23 July Tuesday

പ്രളയസെസ‌് ഗ്രാമീണ റോഡിന‌്

സ്വന്തം ലേഖകൻUpdated: Wednesday Jun 5, 2019

തിരുവനന്തപുരം> ജിഎസ‌്ടി കൗൺസിൽ സംസ്ഥാനത്തിന‌് അനുവദിച്ച പ്രത്യേക സെസിൽനിന്നുള്ള വരുമാനം പൂർണമായും തകർന്ന ഗ്രാമീണ റോഡുകളുടെ പുനർനിർമ്മാണത്തിന‌് ഉപയോഗിക്കുമെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഇതിനായി 1300 കോടി രൂപയുടെ അടങ്കലിൽ റോഡുകൾ തെരഞ്ഞെടുത്ത‌ു.

|പ്രളയ സെസിനുമുകളിൽ ജിഎസ‌്ടി ചുമത്തപ്പെടുന്ന നിലയിലാണ‌് നിലവിലെ ചരക്ക‌് സേവന നികുതി നിയമത്തിലെ വ്യവസ്ഥകൾ. പ്രളയ സെസിനുമേൽ ജിഎസ‌്ടി ചുമത്തപ്പെടുന്ന വ്യവസ്ഥ ഒഴിവാക്കപ്പെടുന്നതിന‌് ജിഎസ‌്ടി കൗൺസിനെ  സമീപിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന‌് കത്തെഴുതി. അടുത്ത ജിഎസ‌്ടി കൗൺസിൽ യോഗത്തിൽ പ്രശ‌്നത്തിന‌് തീർപ്പുണ്ടാക്കാനാകുമെന്നാണ‌് പ്രതീക്ഷ. അതിനാലാണ‌് സെസ‌് നടപ്പാക്കുന്നത‌് ഒരു മാസംകൂടി നീട്ടിവച്ചതെന്നും തോമസ‌് ഐസക‌് വാർത്താ സമ്മേളനത്തിൽ ചോദ്യത്തിന‌് മറുപടിയായി അറിയിച്ചു.

കിഫ‌്ബി പദ്ധതികളുടെ നടത്തിപ്പിന‌് 10000 കോടി രൂപയുടെ നീക്കിയിരിപ്പ‌് ഇപ്പോൾ കിഫ‌്ബിയുടെ കൈവശമുണ്ട‌്. മസാല ബോണ്ടിൽനിന്ന‌് ലഭിച്ച പണവും ചേർന്നതാണിത‌്.  ഈ വർഷം പൂർത്തിയാകുന്ന പദ്ധതികളുടെ ബിൽതുക നൽകാൻ ഇത‌് മതിയാകും. കിഫ‌്ബിയ‌്ക്ക‌് ആവശ്യമായ പണം പല സ്രോതസുകളിൽനിന്ന‌് ഉറപ്പാക്കിയിട്ടുണ്ട‌്. റൂപ്പീ, ഡോളർ, പ്രവാസി ബോണ്ടുകൾ വഴി ആഭ്യന്തര, വിദേശ വിപണികളിൽനിന്ന‌് ആവശ്യത്തിന‌് ധനസമാഹരണം ഉറപ്പാക്കും. ബാങ്കുകളുടെയും ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും സ്ഥിര നിക്ഷേപം ഉറപ്പാണ‌്. കെഎസ‌്എഫ‌്ഇയുടെ പ്രവാസി ചിട്ടിയിൽനിന്ന‌് അടുത്ത വർഷം 5000 കോടി രൂപ കിഫ‌്ബിയിലേക്ക‌് ബോണ്ട‌് വഴി എത്തും.
 വിപണിയിലെ സാഹചര്യങ്ങളാണ‌് പണ ഉപകരണങ്ങളുടെ  പലിശ നിരക്ക‌് തീരുമാനിക്കുന്നത‌്. സ്ഥാപനത്തിന്റെ വിശ്വാസ്യതയും പ്രധാനമാണ‌്. ഇവ അടിസ്ഥാനപ്പെടുത്തിയുള്ള റേറ്റിങ്ങും പലിശ നിരക്കിനെ സ്വാധിക്കും. കെഎസ‌്എഫ‌്ഇയ‌്ക്ക‌് അനുവദിച്ചിട്ടുള്ള ഒരു വിഭാഗം ബോണ്ടിന്റെ പലിശ മുന്നര ശതമാനമാണ‌്. മസാല ബോണ്ടിന‌് 9.723 ശതമാനവും. ബാങ്ക‌് നിരക്ക‌് ഇവയ‌്ക്കിടയിൽ വരാം. ശരാശരി ഒമ്പത‌് ശതമാനം പലിശ പ്രതീക്ഷിച്ചാണ‌് കിഫ‌്ബിയുടെ ധനസാമഹരണ ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത‌്.

വൻകിട പദ്ധതികൾ ഏറ്റെടുക്കുന്ന ഭരണ സംവിധാനങ്ങൾക്ക‌് മികച്ച ഓഫീസ‌് സംവിധാനം അനിവാര്യമാണെന്ന‌് ധനമന്ത്രി പറഞ്ഞു. റീ ബിൽഡ‌് കേര‌ള ഇൻഷ്യേറ്റിവ‌് ഏറ്റെടുക്കുന്നത‌് 36000 കോടി രൂപ അടങ്കൽ വരുന്ന പദ്ധതികളാണ‌്.
അന്താരാഷ‌്ട്ര ഏജൻസികളുടെയടക്കം സഹകരണവും ആവശ്യമാണ‌്. അതിനനസുരിച്ചുള്ള ഓഫീസ‌് സംവിധാനം വേണം. സെക്രട്ടറിയറ്റിന‌് അകത്ത‌് പുതിയ ഓഫീസുകൾക്ക‌് സ്ഥലമില്ലാത്ത അവസ്ഥയുണ്ട‌്. പല കമീഷനുകളും ഓഫീസുകളും പുറത്താണ‌് പ്രവർത്തിക്കുന്നത‌്. കിഫ‌്ബിയ‌്ക്ക‌് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതും സർക്കാരിന്റെ പരിഗണനയിലാണെന്ന‌് ധനമന്ത്രി പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top