18 June Tuesday
നീക്കം കടുപ്പിച്ച‌് ഇന്ത്യ

പുൽവാമ ഭീകരാക്രമണം; ഹുറിയത്ത‌് നേതാക്കളുടെ സുരക്ഷ പിൻവലിച്ചു

എം പ്രശാന്ത‌്Updated: Monday Feb 18, 2019

ന്യൂഡൽഹി > പുൽവാമ ഭീകരാക്രമണങ്ങളെത്തുടർന്ന‌് പാകിസ്ഥാനെതിരായ നീക്കം കടുപ്പിച്ച‌് ഇന്ത്യ. കര–- നാവിക–- വ്യോമ സേനകളോട‌് സജ്ജരായിരിക്കാൻ നിർദേശം നൽകിയതായി സൂചനയുണ്ട‌്. ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും പരിശീലനം നടത്തിയിരുന്ന നാവികസേനാ കപ്പലുകളോട‌്  പരിശീലനം നിർത്തിവയ‌്ക്കാൻ ആവശ്യപ്പെട്ടു. സേനാവിഭാഗങ്ങൾ ആയുധം സംഭരിച്ച‌് തുടങ്ങിയതായും സൂചനയുണ്ട്‌. പുൽവാമ ആക്രമണത്തിൽ തിരിച്ചടിക്ക‌് സൈന്യത്തിന‌് സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്ന‌് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.

രണ്ട്‌ ഹുറിയത്ത‌് നേതാക്കളടക്കം കശ‌്മീരിലെ അഞ്ച്‌ വിഘടനവാദി നേതാക്കൾക്ക‌് നൽകിവന്ന സുരക്ഷ പിൻവലിച്ചു.  ഹുറിയത്ത‌് നേതാക്കളായ മിർവായിസ‌് ഉമർ ഫാറൂ‌ഖ‌്, അബ‌്ദുൾ ഗാനി ഭട്ട‌്, പീപ്പിൾസ‌് കോൺഫറൻസ‌് നേതാവ‌് ബിലാൽ ലോൺ, ജെകെഎൽഎഫ‌് നേതാവ‌് ഹാഷിം ഖുറേഷി, ജമ്മു -കശ‌്മീർ ഡെമോക്രാറ്റിക് ഫ്രീഡം പാർടി നേതാവ‌് ഷബീർ ഷാ എന്നിവർക്കുള്ള സുരക്ഷയും മറ്റ‌് സൗകര്യങ്ങളുമാണ‌് പിൻവലിച്ചത‌്. മിർവായിസിന‌് ഇസഡ‌് കാറ്റഗറി സുരക്ഷയും മറ്റുള്ളവർക്ക‌് വൈ കാറ്റഗറി സുരക്ഷയുമാണ‌് നൽകിയിരുന്നത‌്. ഞായറാഴ‌്ച വൈകിട്ട‌് ഇവരുടെ സുരക്ഷാസൈനികർ പിൻവാങ്ങി. ഭീകരസംഘടനകളിൽ നിന്നും ഹുറിയത്ത‌് നേതാക്കൾക്ക‌് ഭീഷണി ഉണ്ടായതിനെ തുടർന്നാണ‌് സുരക്ഷ ഏർപ്പെടുത്തിയിരുന്നത‌്. പാകിസ്ഥാനിൽ നിന്നും സഹായം സ്വീകരിക്കുന്നവർക്ക‌് സംരക്ഷണം നൽകേണ്ട എന്ന നിലപാടിന്റെ ഭാഗമായാണ‌് സുരക്ഷ പിൻവലിച്ചത‌്. 

തെഹ‌്‌രീകി ഹുറിയത്ത‌് നേതാവ‌് സയ്യിദ‌് അലിഷാ ഗീലാനി, ജെകെഎൽഎഫ‌് നേതാവ‌് യാസിൻ മാലിക് എന്നിവർ പിൻവലിക്കപ്പെട്ടവരുടെ പട്ടികയിലില്ല. ഗീലാനി നിലവിൽ വീട്ടുതടങ്കലിലാണ‌്. യാസിൻ മാലിക്കിന‌്  സുരക്ഷ നൽകിയിട്ടുമില്ല. പാകിസ്ഥാനിൽ നിന്നും ഐഎസ‌്ഐയിൽ നിന്നും ധനസഹായം ലഭിക്കുന്നവർക്ക‌് നൽകുന്ന സുരക്ഷ പുനഃപരിശോധിക്കുമെന്ന‌് ആഭ്യന്തര മന്ത്രി രാജ‌്നാഥ‌് സിങ‌് കഴിഞ്ഞദിവസം പ്രസ‌്താവിച്ചിരുന്നു.

പുൽവാമ ആക്രമണം ‘ആഘോഷിച്ച‌്’  വാട‌്സാപ്പിൽ ചിത്രങ്ങൾ പങ്കുവച്ച കശ‌്മീർ സ്വദേശികളായ നാലു വിദ്യാർഥിനികളെ രാജസ്ഥാനിൽ  ജയ‌്പൂർ പൊലീസ‌് കസ്റ്റഡിയിലെടുത്തു. ഉത്തർപ്രദേശിലെ അലിഗഢ്‌  മുസ‌്ലിം സർവകലാശാലകളിലെ കശ‌്മീർ സ്വദേശികളായ  വിദ്യാർഥികളോട‌് ക്യാമ്പസിനു പുറത്തിറങ്ങരുതെന്ന‌്  സർവ്വകലാശാല നിർദേശം നൽകി.

