19 June Saturday
കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ മൗനം 
പാലിച്ചപോലെ ജില്ലകളിലും നിന്നാൽ ഒപ്പമുള്ളവരെ 
സംരക്ഷിക്കാനാകില്ലെന്ന വികാരത്തിലാണ്‌ ഗ്രൂപ്പ്‌ നേതൃത്വം

ജില്ലകളിൽ കത്തി മിനുക്കി ഗ്രൂപ്പുകൾ ; കടുത്ത നിലപാടിലേക്ക്‌ നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ

വെബ് ഡെസ്‌ക്‌Updated: Friday Jun 11, 2021

തിരുവനന്തപുരം > കെപിസിസി, ഡിസിസി പുനഃസംഘടനയ്‌ക്ക്‌ നീക്കം തുടങ്ങിയതോടെ കടുത്ത നിലപാടിലേക്ക്‌ നീങ്ങാൻ എ, ഐ ഗ്രൂപ്പുകൾ.  25നുള്ളിൽ പുതിയ കെപിസിസി ഭാരവാഹികളെയും ഡിസിസി പ്രസിഡന്റുമാരെയും നിർദേശിക്കാനാണ്‌ ഹൈക്കമാൻഡ്‌  ധാരണ. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തിൽ മൗനം പാലിച്ചപോലെ  ജില്ലകളിലുംനിന്നാൽ ഒപ്പമുള്ളവരെ സംരക്ഷിക്കാനാകില്ലെന്ന വികാരത്തിലാണ്‌ ഗ്രൂപ്പ്‌ നേതൃത്വം.  ഗ്രൂപ്പ്‌ അടിസ്ഥാനത്തിലുള്ള വീതംവയ്‌പിൽ വിട്ടുവീഴ്‌ച വേണ്ടെന്ന തീരുമാനത്തിലാണ്‌ ഉമ്മൻചാണ്ടിയും രമേശ്‌ ചെന്നിത്തലയും. ഇക്കാര്യം അവർ ഹൈക്കമാൻഡിനെ അറിയിക്കും.

കാസർകോട്‌
ഉമ്മൻചാണ്ടിയുടെ നോമിനിയായ ഡിസിസി പ്രസിഡന്റ്‌ ഹക്കീം കുന്നിലിന്‌ കസേര നഷ്ടം ഉറപ്പായി. രാജ്‌മോഹൻ ഉണ്ണിത്താന്റെ ഇടപെടൽ ജില്ലയിലെ നേതാക്കളുടെ ഉറക്കം കെടുത്തിയിട്ടുണ്ട്‌.   എ, ഐ ഗ്രൂപ്പുകളിൽനിന്ന്‌ അര ഡസൻ നേതാക്കൾ അധ്യക്ഷ കുപ്പായം തയ്‌ച്ച്‌ കാത്തിരിപ്പുണ്ട്‌.

കണ്ണൂർ
തെരഞ്ഞൈടുപ്പ്‌ പരാജയത്തെത്തുടർന്ന്‌ ഡിസിസി പ്രസിഡന്റ്‌ സതീശൻ പാച്ചേനി ഒഴിയാൻ തയ്യാറായിട്ടുണ്ട്‌. സുധാകരന്റെ പിന്തുണയോടെ കെപിസിസി ജനറൽ സെക്രട്ടറി മാർട്ടിൻ ജോർജ്‌  കസേരയ്‌ക്ക്‌ നോട്ടം വച്ചിട്ടുണ്ട്‌.  ഇരിക്കൂരിൽ സീറ്റ്‌ നിഷേധിച്ച സോണി  സെബാസ്‌റ്റ്യനെ അധ്യക്ഷനാക്കണമെന്നാണ്‌ എ ഗ്രൂപ്പിന്റെ ആവശ്യം.   മുഖ്യമന്ത്രിക്കെതിരെ ധർമടത്ത്‌ മത്സരിച്ച സി രഘുനാഥും രംഗത്തുണ്ട്‌.

കോഴിക്കോട്‌
രണ്ട്‌ കെപിസിസി ജനറൽ സെക്രട്ടറിമാർ ഡിസിസി പ്രസിഡന്റാകാൻ രംഗത്തുണ്ട്‌. എന്നാൽ ഇവരെ വെട്ടി സുധാകരൻ, സ്വന്തം നോമിനിയെ ഇറക്കുമെന്നും കേൾക്കുന്നു. മുല്ലപ്പള്ളിയുടെയും കെ മുരളീധരന്റെയും സ്വന്തക്കാരനായ കെ പ്രവീൺകുമാറും കെ സി വേണുഗോപാലിന്റെ നോമിനിയായ അഡ്വ. പി എം നിയാസുമാണ്‌ അന്തിമപട്ടികയിലുള്ള കെപിസിസി ജനറൽ സെക്രട്ടറിമാർ. ഇതിനിടയിലാണ്‌ സുധാകരൻ സ്വന്തക്കാരനായ അഡ്വ. കെ ജയന്തിനെ അവതരിപ്പിക്കുന്നത്‌. 

