23 March Thursday
സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിനാണ് അംഗങ്ങളെ പിരിച്ചുവിട്ടത്‌

പുതിയ സെനറ്റ്‌ അംഗങ്ങളെ ഗവർണർ നിർദേശിക്കരുത് ; ഹൈക്കോടതി വിലക്ക്

നിയമകാര്യ ലേഖികUpdated: Friday Oct 21, 2022


കൊച്ചി
കേരള സർവകലാശാല സെനറ്റ്‌ അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാന്റെ നടപടിയിൽ ഹൈക്കോടതി ഇടപെടൽ. പുറത്താക്കിയ 15 അംഗങ്ങൾക്കുപകരം പുതിയ അംഗങ്ങളെ ഗവർണർ നാമനിർദേശം ചെയ്യുന്നത് വിലക്കി. നടപടി നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട്‌ അംഗങ്ങൾ നൽകിയ ഹർജിയിലാണ്‌ ജസ്‌റ്റിസ്‌ മുരളി പുരുഷോത്തമന്റെ ഇടക്കാല ഉത്തരവ്‌. രണ്ട്‌ സിൻഡിക്കറ്റ്‌ അംഗങ്ങളേയും നാല്‌ എക്‌സ്‌ ഒഫീഷ്യോ അംഗങ്ങളേയും ഒമ്പത്‌ സ്ഥിരാംഗങ്ങളേയുമാണ്‌ ഗവർണർ പുറത്താക്കിയത്‌. രേഖകൾ ഹാജരാക്കാൻ ഗവർണർക്കുവേണ്ടി അഭിഭാഷകൻ സമയം തേടിയതിനെ തുടർന്ന് ഹർജി  31ന് പരിഗണിക്കാൻ മാറ്റി. 

വൈസ്‌ചാൻസലറെ തെരഞ്ഞെടുക്കാൻ ഗവർണർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌ നിയമവിരുദ്ധമാണെന്ന്‌ ഹർജിക്കാർ വാദിച്ചു. സെർച്ച്‌ കമ്മിറ്റിയിൽ യുജിസിയുടെയും ഗവർണറുടെയും സർവകലാശാലയുടെയും പ്രതിനിധിയടക്കം മൂന്നംഗങ്ങളാണ് വേണ്ടത്‌. എന്നാൽ, സർവകലാശാലയുടെ പ്രതിനിധിയില്ലാതെ മറ്റു രണ്ടുപേരെ ഉൾപ്പെടുത്തിയാണ്‌ ഗവർണർ സെർച്ച്‌ കമ്മിറ്റി രൂപീകരിച്ചത്‌. ഒരാളെ കൺവീനറുമാക്കി. ഇത്‌ ചോദ്യം ചെയ്‌തതിനാണ്‌ അംഗങ്ങളെ പിരിച്ചുവിട്ടത്‌. സർവകലാശാല പ്രതിനിധിയെ തെരഞ്ഞെടുക്കാൻ ഗവർണറുടെ നിർദേശപ്രകാരം സെനറ്റ്‌ യോഗം വിളിച്ചിച്ചെങ്കിലും ക്വാറം തികഞ്ഞില്ല. ഈയോഗത്തിൽ പങ്കെടുത്തില്ലെന്നപേരിലാണ്‌ പ്രതികാരനടപടി. സെനറ്റ്‌ യോഗം ചേരാൻ 10 ദിവസത്തെ മുൻകൂർ നോട്ടീസ്‌ നൽകണം. മുൻകൂട്ടി പറയുന്നവർക്ക്‌ അവധി അനുവദിക്കണം.

ഗവർണറുടെ പ്രീതി തത്വം എന്ന അധികാരം തോന്നിയതുപോലെ ഉപയോഗിക്കാൻ കഴിയില്ലെന്നും പിരിച്ചുവിടൽ പ്രതികാരനടപടി മാത്രമാണെന്നും ഹർജിക്കാർ വാദിച്ചു. ഈ വകുപ്പ്‌ അനുസരിച്ച്‌ എക്സ് ഒഫീഷ്യോ സെനറ്റ് അംഗങ്ങളുടെ നാമനിർദേശം പിൻവലിക്കാൻ ഗവർണർക്ക് കഴിയില്ല. ഒരിക്കൽ നാമനിർദേശം ചെയ്യപ്പെട്ട സെനറ്റ് അംഗങ്ങളെ പിൻവലിക്കാൻ ചാൻസലർക്ക് അധികാരമില്ല. അതിനാൽ, സെർച്ച്‌ കമ്മിറ്റി രൂപീകരിക്കാനുള്ള വിജ്ഞാപനവും ഇതോടനുബന്ധിച്ചുള്ള ഉത്തരവുകളും റദ്ദാക്കണമെന്ന്‌ ഹർജിക്കാർ ആവശ്യപ്പെട്ടു. ഗവർണറുടെ നടപടിക്കുപിന്നാലെ സെനറ്റ്‌ അംഗങ്ങളെ  നീക്കിക്കൊണ്ടുള്ള ഔദ്യോഗിക അറിയിപ്പ് രജിസ്ട്രാർ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top