25 June Friday

ഇടത്തുറച്ച്‌ രാഷ്‌ട്രീയ കേരളം, 
യുഡിഎഫിനും ബിജെപിക്കും 
കനത്ത ആഘാതം

കെ ശ്രീകണ്‌ഠൻUpdated: Monday May 3, 2021


തിരുവനന്തപുരം
അഞ്ചുവർഷത്തെ ഭരണമികവിനും വികസന മുദ്രകൾക്കും ജനങ്ങൾ കൈയൊപ്പുചാർത്തി. രാഷ്‌ട്രീയ കേരളം ഇടതുപക്ഷത്ത്‌ ഉറച്ച്‌ മുന്നേറ്റം കുറിച്ചപ്പോൾ അഞ്ചുവർഷം കൂടുമ്പോൾ ഭരണമാറ്റമെന്ന കേരളത്തിന്റെ ചരിത്രംകൂടി വഴിമാറി. ഇത്‌ യുഡിഎഫിനും ബിജെപിക്കും ഏൽപ്പിച്ച രാഷ്‌ട്രീയ ആഘാതം കേരളത്തിൽമാത്രം ഒതുങ്ങിനിൽക്കില്ല. കനത്ത തോൽവി യുഡിഎഫിന്റെ ശൈഥില്യത്തിലേക്കും വഴിയൊരുക്കും. അപ്രതീക്ഷിതമെന്ന്‌ പറഞ്ഞ്‌ നിസ്സാരവൽക്കരിക്കാൻ കെപിസിസി നേതൃത്വം തുനിഞ്ഞപ്പോൾ വലിയതോൽവി ദേശീയ നേതൃത്വത്തെ അമ്പരപ്പിച്ചു. നേരിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ്‌ ഹൈക്കമാൻഡിനെ ധരിപ്പിച്ചത്‌. രാഹുൽഗാന്ധി നേരിട്ട്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്‌ നേതൃത്വം നൽകിയിട്ടും ഹൈക്കമാൻഡും രാഹുലും ഇടപെട്ട്‌ നിശ്ചയിച്ച സ്ഥാനാർഥികൾക്ക്‌ പോലും വിജയിക്കാനായില്ല. അതിൽ ചാരി തലയൂരാനാകും കെപിസിസിയുടെ ശ്രമം. ഇതിനെ മറികടക്കാനുള്ള തന്ത്രങ്ങളാണ്‌ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും മറ്റും മെനയുക. ഇത്‌ കോൺഗ്രസിനുള്ളിൽ വലിയ പൊട്ടിത്തെറിക്ക്‌ വഴിയൊരുക്കും.

പ്രധാനമന്ത്രി മുതലുള്ള കേന്ദ്രമന്ത്രിമാരും ബിജെപിയുടെ ദേശീയ നേതാക്കളും രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ്‌ നേതാക്കളും കൂട്ടമായി പറന്നിറങ്ങിയിട്ടും എൽഡിഎഫിന്‌ ഒരു പോറലും ഏൽപ്പിക്കാനായില്ല. കോവിഡ്‌ ഭീഷണിപോലും മുഖവിലയ്‌ക്ക്‌ എടുക്കാതെ രണ്ട്‌ തവണയാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തിൽ പ്രചാരണത്തിനെത്തിയത്‌. ശബരിമല മുഖ്യവിഷയമാക്കി നേട്ടംകൊയ്യാനായിരുന്നു ശ്രമിച്ചത്‌. കേന്ദ്രമന്ത്രിമാർ തുരുതുരെ വന്നുപോയി. അതൊന്നും തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചില്ല.

പകരംവയ്‌ക്കാനില്ലാത്ത രാഷ്‌ട്രീയശക്തിയായി എൽഡിഎഫ്‌ മാറി എന്നതാണ്‌ വിധിയെഴുത്ത്‌. ജനങ്ങളുടെ വിശ്വാസവും ആത്മാർഥമായ നിലപാടുകളുമാണ്‌ ഇതിന്‌ വഴിയൊരുക്കിയത്‌. തങ്ങൾക്ക്‌ കരുതലേകാനാര്‌ എന്ന ചോദ്യത്തിന്‌ ജനങ്ങൾ അവരുടെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ മറുപടി നൽകി.

കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം കിട്ടുമോയെന്ന ചോദ്യത്തിന്‌ ‘അതുക്കുംമേലേ’ എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം അക്ഷരംപ്രതി അന്വർഥമായി. വികസനത്തിനും ക്ഷേമത്തിനും മുൻതൂക്കം നൽകുന്നതിനൊപ്പം ദേശീയതയും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കാൻ കെൽപ്പുള്ള രാഷ്‌ട്രീയ ശക്തിയായി എൽഡിഎഫിനെ ജനം കണ്ടു. സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ചർച്ചയാകാതിരിക്കാൻ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ജനങ്ങൾ അതിന്‌ നൂറിൽ നൂറ്‌ മാർക്ക്‌ നൽകി. കേരളത്തിലെ വിജയം ദേശീയ രാഷ്‌ട്രീയത്തിലും വലിയ ചലനങ്ങളുണ്ടാക്കും. ബിജെപി വിരുദ്ധ നീക്കങ്ങളിൽ മതേതര കക്ഷികളെ ഒന്നിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്ക്‌ 
ഇത്‌ കരുത്തുപകരും.


