. കോവിഡിൽ വരുമാനം ഇടിഞ്ഞതിനാൽ നഷ്ടപരിഹാരം മാത്രമാണ്‌ സംസ്ഥാനത്തിന്‌ ആശ്രയം.  ഓണത്തിനുമുന്നേ നഷ്ടപരിഹാരം കിട്ടാൻ സാധ്യതയുമില്ലെന്നാണ്‌ കേന്ദ്രറവന്യു സെക്രട്ടറിയുടെ വാക്കുകൾ വ്യക്തമാക്കുന്നതെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ പറഞ്ഞു.

നഷ്ടപരിഹാര വിതരണം ഇപ്പോൾ പറയാനാവില്ലെന്നാണ്‌ സെക്രട്ടറി പറഞ്ഞത്‌. അറ്റോർണി ജനറലിന്റെ നിലപാട്‌ കേരളത്തിന്റെ അഭിപ്രായത്തിന്‌ സമാനമാണ്‌. സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകേണ്ടതെങ്ങനെ, പണം എങ്ങനെ കണ്ടെത്താം തുടങ്ങിയ കാര്യങ്ങളിൽ ജിഎസ്ടി കൗൺസിലിന്‌ തീരുമാനിക്കാമെന്നാണ്‌ അറ്റോർണി ജനറൽ അറിയിച്ചത്‌. ആവശ്യമെങ്കിൽ കൗൺസിലിന് വായ്പയെടുത്ത് നഷ്ടപരിഹാരം നൽകാമെന്നും നിർദേശിച്ചു. കഴിഞ്ഞ കൗൺസിൽ യോഗം ആരാഞ്ഞതിന്റെ അടിസ്ഥാനത്തിലാണ്‌ അറ്റോർണി ജനറൽ കേന്ദ്ര സർക്കാരിനെ അഭിപ്രായം അറിയിച്ചത്‌. ഇത്‌ കേന്ദ്രധനമന്ത്രി പരിഗണിക്കുമെന്നാണ്‌ സംസ്ഥാനങ്ങളുടെ പ്രതീക്ഷയെന്നും ഐസക്‌ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top