27 February Thursday

മാന്യത കൈവിടാതെ അന്നത്തെ ഗവർണർ; ഇപ്പോഴോ?

കെ ശ്രീകണ‌്ഠൻUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > ഗവർണർമാരും സർക്കാരും തമ്മിലുള്ള തർക്കം രാജ്യത്ത്‌ പുതുമയല്ലെങ്കിലും, നടപടിക്രമത്തെച്ചൊല്ലി  ഗവർണർ ഏകപക്ഷീയനീക്കം തുടരുന്നത്‌ കേരളത്തിന്‌ ആദ്യ അനുഭവം. പൗരത്വ നിയമ വിഷയത്തിൽ സുപ്രീംകോടതിയെ സമീപിച്ചതിൽ ഗവർണർ സർക്കാരിനെതിരെ വാളോങ്ങിനിൽക്കുമ്പോൾ അദ്ദേഹത്തിന്റെ മുൻഗാമിയായ ജസ്റ്റിസ്‌ പി സദാശിവത്തിന്റെ വാക്കുകളാണ്‌ ഏറെ ശ്രദ്ധേയമാകുന്നത്‌. സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ പദവിയിൽനിന്ന്‌ കേരള ഗവർണർസ്ഥാനത്ത്‌ എത്തിയ ജസ്റ്റിസ്‌ സദാശിവത്തെപ്പോലെ ഭരണഘടന സൂക്ഷ്‌മമായി വിശകലനംചെയ്യാൻ ആരിഫ്‌ മൊഹമ്മദ്‌ ഖാന്‌ പറ്റിയോ എന്നതും ഗൗരവമേറിയ കാര്യമാണ്‌.

കേന്ദ്ര സർക്കാരിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ഗവർണറുടെ അനുവാദം വാങ്ങേണ്ടതില്ലെന്നാണ്‌ ജസ്റ്റിസ്‌ പി സദാശിവം വ്യക്തമാക്കിയത്‌. സുപ്രധാന വിഷയങ്ങൾ വരുമ്പോൾ ഗവർണറെ മുൻകൂട്ടി വിവരം അറിയിക്കാറുണ്ടെന്നാണ്‌ സ്വന്തം അനുഭവം മുൻനിർത്തി അദ്ദേഹം ചൂണ്ടിക്കാട്ടിയത്‌. ഗവർണറുടെ വാദം പാടെ നിരാകരിക്കുന്നതാണ്‌ ജസ്റ്റിസ്‌ സദാശിവത്തിന്റെ വാക്കുകൾ. യുഡിഎഫ്‌ സർക്കാരിന്റെ കാലത്താണ്‌ പി സദാശിവം ഗവർണറായി ചുമതലയേറ്റത്‌. പിന്നീട്‌ എൽഡിഎഫ്‌ വന്നപ്പോഴും അദ്ദേഹം തുടർന്നു. കാലാവധി അവസാനിച്ച്‌ മടങ്ങിയത്‌ കേരളത്തോടുള്ള സ്‌നേഹവായ്‌പ്‌ സുദൃഡമാക്കിയാണ്‌. സദാശിവത്തെയും ആരിഫ്‌ മൊഹമ്മദ്‌ ഖാനെയും കേരളത്തിൽ ഗവർണറായി നിയോഗിച്ചത്‌ മോഡി സർക്കാരാണ്‌. പക്ഷേ, രണ്ടുപേരുടെയും സമീപനം എത്രമാത്രം വിഭിന്നമാണെന്ന്‌ കേരളം കണ്ടറിയുകയാണ്‌.
സർക്കാരിനോട്‌ വിയോജിച്ചപ്പോഴും സൗമ്യതയുടെ അതിർവരമ്പ്‌ ലംഘിക്കാൻ സദാശിവം തയ്യാറായില്ല.

ശബരിമല സമരത്തിന്റെ ഭാഗമായി അക്രമം അരങ്ങേറിയപ്പോഴും രാഷ്‌ട്രീയ സംഘർഷങ്ങളും കൊലപാതകങ്ങളും ഉണ്ടായപ്പോഴും സർവകലാശാലകളിലെ മാർക്ക്‌ വിവാദവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലുമെല്ലാം മുൻ ഗവർണർ സർക്കാരിനോട്‌ വിശദീകരണം തേടിയിട്ടുണ്ട്‌. പലഘട്ടങ്ങളിലും അദ്ദേഹം സർക്കാരിനോട്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി, ചീഫ്‌ സെക്രട്ടറി, ഡിജിപി എന്നിവർ രാജ്‌ഭവനിലെത്തി വിശദീകരിക്കുന്നതോടെ അത്‌ അവസാനിക്കും. ഒരിക്കൽപ്പോലും വിവാദ വിഷയങ്ങളിൽ അദ്ദേഹം മാധ്യമങ്ങൾക്ക്‌ മുമ്പിൽ പരസ്യപ്രതികരണത്തിന്‌ മുതിർന്നിട്ടില്ല. മാത്രമല്ല, സർക്കാരിനോട്‌ അതൃപ്‌തി പ്രകടിപ്പിക്കുകയോ പരുഷമായി പെരുമാറുകയോ ചെയ്‌തിട്ടുമില്ല.

ഗവർണർ കേന്ദ്രത്തിന്റെ ആയുധമാകരുത്‌: എസ്‌ ആർ പി

കോഴിക്കോട്‌ > ഗവർണർ കേന്ദ്ര സർക്കാരിന്റെ ഉപകരണമായി മാറരുതെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രൻ പിള്ള പറഞ്ഞു. ഗവർണർ പഠിച്ചിട്ട് പ്രവർത്തിക്കുന്നതാണ് നല്ലത്.
യുഎപിഎ സംബന്ധിച്ച് സിപിഐ എം നിലപാടിൽ മാറ്റമില്ല. പാർടിയും സർക്കാരും രണ്ടാണ്. സർക്കാരിന് നിയമത്തിനും വ്യവസ്ഥകൾക്കും  അനുസരിച്ചേ പ്രവർത്തിക്കാനാകൂ–- എസ്‌ ആർ പി വാർത്താലേഖകരോട്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top