മലപ്പുറം
വി വി പ്രകാശിന്റെ മരണത്തോടെ ഒഴിവുവന്ന ഡിസിസി അധ്യക്ഷപദവിക്കായി ആര്യാടൻ ഷൗക്കത്ത്‌ രംഗത്തിറങ്ങിയിട്ടുണ്ട്‌.  എന്നാൽ  വി സുധാകരനായി എ ഗ്രൂപ്പിൽ തന്നെ വാദമുണ്ട്‌.  

തൃശൂർ
ഏതാനും മാസം മുമ്പാണ്‌ ഐ ഗ്രൂപ്പിലെ എം പി വിൻസെന്റിനെ നിയമിച്ചത്‌. ഇതോടെ, വിൻസെന്റ്‌ ഐ ഗ്രൂപ്പ്‌ വിട്ട്‌  കെ സി  വേണുഗോപാലിന്റെ ആളായി മാറി. ഇതുമൂലം ഐ ഗ്രൂപ്പ്‌ വിൻസെന്റിനെ നീക്കാൻ ആവശ്യമുയർത്തിയിട്ടുണ്ട്‌. എ ഗ്രൂപ്പും   പിന്തുണയ്‌ക്കുന്നു. നാല്‌ നേതാക്കളുടെ പേര്‌ ഐ ഗ്രൂപ്പ്‌ തന്നെ അധ്യക്ഷസ്ഥാനത്തേക്ക്‌ പ്രചരിപ്പിക്കുന്നുണ്ട്‌.

പാലക്കാട്‌
സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്‌ ആവശ്യപ്പെട്ട  എ വി ഗോപിനാഥിന്റെ പേരാണ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌ പറഞ്ഞുകേൾക്കുന്നത്‌. എന്നാൽ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പാർടിയെ പരസ്യമായി ആക്ഷേപിച്ചയാളെ  അധ്യക്ഷനാക്കുന്നതിൽ  രണ്ടു ഗ്രൂപ്പും എതിർക്കുന്നു.  എ തങ്കപ്പൻ, പി ബാലഗോപാൽ, സി ചന്ദ്രൻ തുടങ്ങിയവരുടെ പേരാണ്‌ പകരം കേൾക്കുന്നത്‌.

എറണാകുളം
ടി ജെ വിനോദ്‌ എംഎൽഎ ഇരട്ടപദവിയായി വഹിക്കുന്നത്‌ രണ്ടുവർഷമായി.    ഹൈബി ഈഡൻ എംപിയുടെയും വി ഡി സതീശന്റെയും പിന്തുണയോടെയാണിത്‌.  മാറുമെന്ന്‌ ഉറപ്പായതോടെ മുഹമ്മദ്‌ ഷിയാസിന്റെ പേരാണ്‌ ഐ ഗ്രൂപ്പ്‌ പരിഗണിക്കുന്നത്‌. എന്നാൽ, എൻ വേണുഗോപാൽ ഉൾപ്പെടെ മുതിർന്ന ഐ ഗ്രൂപ്പ്‌ നേതാക്കൾക്ക്‌ ഇതിൽ അതൃപ്‌തിയുണ്ട്‌. സ്ഥാനം ഐ ഗ്രൂപ്പിനെന്ന പതിവ്‌ സുധാകരൻ തെറ്റിക്കുമോ എന്ന ആശങ്കയും ഗ്രൂപ്പിനുണ്ട്‌. 

ആലപ്പുഴ
ഗ്രൂപ്പിനുള്ളിലെ ഗ്രൂപ്പാണ്‌ ഐ വിഭാഗത്തിന്‌ ജില്ലയിൽ തലവേദന.  ചെന്നിത്തലയ്‌ക്ക്‌ ഒപ്പമുള്ളവരെ വെട്ടാൻ കെ സി വേണുഗോപാലിന്‌ ഇക്കുറിയും കഴിയുമോയെന്നാണ്‌ അറിയേണ്ടത്‌. കെ സി വേണുഗോപാൽ പക്ഷക്കാരായ എ എ ഷുക്കൂർ, എം ജെ ജോബ്, മേഘനാഥൻ എന്നിവരാണ്‌  അധ്യക്ഷസ്ഥാനത്തിനായി പോരാടുന്നത്‌.  ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഡി സുഗതനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്‌.

