18 July Thursday

ജിഎസ‌്ടി കൗൺസിലിൽ സമവായത്തിനില്ല; വോട്ടെടുപ്പിനും തയ്യാർ: ഐസക‌്

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

തിരുവനന്തപുരം
ലോട്ടറിയെ സംരക്ഷിക്കാൻ ജിഎസ‌്ടി കൗൺസിലിൽ ഏതറ്റംവരെയും പോകുമെന്ന‌് ധനമന്ത്രി ടി എം തോമസ‌് ഐസക‌് പറഞ്ഞു. ഇക്കാര്യത്തിൽ ജിഎസ‌്ടി കൗൺസിലിൽ ഒരു വിട്ടുവീഴ‌്ചയും സ്വീകരിക്കില്ല. സമന്വയത്തിന്റെ പാതയെന്ന പൊതുതത്വമാണ‌് കൗൺസിൽ സ്വീകരിച്ചിരുന്നത‌്. എന്നാൽ, ലോട്ടറിനികുതി ഏകീകരിക്കാനുള്ള വളഞ്ഞ വഴിയാണ‌് ജിഎസ‌്ടി കൗൺസിലിനെ മുൻനിർത്തി കേന്ദ്ര സർക്കാർ നടത്തുന്നത‌്. ഇത‌് ഒരു കാരണവശാലും അംഗീകരിക്കില്ല. കേരളത്തിന്റെ ആവശ്യം തള്ളിക്കളയാനാണ‌് ശ്രമമെങ്കിൽ, കൗൺസിലിൽ വോട്ടെടുപ്പ‌് ആവശ്യപ്പെടും.

അതുവേണമോയെന്ന‌് തീരുമാനിക്കേണ്ടത‌് കേന്ദ്ര സർക്കാരാണ‌്. സംസ്ഥാനങ്ങളെ ചവിട്ടിമെതിക്കാമെന്ന കേന്ദ്രനിലപാട‌് അംഗീകരിക്കില്ല. മുമ്പ‌് വിഷയം കൗൺസിലിൽ വന്നപ്പോൾ, കോൺഗ്രസ‌് മുഖ്യമന്ത്രിമാരും പശ്ചിമ ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളും കേരളത്തിനൊപ്പം നിന്നു.
21ന‌് ചേരുന്ന കൗൺസിൽ യോഗത്തിലും ഈ യോജിപ്പുണ്ടാകുമെന്നാണ‌് പ്രതീക്ഷ. ഇതിനായുള്ള ആശയവിനിമയം നടക്കുന്നതായും ധനമന്ത്രി പറഞ്ഞു. ലോട്ടറിനികുതി ഏകീകരിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട‌ പ്രമേയത്തിന്റെ ചർച്ചയ‌്ക്ക‌് മറുപടി പറയുകയായിരുന്നു തോമസ‌് ഐസക‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top