ജമ്മുവിൽ കർഫ്യൂ തുടരുന്നു


രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കശ‌്മീർ സ്വദേശികൾ ആക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച‌് താഴ‌്‌വരയിൽ ഞായറാഴ‌്ച വ്യാപാരി സംഘടനകൾ ബന്ദാചരിച്ചു.  സംഘർഷം നിലനിൽക്കുന്ന ജമ്മുവിൽ കർഫ്യൂ തുടരുകയാണ‌്. പുൽവാമ ആക്രമണത്തിൽ പരിക്കേറ്റ‌് ചികിൽസയിൽ കഴിയുന്ന അഞ്ച‌് സിആർപിഎഫ‌് ജവാൻമാർ അപകടനില തരണം ചെയ‌്തു. 

സുഷ്‌മ സ്വരാജ‌് ഇറാനിൽ


ഇതിനിടെ പാകിസ്ഥാനെ ഒറ്റപ്പെടുത്തുന്നതിനുള്ള നയതന്ത്രശ്രമങ്ങൾ ഇന്ത്യ ഞായറാഴ‌്ചയും സജീവമാക്കി.   യൂറോപ്പിലേക്ക‌് തിരിച്ച വിദേശകാര്യ മന്ത്രി സുഷ്‌മ സ്വരാജ‌് ഇറാനിൽ ഇറങ്ങി വിദേശ സഹമന്ത്രി സയ്യിദ‌് അബ്ബാസ‌് അരഗ‌്ചിയുമായി കൂടിക്കാഴ‌്ച നടത്തി.
ഭീകരവാദത്തെ ചെറുക്കുന്നതിന‌് അടുത്ത‌് സഹകരിക്കാൻ ധാരണയായതായി അരഗ‌്ചി ട്വിറ്ററിൽ പറഞ്ഞു. ഇറാനിൽ കഴിഞ്ഞ ദിവസം
27 സൈനികർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിന‌ു പിന്നിൽ പാകിസ്ഥാനും ഐഎസ‌്ഐയുമാണെന്ന‌് ഇറാൻ ആരോപിക്കുന്നു.
ജർമനിയിലെ മ്യൂണിക്കിൽ ചേരുന്ന സുരക്ഷാ ഉച്ചകോടിയിലും പുൽവാമ ആക്രമണത്തിന‌ു പിന്നിലെ പാക‌് പങ്കാളിത്തം ഇന്ത്യ മറ്റ‌് വിദേശരാജ്യങ്ങളെ ബോധ്യപ്പെടുത്തി. 

ചർച്ചയ‌്ക്ക‌് ഒരുക്കമെന്ന‌് പാകിസ്ഥാൻ


ഇന്ത്യയുമായി ചർച്ചയ‌്ക്ക‌് ഒരുക്കമാണെന്ന‌് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യകാര്യ ഉപദേശകൻ അബ‌്ദുൾ റസാഖ‌് ദാവൂദ‌് അറിയിച്ചു. ലോക വ്യാപാര സംഘടനയിൽ  വിഷയം ഉന്നയിക്കും.  വ്യാപാര മേഖലയിൽ പാകിസ്ഥാന‌് നൽകിയിരുന്ന സൗഹൃദരാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചതായി അറിവില്ലെന്ന‌് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വാണിജ്യകാര്യ ഉപദേശകൻ അബ‌്ദുൾ റസാഖ‌് ദാവൂദ‌് പ്രതികരിച്ചു. സൗഹൃദരാജ്യ പദവി പിൻവലിച്ചതിന‌ു പുറമെ പാകിസ്ഥാനിൽനിന്ന‌് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക‌് 200 ശതമാനം നികുതി ചുമത്താനും ഇന്ത്യ തീരുമാനമെടുത്തു.

കശ‌്മീർ സ്വദേശികൾക്ക‌് സംരക്ഷണം നൽകണം

കശ‌്മീർ സ്വദേശികൾക്ക‌് സംരക്ഷണമൊരുക്കണമെന്ന‌് സിപിഐ എം പൊളിറ്റ‌് ബ്യൂറോ ആവശ്യപ്പെട്ടു.  കശ‌്മീരിൽ നിന്നുള്ള വിദ്യാർത്ഥികളും ജനങ്ങളും പലയിടത്തും ആക്രമിക്കപ്പെടുകയാണ‌്. വിദ്വേഷ പ്രചാരണത്തിനും സംഘർഷത്തിനും മുതിരുന്നവർക്കെതിരെ കർക്കശമായ നടപടി സ്വീകരിക്കണം.

വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കരുത‌്


പുൽവാമയിൽ മരിച്ചവരുടെ ശരീരഭാഗങ്ങളെന്ന തരത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വ്യാജചിത്രങ്ങൾ പ്രചരിപ്പിക്കുന്നതിനെതിരെ സിആർപിഎ‌ഫ്‌ മുന്നറിയിപ്പ‌് നൽകി. പ്രചാരണം ശ്രദ്ധയിൽപ്പെട്ടാൽ webpro@crpf.gov.in   വിലാസത്തിലേക്ക‌് മെയിൽ അയക്കാൻ സിആർപിഎഫ‌്  അറിയിച്ചു.


പ്രധാന വാർത്തകൾ
 Top