കോട്ടയം
ജില്ലയിൽ ഡസനോളം പേരാണ്‌ അധ്യക്ഷസ്ഥാനത്തേക്ക്‌  സ്വയം കുപ്പായമിട്ട്‌ ഇറങ്ങിയിട്ടുള്ളത്‌. എ ഗ്രൂപ്പിന്‌ പ്രാമുഖ്യമുള്ള ജില്ലയിൽ  പലരും ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട്‌ താൽപ്പര്യം അറിയിച്ചിട്ടുണ്ട്‌. മുൻ ഡിസിസി പ്രസിഡന്റ്‌ ടോമി കല്ലാനിയെ വീണ്ടും ആക്കണമെന്ന ആവശ്യം ചിലർ ഉന്നയിക്കുന്നു.  ഫിൽസൺ മാത്യൂസ്‌,  നാട്ടകം സുരേഷ്‌, ഫിലിപ്പ്‌ ജോസഫ്‌ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്‌.

ഇടുക്കി
തെരഞ്ഞെടുപ്പ്‌ തോൽവിയുടെ പശ്ചാത്തലത്തിൽ  ഡിസിസി പ്രസിഡന്റ്‌ ഇബ്രാഹിംകുട്ടി കല്ലാർ സ്ഥാനം ഒഴിയുമെന്ന്‌ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യൂത്ത്‌കോൺഗ്രസ്‌ മുൻ ജില്ലാ പ്രസിഡന്റ്‌ തോമസ്‌ രാജൻ, കെഎസ്‌യു മുൻ ജില്ലാ പ്രസിഡന്റ്‌ എം എൻ ഗോപി എന്നിവരാണ്‌ പ്രസിഡന്റാകാൻ കരു നീക്കുന്നത്‌.
മുമ്പ്‌ ഉറച്ച എ ഗ്രൂപ്പുകാരനായിരുന്ന തോമസ്‌ രാജൻ അടുത്തസമയം ഐ ഗ്രൂപ്പിലെത്തി. എം എൻ ഗോപി  എ ഗ്രൂപ്പാണ്‌.

പത്തനംതിട്ട
അധ്യക്ഷനാകാൻ ഒമ്പത് പേർ രംഗത്തുണ്ട്‌. ഗ്രൂപ്പില്ലെന്ന് കെ സുധാകരൻ പറയുന്നുണ്ടെങ്കിലും സ്ഥാനമോഹികളെല്ലാം ഗ്രൂപ്പ്‌ നേതാക്കളുടെ പിന്തുണ തേടുകയാണ്. ചിലർ സമുദായ പിന്തുണയും തേടുന്നു. രണ്ട്‌ എ ഗ്രൂപ്പുകാരും ബാക്കിയെല്ലാം എ ഗ്രൂപ്പുകാരുമാണ്‌ സ്ഥാനമോഹികളെങ്കിലും അവസരം നോക്കി ചാടാൻ നിൽക്കുകയാണ്‌ നേതാക്കൾ.

കൊല്ലം
ഐ ഗ്രൂപ്പിലെ എം എം നസീർ, ജ്യോതികുമാർ ചാമക്കാല എന്നിവർക്കാണ്‌  മുൻതൂക്കം. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ്‌ ആർ ചന്ദ്രശേഖരനും രംഗത്തുണ്ട്‌.  സൂരജ്‌ രവിക്കായി വി എം സുധീരനും ആവശ്യമുയർത്തുന്നുണ്ട്‌. ഗ്രൂപ്പിനതീതമായി മോഹൻശങ്കറും സാധ്യതാപട്ടികയിലുണ്ട്‌.

തിരുവനന്തപുരം
അധ്യക്ഷ പദവി ഐ ഗ്രൂപ്പിനാണ്‌. ചെമ്പഴന്തി അനിലിന്റെ പേരിനാണ്‌  മുൻതൂക്കം.  വർക്കല കഹാർ, എംഎ വാഹീദ്‌, കരകുളം കൃഷ്‌ണപിള്ള തുടങ്ങിയവരും രംഗത്തുണ്ട്‌. കെസി വേണുഗോപാൽപക്ഷം സ്ഥാനം പിടിച്ചാൽ  മണക്കാട്‌ സുരേഷിനാണ്‌ സാധ്യത. കെഎസ്‌ ശബരിനാഥ്‌, ആർ വി രാജേഷ്‌, പി എസ്‌ പ്രശാന്ത്‌ തുടങ്ങിയവർ സ്വന്തം പേര്‌ പ്രചരിപ്പിക്കുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top