 

വോട്ടെണ്ണലിന്റെ  ഒരുഘട്ടത്തിലും 
എൽഡിഎഫ്‌ 85ൽ താഴെ പോയില്ല
ഞായറാഴ്ച പുലർച്ചെമുതൽ ചങ്കിടിപ്പോടെയാണ് ജനം കാത്തിരുന്നത്. ആകാംക്ഷയും ചങ്കിടിപ്പും മീറ്റർവച്ച്‌ അളക്കാവുന്ന അവസ്ഥ. എട്ടിന്‌ തപാൽവോട്ട്‌ എണ്ണാൻതുടങ്ങി. ആദ്യ സൂചന പ്രത്യക്ഷപ്പെട്ടു. 8.07ന്; കോഴിക്കോട് നോർത്തിൽ തോട്ടത്തിൽ രവീന്ദ്രൻ മുന്നിൽ. അതൊരു സൂചനതന്നെയായിരുന്നു. തൊട്ടടുത്ത നിമിഷം മഞ്ചേശ്വരത്തെ യുഡിഎഫ് ലീഡ് സൂചന. തുടർന്ന് വട്ടിയൂർക്കാവിന്റെ പ്രശാന്ത് മുന്നിൽ. വൈക്കത്ത് ആശ, ആറ്റിങ്ങലിൽ അംബിക, ധർമടത്ത് മുഖ്യമന്ത്രി പിണറായി, കളമശേരിയിൽ പിരാജീവ്, കഴക്കൂട്ടത്ത് കടകംപള്ളി, കോവളത്തും പേരാവൂരും യുഡിഎഫ്.... 8.30ന്‌ വോട്ടിങ് യന്ത്രത്തിലേക്ക് കടക്കുന്നതിനുമുമ്പേ ആശങ്കയ്‌ക്ക്‌ വിരാമം. കേരളം വീണ്ടും ചെങ്കതിരണിയുന്നു.

രാവിലെ 8. 30–- കുതിപ്പ്‌ തുടങ്ങി
25 സീറ്റ് ലീഡ്‌ വ്യത്യാസത്തിൽ എൽഡിഎഫ് വൻ കുതിപ്പ് നടത്തുന്നതാണ് കാണാനായത്. 10 ജില്ലയിലും എൽഡിഫ് വലിയ മുന്നേറ്റം. പത്തോടെ  90-–-47എന്ന നിലയിൽ. എൽഡിഎഫിന് വ്യക്തമായ മേൽക്കൈ.

11–- വീണ്ടുമുറപ്പിച്ചു

പതിനൊന്നോടെ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരണങ്ങളായി. പലരുടെയും സ്റ്റാറ്റസുകളിൽ ഇടതുതരംഗം. പൂഞ്ഞാർ ചരിത്രം തിരുത്തുമെന്ന സൂചനകൾ ആദ്യംമുതലേ ലഭിച്ചു. പാവങ്ങളുടെ വീടുപണി മുടക്കിയ അനിൽ അക്കര വടക്കാഞ്ചേരിയിൽ തറപറ്റുന്ന ചിത്രംവ്യക്തമായി. ഉടുമ്പൻചോലയിൽ മന്ത്രി മണിയാശാനെ ജനങ്ങൾ ആവേശത്തോടെ നെഞ്ചേറ്റുന്നു.

11. 30–- ഇടതുതരംഗം
പതിനൊന്നരയോടെ യുഡിഎഫ് ചാനലുകളും ഫ്ലാഷ് കാണിച്ചു; ‘ ഇടതുതരംഗം ’.
പന്ത്രണ്ടേടെ അഴീക്കോട്ട്‌ തർക്കമുണ്ടായതിനെത്തുടർന്ന് എണ്ണൽ നിർത്തിവച്ചെങ്കിലും പിന്നീട് കെ വി സുമേഷ് ലീഡ് ചെയ്യുന്ന വിവരങ്ങൾ പുറത്തുവന്നു.

12.30–- അക്കൗണ്ട്‌ ക്ലോസ്‌
1.30 ന് ലീഡ് 96–- 42-–- 02 എന്ന നിലയിലായി. ആവേശം കൊടുമുടിയിലെത്തി. പാലക്കാട്ട്‌ ഇ ശ്രീധരൻ   ലീഡ്‌ നിലനിർത്തി. നേമത്ത്‌ മാറിമറിഞ്ഞു. തൃശൂരിൽ ഒരു ഘട്ടത്തിൽ മുന്നിലെത്തിയെങ്കിലും സുരേഷ്‌ ഗോപി മൂന്നാമതായി.   

3.00–- ചുവന്നുതുടുത്തു
തൃത്താലയിൽനിന്ന്‌ ഫെയ്‌സ്‌ബുക്‌ കുറിപ്പ്‌ വന്നു; ജനവിധി അംഗീകരിക്കുന്നുവെന്ന്‌ വി ടി ബൽറാം കുറിച്ചു.  എം ബി രാജേഷും പ്രതികരിച്ചു; ‘ വിജയം എ കെ ജിക്ക്‌ സമർപ്പിക്കുന്നു.’ മൂന്നോടെ ഫോട്ടോ ഫിനിഷിങ്‌ മണ്ഡലങ്ങളിലും തീരുമാനമായി.  നേമം ശിവൻകുട്ടിക്ക്‌. കേരളം ചുവന്നു തുടുത്തു.

വൈകിട്ട്‌ 5) തവനൂരിൽ കെ ടി ജലീലും ചവറയിൽ സുജിത്‌ വിജയനും വിയത്തിലേക്ക്‌. എൽഡിഎഫ്‌ 99.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top